ചെന്നൈ : മലയാളിക്ക് എക്കാലവും ഓർക്കാൻ ഒരുപിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ കെജെ ജോയ് അന്തരിച്ചു (Music director KJ Joy passes away). 77 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
പ്രശസ്‌ത സംഗീത സംവിധായകൻ എംഎസ് വിശ്വനാഥന്‍റെ അസിസ്റ്റന്‍റായി സംഗീത ലോകത്ത് എത്തിയ കെജെ ജോയ് 1975ല്‍ പുറത്തിറങ്ങിയ ലവ് ലെറ്റർ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം ചെയ്‌തത്. മലയാളി ഗാനാസ്വാദകര്‍ നെഞ്ചേറ്റിയ കസ്‌തൂരി മാന്‍മിഴി (മനുഷ്യ മൃഗം), സ്വര്‍ണ മീനിന്‍റെ ചേലൊത്ത കണ്ണാളേ (സര്‍പ്പം), എന്‍ സ്വരം പൂവിടും ഗാനമേ (അനുപല്ലവി), അക്കരെ ഇക്കരെ നിന്നാലെങ്ങനെ (ഇതാ ഒരു തീരം) തുടങ്ങിയ മെലഡികള്‍ മലയാള സിനിമ ലോകത്ത് കെജെ ജോയിയുടെ പേര് അടയാളപ്പെടുത്താന്‍ പോന്നവയായി (Hit songs by KJ Joy). മലയാളത്തിലെ പ്രമുഖരായ പല സംഗീത സംവിധായകര്‍ക്കും ഒപ്പം കെജെ ജോയിയുടെ ഇരിപ്പിടവും ഭദ്രമായിരുന്നു.
തുടക്ക കാലത്ത് എംഎസ് വിശ്വനാഥന്‍റെ ഗാനങ്ങളില്‍ അക്കോര്‍ഡിയന്‍ ആര്‍ട്ടിസ്റ്റായിരുന്നു ജോയ്. ജോയിയുടെ കഴിവ് തിരിച്ചറിഞ്ഞ എംഎസ്‌വി അധികനാള്‍ അക്കോര്‍ഡിയന്‍ ആര്‍ട്ടിസ്റ്റ് ആയി തുടരാന്‍ ജോയിയെ അനുവദിച്ചില്ല. സംഗീത സംവിധാനത്തിലേക്ക് ജോയിയെ അദ്ദേഹം വഴിതിരിച്ച് വിടുകയായിരുന്നു. പിന്നീട് മലയാളക്കര കണ്ടത്, തലമുറകള്‍ വരെ ഏറ്റുപാടുന്ന തരത്തിലേക്ക് അമരത്വം നേടിയ ഒരുപിടി എവര്‍ഗ്രീന്‍ മെലഡികള്‍.
ഒരു സംഗീത സാഗരം പോലെ ഒഴുകിയ ജോയ്. ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണ മൂര്‍ത്തി, സലില്‍ ചൗധരി, ബാബുരാജ്, എടി ഉമ്മര്‍, എംകെ അര്‍ജുനന്‍ എന്നീ അതുല്യ പ്രതിഭകളുടെ കാലത്തായിരുന്നു ജോയിയുടെയും സംഗീത യാത്ര. പത്താമുദയം, അട്ടിമറി, മറ്റൊരു കര്‍ണന്‍, ശക്തി, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിങ് ബോയിങ്, ചന്ദനച്ചോല, ഇവന്‍ എന്‍റെ പ്രിയപുത്രന്‍, മുക്കുവനെ സ്‌നേഹിച്ച ഭൂതം, സായൂജ്യം, സര്‍പ്പം, ഇതാ ഒരു തീരം, ഹൃദയം പാടുന്നു, ആരാധന, മനുഷ്യ മൃഗം, സ്‌നേഹ യമുന തുടങ്ങി 200ഓളം ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.
എഴുപതുകളില്‍ മലയാള സിനിമയില്‍ കീബോര്‍ഡ് ഉപയോഗിച്ച സംഗീത സംവിധായകന്‍, അങ്ങനെയാണ് കെജെ ജോയ് സംഗീത ലോകത്തെ 'ടെക്‌നോ മ്യുസീഷ്യനാ'കുന്നത്. ചില മെലഡി ഗാനങ്ങള്‍ക്ക് നല്‍കിയ പാശ്ചാത്യ ടച്ചും ജോയിയുടെ ഗാനങ്ങള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഓര്‍മിക്കപ്പെടുന്നതിന് കാരണമായി. 1994ല്‍ പുറത്തിറങ്ങിയ പിജി വിശ്വംഭരന്‍റെ ദാദ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട് സംഗീത സംവിധാനത്തില്‍ നിന്ന് വിരമിച്ച ജോയ് പക്ഷാഘാതത്തോട് പൊരുതി മരണത്തിന് കീഴടങ്ങുകയായിരുന്നു. മലയാളികളെ ഹരം കൊള്ളിച്ച, കൂടെ പാടാനും നൃത്തം ചെയ്യാനും പ്രേരിപ്പിച്ച ഒട്ടനവധി ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചാണ് മഹാരഥന്‍ അരങ്ങൊഴിയുന്നത്.