'ജൂബിലി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന...ന്യൂ ഡെൽഹി'..
മമ്മൂട്ടി എന്ന നടന്‍റെ ഉയർത്തെഴുന്നേൽപ്പായിരുന്നു അത്.. തുടർച്ചയായ പരാജയങ്ങൾക്ക് നടുവിൽ തീയേറ്ററുകളിലെത്തിയ ഒരു മമ്മൂട്ടിചിത്രം.. മെഗാസ്റ്റാർ പദവിയിലേക്ക് മമ്മൂട്ടിയെ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച സിനിമ.. ന്യൂ ഡെൽഹി..
സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കയറ്റിറക്കങ്ങൾ പതിവാണ്. എന്നാൽ മമ്മൂട്ടിക്ക് ഒരു കാലത്ത് പരാജയങ്ങളുടെ പരമ്പരകളായിരുന്നു. ഇറങ്ങുന്ന എല്ലാ സിനിമകളും തുടർച്ചയായി പരാജയപ്പെടുന്നു.. പിന്നീട് മമ്മൂട്ടി എന്ന നടനെ വച്ച് പലരും സിനിമ എടുക്കാൻ മടിച്ചു.. മമ്മൂട്ടി എന്ന പേര് കേട്ടാൽ കൂവിത്തുടങ്ങുന്ന ആളുകൾ.. ഒരു നടന്‍റെ ഇരുണ്ട കാലഘട്ടം. എന്നാൽ 36 വർഷം മുൻപ് ഇതേ ദിവസം ആ മഹാനടന്‍റെ തിരിച്ചുവരവാണ് സിനിമ ലോകം കണ്ടത്.. രാജകീയ തിരിച്ചുവരവ്..
1987ൽ ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയിൽ ജോഷിയൊരുക്കിയ ചിത്രമാണ് ന്യൂ ഡെൽഹി. സത്യം തുറന്നുകാട്ടാൻ ശ്രമിച്ചതിന്‍റെ പേരിൽ ജീവിതത്തിൽ നഷ്‌ടങ്ങൾ മാത്രം എഴുതിച്ചേർക്കേണ്ടി വരുന്ന ജികെ എന്ന ജി കൃഷ്‌ണമൂർത്തി എന്ന പത്രാധിപരുടെ പ്രതികാരകഥയാണ് ന്യൂ ഡെൽഹി എന്ന ചിത്രം പറയുന്നത്. ബോക്‌സോഫിസിൽ ഒരു കോടി ക്ലബ് ആദ്യമായി തുറന്ന മലയാള സിനിമ.
പാതി ചില്ല് തകർന്ന കണ്ണട, അങ്ങിങ്ങായി നരച്ച മീശയും താടിയും തലമുടിയും ഒടിഞ്ഞ കാലുകൾക്ക് താങ്ങിനായി കൊണ്ടുനടക്കുന്ന ഊന്നുവടി, പ്രതീക്ഷ തെല്ലുമില്ലാത്ത സംസാരം.. മമ്മൂട്ടി അവതരിപ്പിച്ച ജികെയുടെ ഇൻട്രോ സീൻ ഇങ്ങനെയാണ്. വലിയ ആക്ഷൻ രംഗങ്ങൾ ഒന്നുമില്ലാത്ത ജികെ.. നായകന്മാരുടെ പതിവ് രീതികൾ മാറ്റിയെഴുതിയായിരുന്നു ഡെന്നീസ് ജോസഫ് ജികെ എന്ന കഥാപാത്രത്തെ ഒരുക്കിയത്.
ഇൻട്രോ സീനിൽ ജികെയുടെ കണ്ണിൽ നഷ്‌ടബോധവും നിരാശയുമാണെങ്കിലും പിന്നീട് കഥ പോകുന്നത് വാർത്ത സൃഷ്‌ടിക്കുന്ന ഒരു ക്രിമിനൽ ജീനിയസായ മാധ്യമപ്രവർത്തകന്‍റെ പ്രതികാരത്തിലേക്കാണ്. തന്‍റെ ജീവിതം നശിപ്പിച്ചവരെ ഉന്മൂലനം ചെയ്യണമെന്ന ജികെയുടെ അടങ്ങാത്ത പകയുടെ കഥ.
'ക്രിയേറ്റർ .. സൃഷ്‌ടാവ്.. ദൈവം.. സുരേഷ് പറഞ്ഞത് ശരിയാണ്..ഐ ആം ഗോഡ്.. മീഡിയ ഗോഡ്.. ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്‌ക്കുന്നതും ഞാനാണ്..' ജികെ പറയുമ്പോൾ തീയേറ്ററിലിരുന്ന് കൈയ്യടിച്ചുപോയ പ്രേക്ഷകർ. ആക്ഷൻ രംഗങ്ങളോ ആരവങ്ങളോ ജികെയ്‌ക്ക് ഇല്ലെങ്കിലും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളായിരുന്നു അയാളുടേത്..സുരേഷ് ഗോപി, പ്രതാപ് ചന്ദ്രന്‍, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ ജോസ്, ദേവന്‍, സുമലത, ഉര്‍വശി, ത്യാഗരാജന്‍ എന്നിങ്ങനെ നീണ്ട താരനിരയായിരുന്നു ചിത്രത്തിലേത്.
