പ്രഭാസ്-ഓം റാവത്ത് കൂട്ടുകെട്ടില്‍ നിര്‍മിക്കുന്ന ആദിപുരുഷ് ചിത്രത്തിനെതിരെയുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പിന്നാലെ ബോയ്കോട്ട് ആവശ്യപ്പെട്ട് ഒരുക്കൂട്ടം നെറ്റിസണ്‍സ്. പ്രഭാസ്, കൃതി സനോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണിത്. രാമായണത്തെ ആസ്‌പദമാക്കി ചിത്രീകരിക്കുന്ന സിനിമ പ്രഖ്യാപന വേള മുതല്‍ക്ക് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു.
അടുത്തിടെ സിനിമയുടെ ടീസര്‍ കൂടി പുറത്തിറങ്ങിയതോടെ നിര്‍മാതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നേരെ വിമര്‍ശന പെരുമഴയായിരുന്നു. മാത്രമല്ല 500 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് പ്രതീക്ഷിച്ചത് പോലുള്ള പ്രതികരണങ്ങളും ലഭിച്ചില്ലെന്നതാണ് വാസ്‌തവം. വിഎഫ്‌എക്‌സിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുളള സിനിമയുടെ ഗ്രാഫിക്‌സിനെതിരെയാണ് സിനിമ പ്രേമികള്‍ വിമര്‍ശനം പ്രകടിപ്പിച്ചത്.
ചിത്രത്തിലെ വിഎഫ്‌എക്‌സ് കണ്ടാല്‍ കാര്‍ട്ടൂണ്‍ പോലെയുണ്ടെന്നാണ് വിമര്‍ശനം. അതേസമയം രാമായണത്തെ തെറ്റായി ചിത്രീകരിക്കുന്നതാണ് ചിത്രമെന്നും ഒരു വിഭാഗം പറയുന്നു. രാമന്‍റെയും ലക്ഷ്‌മണന്‍റെയും വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി മറ്റൊരു വിഭാഗം സോഷ്യല്‍ മീഡിയയിലെത്തി.
രാമനും ലക്ഷ്‌മണനും ധരിച്ചിരുന്നത് ലതർ ഷൂസ് അല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ രാമായണത്തെ തെറ്റായി ചിത്രീകരിക്കുന്നത് രാമായണത്തിനും ഭാരതീയ സംസ്‌കാരത്തിനും നാണക്കേടാണെന്നും രാമയണത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വിമര്‍ശനങ്ങളെ തുടര്‍ന്ന് BoycottAdipurush, BanAdipurush തുടങ്ങിയ ഹാഷ്‌ടാഗുകളാല്‍ സമൂഹ മാധ്യമങ്ങളും നിറഞ്ഞു.
2023 ല്‍ റിലീസായി എത്തുന്ന ആദിപുരുഷില്‍ രാമന്‍റെ വേഷമിട്ടാണ് പ്രഭാസ് എത്തുന്നത്. സീതയായി കൃതി സിനോണും രാവണനായി സെയ്‌ഫ് അലി ഖാനും എത്തുന്നു. തന്‍ഹാജി; ദി അണ്‍സങ് വാരിയറിന് ശേഷം ഓം റാവത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദിപുരുഷ്.
ടി-സീരീസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്‌ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇതുവരെ നിർമിച്ചതിൽ ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.