തിരുവനന്തപുരം: വിമർശനങ്ങൾക്ക് പിന്നാലെ പൃഥ്വിരാജ് നായകനായ 'കടുവ' സിനിമയിലെ വിവാദ സംഭാഷണം നീക്കം ചെയ്‌തു. വിവാദ സംഭാഷണം ഒഴിവാക്കിയുള്ള പകർപ്പ് സെൻസർ ബോർഡിന് നൽകി. സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയാൽ ഉടൻ പ്രിൻ്റ് മാറ്റുമെന്ന് പൃഥ്വിരാജ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇത്തരത്തിലുള്ള സംഭാഷണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും താരം പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണം ചിത്രത്തിൽ ഉൾപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നതായി പൃഥ്വിരാജിനൊപ്പം ചിത്രത്തിൻ്റെ സംവിധായകൻ ഷാജി കൈലാസും പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൃഥ്വിയും, ഷാജി കൈലാസും ഫേസ്‌ബുക്കിലൂടെ മാപ്പ് പറഞ്ഞിരുന്നു.
ബലാത്സംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബു വിഷയത്തിലും നടന്‍ പ്രതികരിച്ചു. വിജയ് ബാബു അമ്മ യോഗത്തിൽ പങ്കെടുത്തതിലെ ശരി തെറ്റിനെ കുറിച്ച് പറയാൻ താൻ ആളല്ല എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. താൻ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലും, വിജയ് ബാബുവിന് എതിരായ കേസിലും പൃഥ്വിരാജിന് രണ്ട് നിലപാടാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, 'നടിയെ ആക്രമിച്ച കേസിൽ ഇരയായ നടി തൻ്റെ സുഹൃത്താണ്... എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് തനിക്ക് അറിവുണ്ട്. അതുകൊണ്ടാണ് പിന്തുണച്ചത്. വിജയ് ബാബു വിഷയത്തിൽ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവ് മാത്രമാണുള്ളത്', എന്നാണ് പൃഥ്വി മറുപടി നല്‍കിയത്.
താൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയത് 'ലൂസിഫറി'ൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ്റെ' തിരക്കഥ വായിക്കാനാണ്. തിരക്കഥ തയ്യാറായി. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. 'കടുവ'യുടെ നിർമാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍, സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Also Read: 'തെറ്റ് തിരുത്താന്‍ ബാധ്യസ്ഥരാണ്..അതല്ലാതെ എന്ത് ചെയ്യാന്‍ പറ്റും'; തുറന്നുപറഞ്ഞ് ജിനു എബ്രഹാം