സഹ നടിയായെത്തി നായിക നിരയിലേയ്‌ക്കുയര്‍ന്ന നടിയാണ് മലയാളികളുടെ പ്രിയതാരം രമ്യ നമ്പീശന്‍. മലയാളത്തിലെത്തി പിന്നീട് തമിഴിലും സാന്നിധ്യം അറിയിച്ച താരം ഏതാനും ഗാനങ്ങളും ആലപിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ കയറിക്കൂടിയത് വളരെ വേഗത്തിലായിരുന്നു. കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് പെട്ടെന്ന് രമ്യ നമ്പീശന്‍ സിനിമയില്‍ നിന്നും അപ്രത്യക്ഷമായി.
പിന്നീട് 2017ലാണ് താരം വെള്ളിത്തിരയില്‍ തിരികെയെത്തുന്നത്. ഇപ്പോള്‍ തന്‍റെ കരിയര്‍ ബ്രേക്കിനെ കുറിച്ച് തുറന്നു പറയുകയാണ് രമ്യ നമ്പീശന്‍. രമ്യ നമ്പീശന്‍റേതായി റിലീസിനൊരുങ്ങുന്ന 'ബി 32 മുതല്‍ 44 വരെ' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ നമ്പീശന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
'നമ്മളൊരു കാര്യത്തിന് വേണ്ടി നിലപാടുകളോടെ നില്‍ക്കുമ്പോള്‍ ഓര്‍ഗാനിക്കായി പല കാര്യങ്ങളും സംഭവിക്കും. എന്നെ സംബന്ധിച്ച് ചലഞ്ചുകള്‍ എനിക്ക് ഇഷ്‌ടമാണ്. നമ്മളെ അങ്ങനെയൊന്നും വീഴ്‌ത്താന്‍ പറ്റില്ല. ആ ഒരു കാര്യം പറഞ്ഞത് കൊണ്ടോ ഒപ്പം നിന്നത് കൊണ്ടോ സിനിമകള്‍ നഷ്‌ടമായേക്കാം. ഇടങ്ങള്‍ ഇല്ലാതാവും. അതില്‍ നിന്നും അതിജീവിക്കുക എന്നത് ഓര്‍ഗാനിക്കായി നടക്കണം.
ഒപ്പം നിന്നതില്‍ എന്താണ് തെറ്റ്. അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവട്ടെ. നമ്മള്‍ പണിയെടുക്കുന്നു. ചില ആളുകള്‍ വന്ന് ചോദിക്കും പടം ഒന്നും ഇല്ലേയെന്ന്. എന്താണ് ഇവര്‍ക്കിത്ര വിഷമം. എനിക്കിത്ര വിഷമം ഇല്ലല്ലോ എന്ന് ഞാന്‍ ആലോചിക്കും. ചിലര്‍ കണ്‍സേണ്‍ കൊണ്ടാണ് ചോദിക്കുന്നത്. എന്നാല്‍ ചിലര്‍ ഇവള്‍ക്കിട്ടൊരു കുത്ത് കൊടുക്കാമെന്ന് കരുതി ചോദിക്കുന്നതാണ്.
പല സാഹചര്യങ്ങള്‍ കൊണ്ടും സിനിമ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്ന ആളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകള്‍ എടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്‌ട്രിക്കൊരു പ്രത്യേക സ്വഭാവം ഉള്ളത് കൊണ്ട് പല കാര്യങ്ങളും നഷ്‌ടപ്പെടാം. അതിനെ വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടെയാണ് കാണുന്നത്.
പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് അതിജീവിത എന്ന് നമ്മള്‍ വിളിക്കുന്ന എന്‍റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. പ്രശ്‌നങ്ങളെ ധൈര്യത്തോടെ നേരിടണം. ഇവിടെ പിടിച്ചു നില്‍ക്കണം. ജോലി ചെയ്യുക എന്ന് തന്നെയാണ്. നമ്മുടെ നിലപാടുകള്‍ വച്ച് തന്നെ കാര്യങ്ങള്‍ ചെയ്യുക. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുക.
പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് കലക്‌ടീവ് പോലുള്ള സംരംഭം തുടങ്ങിയതും സംസാരിക്കുന്നതും. എല്ലാവര്‍ക്കും തുല്യപരിഗണ ലഭിക്കുന്ന മേഖലയായി മലയാളം ഇന്‍ഡസ്‌ട്രി മാറട്ടെ. ഞങ്ങളുടെ ആഗ്രഹവും അതാണ്. എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ഇന്‍ഡസ്‌ട്രിയില്‍ കൂടി ജോലി ചെയ്‌തത് കൊണ്ട് എനിക്ക് അവിടെ അവസരം കിട്ടി. വെറുതെ ഇരുന്നില്ല ഞാന്‍, സിനിമ ചെയ്യാന്‍ സാധിച്ചു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മലയാള സിനിമയില്‍ നിന്നും അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്.
സംവിധായിക ശ്രുതി ശരണ്യ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം കേരള സര്‍ക്കാരിന്‍റെ സാംസ്‌കാരിക വകുപ്പും കെഎസ്എഫ്‌ഡിസിയും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തില്‍ രമ്യ നമ്പീശനെ കൂടാതെ അനാര്‍ക്കലി മരയ്‌ക്കാര്‍, അശ്വതി ബി, സെറിന്‍ ഷിഹാബ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Also Read: 'കുടുംബം പോലെയുള്ള സുഹൃത്തുക്കള്‍'; മലയാളത്തിലെ പ്രിയ നടിമാര്‍ ഒന്നിച്ചപ്പോള്‍