മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ പിറന്നാള്‍ നിറവില്‍. നടിയുടെ 45-ാമത് ജന്മദിനമാണ് ഇന്ന്. ഈ വേള ആഘോഷമാക്കുകയാണ് താരത്തിന്‍റെ ആരാധകര്‍. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പടെ നിരവധി പേര്‍ ഇതിനോടകം തന്നെ പിറന്നാള്‍ ആശംസകളും സമ്മാനങ്ങളും സര്‍പ്രൈസുകളുമായി താരത്തെ തേടി എത്തി (Manju Warrier Turns 45).
ജനനം തമിഴ്‌നാട്ടില്‍ : തമിഴ്‌നാട്ടിലെ നാഗർകോവിലിൽ മലയാളി ദമ്പതികളായ മാധവ വാര്യരുടെയും ഗിരിജ വാര്യരുടെയും മകളായി 1978 സെപ്റ്റംബർ 10നായിരുന്നു ജനനം. തൃശൂർ ജില്ലയിലെ പുള്ള് ഗ്രാമവാസികളാണ് മഞ്ജുവിന്‍റെ കുടുംബം.
തമിഴ്‌നാട്ടില്‍ നിന്ന് കണ്ണൂരിലേക്ക് : നാഗർകോവിലിലെ സിഎസ്‌ഐ മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് അച്ഛന് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചതോടെ കുടുംബം കേരളത്തിൽ തിരിച്ചെത്തി കണ്ണൂരിൽ സ്ഥിരതാമസമാക്കി. ശേഷം കണ്ണൂരിലെ ചിന്മയ വിദ്യാലയത്തിലും, ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിലുമായിരുന്നു മഞ്ജുവിന്‍റെ പഠനം.
17-ാം വയസ്സില്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം : നടി, നര്‍ത്തകി എന്നീ നിലകളില്‍ പേരെടുത്ത മഞ്ജു വാര്യര്‍ 17-ാം വയസില്‍ സിനിമയില്‍ അരങ്ങേറി. 1995ല്‍ 'സാക്ഷ്യം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മഞ്ജു, പിന്നീടിങ്ങോട്ട് തന്‍റെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു. 18-ാം വയസില്‍ ദിലീപ് നായകനായ 'സല്ലാപം' (1996) എന്ന സിനിമയിലൂടെ നായികാവേഷം അവതരിപ്പിച്ച്, മലയാള സിനിമയില്‍ തന്‍റേതായൊരിടം കണ്ടെത്തി.
സംസ്ഥാന ദേശീയ അംഗീകാരങ്ങള്‍ : 'ഈ പുഴയും കടന്ന്' (1996) എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് മഞ്ജുവിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. പിന്നീട് 1999ൽ 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹയായി.
തൊണ്ണൂറുകളിലെ നക്ഷത്ര തിളക്കം : തൊണ്ണൂറുകളില്‍ തിളങ്ങിയ മലയാള നടിമാരില്‍ പ്രധാനിയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ബിജു മേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്‌തു. മോഹൻലാലിനൊപ്പം 'ആറാം തമ്പുരാൻ' (1997), 'കന്മദം' (1998), ദിലീപിനൊപ്പം 'കുടമാറ്റം' (1997), ജയറാമിനൊപ്പം 'കളിയാട്ടം' (1997), 'ദില്ലിവാല രാജകുമാരൻ' (1996), 'കളിവീട്' (1996), 'തൂവൽ കൊട്ടാരം' (1996), 'ഇരട്ടക്കുട്ടികളുടെ അച്ഛന്‍' (1997), 'കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997), 'സമ്മര്‍ ഇന്‍ ബത്‌ലഹേം' (1998), 'പ്രണയവർണ്ണങ്ങൾ' (1998), 'ദയ' (1998), 'പത്രം' (1999) എന്നിവയായിരുന്നു തൊണ്ണൂറുകളിലെ മഞ്ജുവിന്‍റെ മികച്ച ചിത്രങ്ങള്‍.
5 വര്‍ഷത്തെ അഭിനയ ജീവിതത്തോട് വിട : എന്നാല്‍ 1999ല്‍ താരം തന്‍റെ അഭിനയ ജീവിതം ഉപേക്ഷിച്ചു. നടന്‍ ദിലീപുമായി 1998ല്‍ വിവാഹിതയായ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മഞ്ജു. മലയാള സിനിമയില്‍ വെറും അഞ്ച് വര്‍ഷക്കാലം മാത്രമായിരുന്നു സജീവമെങ്കിലും ഇക്കാലയളവില്‍ 20 സിനിമകളില്‍ അഭിനയിച്ചു. വേഷമിട്ട ഓരോ ചിത്രങ്ങളിലൂടെയും മഞ്ജു പ്രേക്ഷകരുടെ സ്നേഹവായ്‌പുകള്‍ ഏറ്റുവാങ്ങി.
15 വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്യത്തിലൂടെ മടക്കം : 15 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മഞ്ജു പരസ്യം ചെയ്‌താണ് തിരിച്ചെത്തിയത്. 2014ല്‍ ദിലീപുമായുള്ള വിവാഹ മോചനശേഷം, കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ ബിഗ് ബി അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു.
