മുംബൈ: കാണികളില്‍ ആകാംക്ഷയുണർത്തിയ ട്രെയിലറിന് പിന്നാലെ നുഷ്രത് ബറൂച്ച (Nushrratt Bharuccha) നായികയാകുന്ന ചിത്രം 'അകേലി'യുടെ (Akelli) പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ. ഓഗസ്റ്റ് 25 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രം ഓഗസ്റ്റ് 18 ന് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാലിപ്പോൾ റിലീസ് നീട്ടിയിരിക്കുകയാണ്.
യുദ്ധത്തിൽ തകർന്ന ഇറാഖിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു ഇന്ത്യൻ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. എല്ലാ പ്രതിസന്ധികളെയും വെല്ലുവിളിച്ച് അതിജീവനത്തിനായി അവൾ നടത്തുന്ന പോരാട്ടവും 'അകേലി' വരച്ചുകാട്ടുന്നു. പ്രണയ് മേഷ്‌റാം (Pranay Meshram) ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിവിധ സിനിമകളിൽ അസോസിയേറ്റ് ഡയറക്‌ടറായി പ്രവർത്തിച്ചിട്ടുള്ള പ്രണയ് മേഷ്‌റാമിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് 'അകേലി'.
നുഷ്രത് ബറൂച്ചയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ പെൺകുട്ടിയ്‌ക്ക് ജീവൻ പകരുന്നത്. ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി സംബന്ധിച്ച് താരം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്ററും പങ്കുവച്ചു. 'ഓഗസ്റ്റ് 25, അകേലിയുടെ പുതിയ റിലീസ് തീയതി. അവളുടെ അതിജീവനത്തിന്‍റെ കഥ അവളുടെ ചുറ്റുമുള്ള അരാജകത്വത്തേക്കാൾ ഉച്ചത്തിൽ പ്രതിധ്വനിക്കുന്നു', പോസ്റ്റർ പങ്കിട്ടുകൊണ്ട് നുഷ്രത് ബറൂച്ച കുറിച്ചു.
ദശമി സ്റ്റുഡിയോസിന്‍റെ ബാനറിൽ നിതിൻ വൈദ്യ, നിനാദ് വൈദ്യ, അപർണ പദ്ഗോങ്കർ, വിക്കി സിദാന, ശശാന്ത് ഷാ എന്നിവർ ചേർന്നാണ് 'അകേലി'യുടെ നിർമാണം. കുടുംബത്തെ പോറ്റാൻ വേണ്ടി മാത്രം ജീവനുപോലും ഭീഷണിയുള്ള ലോകത്തേക്ക് പോകാൻ നിർബന്ധിതയായ ഒരു പെൺകുട്ടിയുടെ കഥയാണ് 'അകേലി' പറയുന്നതെന്ന് നിർമാതാവ് നിനാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. പീഡകരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ അവൾ കാണിക്കുന്ന ധൈര്യം ചിത്രം എടുത്തു കാണിക്കുമെന്നും ഒറ്റപ്പെട്ട ഒരു ഇന്ത്യൻ സ്‌ത്രീയുടെ നിശ്ചയ ദാർഢ്യത്തിലേക്ക് കൂടിയാണ് ചിത്രം വെളിച്ചം വീശുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
പ്രശസ്‌ത ഇസ്രയേലി പരമ്പരയായ 'ഫൗദ'യിലെ പ്രകടനത്തിലൂടെ ശ്രദ്ധേയരായ സാഹി ഹലേവിയും അമീർ ബൗട്രോസും 'അകേലി'യിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇരുവരുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 'അകേലി'. നിശാന്ത് ദാഹിയയും ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നു.
അതേസമയം ഇന്നോളം കാണാത്ത വേറിട്ട രൂപത്തിലും ഭാവത്തിലുമാണ് നുഷ്രത് 'അകേലി'യിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറിലും ട്രെയിലറിലുമെല്ലാം ഗംഭീര പ്രകടനമാണ് താരം കാഴ്‌ചവച്ചിരുന്നത്. മികച്ച ത്രില്ലർ അനുഭവമാകും 'അകേലി' കാഴ്‌ചക്കാർക്ക് സമ്മാനിക്കുക എന്ന ഉറപ്പും നൽകുന്നതായിരുന്നു ചിത്രത്തിന്‍റെ ട്രെയിലർ.
യുദ്ധത്തിൽ തകർന്ന ഒരു ഭൂമിയിൽ ചില സാഹചര്യങ്ങളാൽ കുടുങ്ങിപ്പോവുകയാണ് നുഷ്രത് അവതരിപ്പിക്കുന്ന നായിക കഥാപാത്രം. അവളുടെ ഈ സാഹചര്യങ്ങളിലൂടെയും രക്ഷപ്പെടാനായി നടത്തുന്ന പോരാട്ടങ്ങളിലൂടെയും ആണ് ചിത്രം കടന്നു പോവുക. നേരത്തെ 'അകേലി'യുടെ ഷൂട്ടിങ് അനുഭവം പങ്കുവച്ച് നുഷ്രത് രംഗത്തെത്തിയിരുന്നു.
'അകേലി' ഒരു വലിയ അനുഭവമായിരുന്നു എന്നും ഇതുവരെ ചെയ്‌തിട്ടുള്ള വേഷങ്ങളിൽ നിന്നെല്ലാം വളരെ അകലെ നിൽക്കുന്ന ഒന്നാണിതെന്നും ആയിരുന്നു താരത്തിന്‍റെ വാക്കുകൾ. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പലപ്പോഴും വൈകാരികമായി തളർത്തിയെന്നും പ്രേക്ഷകർക്ക് തന്‍റെ കഥാപാത്രത്തിന്‍റെ യാത്രയ്‌ക്കൊപ്പം ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നുതെന്നും നുഷ്രത് പറഞ്ഞിരുന്നു.