'മമ്മൂട്ടിയുടെ ഗംഭീര തിരിച്ചെത്തൽ' : മമ്മൂട്ടിയെ ഇൻഡസ്ട്രിയിൽ തിരികെ കൊണ്ടുവരാനായി നിർമാതാവ് ജോയ് തോമസും സംവിധായകൻ ജോഷിയും ഒരു സിനിമയെടുക്കാൻ ആഗ്രഹിച്ചു. തുടർന്ന് മമ്മൂട്ടിക്കായി പല കഥകളും ആലോചിച്ചു. ഒടുവിൽ ന്യൂ ഡെൽഹിയിൽ എത്തിനിന്നു. പണ്ടെങ്ങോ വായിച്ചതോ കേട്ടറിഞ്ഞതോ ആയ ഒരു കഥയുടെ ത്രഡ് പിടിച്ചായിരുന്നു ഡെന്നീസ് ജോസഫ് കഥ പറഞ്ഞുതുടങ്ങിയത്.
പത്രം നടത്തി പൊളിഞ്ഞു പാളീസായ ഒരു ടാബ്ലോയ്‌ഡ് പത്രക്കാരൻ അമേരിക്കൻ പ്രസിഡന്‍റിനെ കൊല്ലാനായി ക്വട്ടേഷൻ കൊടുക്കുന്നു. അയാൾക്കായി മാത്രം ഒരു വാർത്ത സൃഷ്‌ടിക്കാൻ വേണ്ടി.. അയാളുടെ പത്രത്തിന്‍റെ പ്രചരണത്തിനായി ഭ്രാന്തമായ ചിന്തയിൽ പിറവിയെടുത്ത ആശയമായിരുന്നു അത്. പ്രസിഡന്‍റിന്‍റെ മരണം സംഭവിക്കുമെന്ന് കരുതിയ ദിവസത്തിന്‍റെ തലേദിവസം അയാൾ ആ വാർത്തയും ഉൾപ്പെടുത്തി പത്രം അടിച്ചു വക്കുന്നു. കൃത്യം നടത്താൻ തീരുമാനിച്ച സമയം കഴിഞ്ഞ് അരമണിക്കൂർ ആയപ്പോൾ അയാൾ പത്രം റിലീസ് ചെയ്‌തു. എന്നാൽ അയാൾ പ്രതീക്ഷിച്ചതുപോലെ അമേരിക്കൻ പ്രസിഡന്‍റ് കൊല്ലപ്പെട്ടില്ലെന്നു മാത്രമല്ല അയാളെയും കൂട്ടാളികളെയും പൊലീസ് പിടികൂടുകയും ചെയ്‌തു.
വെറും 22 ദിവസം കൊണ്ടാണ് ന്യൂ ഡെൽഹി ചിത്രീകരിച്ചത്. ഷൂട്ടിങ്ങിന് ശേഷം ഒരുപാട് നാൾ ചിത്രം എഡിറ്റിങ് ടേബിളിൽ ഇരുന്നു. പിന്നീട് എഡിറ്റിങ്ങും മറ്റ് പണികളെല്ലാം പൂർത്തിയായി.. ഡെന്നീസിനും ജോഷിക്കും സിനിമ ഇഷ്‌ടപ്പെട്ടിട്ടും ഒരു പേടി അവരെ വല്ലാതെ വന്നു മൂടി. അങ്ങനെ ഒരാളെ കൂടി പടം കാണിക്കാം എന്ന് തീരുമാനിക്കുന്നു. ഒടുവിൽ ചിത്രം പ്രിയദർശനെ കൂടി കാണിക്കുന്നു.
ആദ്യ മൂന്ന് റീലുകൾ കണ്ടപ്പോഴേ സിനിമ സൂപ്പർ ഹിറ്റാകുമെന്ന് പ്രിയനും വിധിയെഴുതി.. പ്രിയൻ ആദ്യം ഇത് വിളിച്ചറിയിച്ചത് അക്കാലത്ത് സൂപ്പർ സ്റ്റാർ പദവിയുടെ കൊടുമുടിയിലേക്ക് കയറുന്ന സാക്ഷാൽ മോഹൻലാലിനെ.. ഫോൺ എടുത്ത ലാലിനോട് പ്രിയദർശൻ പറഞ്ഞു.. 'നമ്മുടെ മമ്മൂട്ടി തിരിച്ചുവന്നൂട്ടോ..' ചിത്രം ജൂലൈ 24ന് പ്രദർശനത്തിനെത്തി.. തീയേറ്ററുകൾക്ക് മുന്നിൽ ജനപ്രളയം... മലയാള സിനിമ കണ്ട എക്കാലത്തെയും ക്ലാസിക് ആക്ഷൻ ത്രില്ലർ ചിത്രം ന്യൂ ഡെൽഹി പിറന്നു.. താരസിംഹാസനത്തിൽ മമ്മൂട്ടി എന്ന മെഗാസ്റ്റാർ...അതെ ഇന്ന് ന്യൂ ഡെൽഹിക്ക് 36 വയസ്..