മുംബൈ : പ്രശസ്‌ത ഗായിക ഫാൽഗുനി പഥക് അനശ്വരമാക്കിയ 'മേനേ പായൽ ഹേ ചങ്കൈ' എന്ന ഗാനം ഗായിക നേഹ കക്കര്‍ പുനരാവിഷ്‌കരിച്ചതില്‍ പ്രതിഷേധം പുകയുന്നു. ഓ സജ്‌ന' എന്ന പേരിലിറങ്ങിയ പതിപ്പ് ഗാനത്തിന്‍റെ ഒറിജിനലിനെ 'നശിപ്പിച്ചു' എന്നറിയിച്ച് നിരവധി ആരാധകരാണ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. അതേസമയം ഗാനത്തെ പുനഃസൃഷ്‌ടിച്ചതില്‍ അതൃപ്‌തിയുമായി ഗായിക ഫാൽഗുനി പഥക്കും രംഗത്തെത്തി.
1999 ൽ പുറത്തിറങ്ങിയ 'മേനേ പായൽ ഹേ ചങ്കൈ' എന്ന ഗാനത്തിന്‍റെ യഥാര്‍ഥ പതിപ്പില്‍ നടൻ വിവാൻ ഭട്ടേനയും നിഖില പാലട്ടുമാണ് അഭിനയിച്ചിരിക്കുന്നത്. കോളജ് ഫെസ്‌റ്റിവലിലെ പാവ ഷോയ്‌ക്ക് പശ്ചാത്തലമാക്കിയാണ് ചിത്രത്തില്‍ ഗാനം എത്തുന്നത്. ഗാനം അന്ന് വന്‍ ഹിറ്റായിരുന്നു. എന്നാല്‍ അടുത്തിടെ നേഹ കക്കര്‍ ആലപിച്ച് പുറത്തിറങ്ങിയ പതിപ്പില്‍ പ്രിയങ്ക് ശർമയും ധനശ്രീ വർമയും അഭിനയിച്ചിരുന്നു. മാത്രമല്ല പഴയ ഹിറ്റ് ഹിന്ദി ഗാനങ്ങൾ പുനഃസൃഷ്‌ടിക്കുന്നതിൽ പ്രശസ്‌തനായ തനിഷ്‌ക് ബാഗ്‌ചി തന്നെയാണ് ഓ സജ്‌നയും ഒരുക്കിയത്.
അതേസമയം, 90കളിലെ ഹിറ്റ് ട്രാക്ക് പാടി അലങ്കോലപ്പെടുത്തി എന്നുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ഫാൽഗുനി പഥക് ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലും പങ്കിട്ടിട്ടുണ്ട്. "നിങ്ങൾക്ക് എത്രത്തോളം പോകാനാകും നേഹ കക്കർ? ഞങ്ങളുടെ പഴയ ക്ലാസിക്കുകൾ നശിപ്പിക്കുന്നത് നിർത്തൂ" തുടങ്ങിയ കമന്‍റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.