തിരിച്ചുവരവ് ശക്തമായ കഥാപാത്രത്തിലൂടെ : അതേവര്‍ഷം തന്നെ റോഷന്‍ ആന്‍ഡ്രൂസിന്‍റെ 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന സിനിമയിലൂടെ ശക്തമായ വേഷം അവതരിപ്പിച്ച് മഞ്ജു വാര്യര്‍ സിനിമയില്‍ മടങ്ങിയെത്തി. 'ഹൗ ഓള്‍ഡ് ആര്‍ യൂ'വിലൂടെ മഞ്ജു നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങി. തൊട്ടടുത്ത വര്‍ഷം 2015ല്‍ മോഹൻലാലിനൊപ്പം സത്യന്‍ അന്തിക്കാടിന്‍റെ 'എന്നും എപ്പോഴും' എന്ന സിനിമയില്‍ വേഷമിട്ടു.
17 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം : ഈ ചിത്രത്തിലൂടെ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ മോഹന്‍ലാലിനൊപ്പം സിനിമയില്‍ ഒന്നിച്ചഭിനയിച്ചത്. അതേ വര്‍ഷം തന്നെ റിമ കല്ലിങ്കലിനൊപ്പം ആഷിഖ് അബു ചിത്രം 'റാണി പദ്‌മിനി'യിലും, റോജിന്‍ തോമസിന്‍റെ 'ജോ ആന്‍ഡ് ദി ബോയി'ലും (2015)വേഷമിട്ടു. 2016ൽ പുറത്തിറങ്ങിയ രാജേഷ് പിള്ളയുടെ 'വേട്ട' എന്ന സിനിമയിലൂടെ മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് കുപ്പായവും അണിഞ്ഞു. 'വേട്ട'യിലെ താരത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരിച്ചുവരവിന് ശേഷം കൈ നിറയെ ചിത്രങ്ങള്‍ : 2014ല്‍ സിനിമയില്‍ മടങ്ങിയെത്തിയ മഞ്ജു വാര്യര്‍ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഓരോ വര്‍ഷവും കൈ നിറയെ ചിത്രങ്ങളുമായി മഞ്ജുവിന്‍റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. 2017ല്‍ 'C/O സൈറ ബാനു', 'ഉദാഹരണം സുജാത', 'വില്ലന്‍', 2018ല്‍ 'ആമി', 'മോഹന്‍ലാല്‍', 'ഒടിയന്‍', 2019ല്‍ 'ലൂസിഫര്‍', ധനുഷ് നായകനായ തമിഴ് ചിത്രം 'അസുരന്‍', 'പ്രതി പൂവങ്കോഴി', 2021ല്‍ 'ദി പ്രീസ്‌റ്റ്', 'ചതുര്‍ മുഖം', 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം', 2022ല്‍ 'ലളിതം സുന്ദരം', 'മേരി ആവാസ് സുനോ', 'ജാക്ക് ആന്‍ഡ് ജില്‍', 2023ല്‍ 'തുനിവ്', 'ആയിഷ', 'വെള്ളരി പട്ടണം' എന്നിവയാണ് മഞ്ജു നായികയായെത്തിയ ചിത്രങ്ങള്‍.
അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും തിളങ്ങി : 1999ലെ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തിലെ 'ചെമ്പഴുക്കാ ചെമ്പഴുക്കാ...' എന്ന ഗാനം ആലപിച്ചും മഞ്ജു പ്രേക്ഷകപ്രീതി നേടിയിരുന്നു. പിന്നീട് 2022ല്‍ 'ജാക്ക് ആൻഡ് ജിൽ' എന്ന സിനിമയ്ക്കായി ആലപിച്ച 'കിം കിം കിം...' എന്ന ഗാനത്തിലൂടെയും മഞ്ജുവിന്‍റെ ജനപ്രീതി വര്‍ദ്ധിച്ചു.
പുരസ്‌കാര നേട്ടങ്ങള്‍ : പതിനാല് വര്‍ഷക്കാലത്തെ അഭിനയ ജീവിതത്തിനിടയില്‍ നിരവധി പുരസ്‌കാരങ്ങള്‍ മഞ്ജു സ്വന്തമാക്കി.
- കണ്ണെഴുതി പൊട്ടും തൊട്ട് (1999) - ദേശീയ ചലച്ചിത്ര പുരസ്‌കാരജൂറിയുടെ പ്രത്യേക പരാമര്‍ശം
- ഈ പുഴയും കടന്ന് (1996) - കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടി
- സല്ലാപം, ഈ പുഴയും കടന്ന്, തൂവല്‍ കൊട്ടാരം (1996) - മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്
- കണ്ണെഴുതി പൊട്ടും തൊട്ട് (1999) - ജൂറിയുടെ പ്രത്യേക പരാമര്‍ശം (കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്)
- ഉദാഹരണം സുജാത, C/O സൈറ ബാനു (2017) - മികച്ച നടി (കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്)
- പ്രതി പൂവങ്കോഴി (2019) - മികച്ച നടി (കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്)