മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിക്ക് ഇന്ന് മുതല്‍ പുതിയ ലോഗോ. വിഷു ദിനത്തിലാണ് മമ്മൂട്ടി പുതിയ ലോഗോ പരിചയപ്പെടുത്തിയത്. ആഷിഫ് സലിമാണ് മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
മമ്മൂട്ടി കമ്പനി നേരത്തെ ഉപയോഗിച്ചിരുന്ന ലോഗോയ്‌ക്കെതിരെ കോപ്പിയടി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലോഗോ പിന്‍വലിച്ച് പുതിയ ലോഗോ പുറത്തിറക്കിയത്. സിനിമ ചര്‍ച്ച ഗ്രൂപ്പായ മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാ ബേസിലൂടെ ജോസ്‌മോന്‍ വാഴയില്‍ എന്ന വ്യക്തിയാണ് ലോഗോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.
2021ല്‍ ഡോ.സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും ചില സിനിമ കാഴ്‌ചകള്‍' എന്ന പുസ്‌തകത്തിന്‍റെ കവറിലും ഇതേ ലോഗോ ഡിസൈന്‍ ഉണ്ടായിരുന്നതായാണ് ആരോപണം.
ജോസ്‌മോന്‍ വാഴയില്‍ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഫ്രീപിക്, വെക്‌റ്റര്‍സ്‌റ്റോക്, പിക്‌സ്‌റ്റാസ്‌റ്റോക്, അലാമി എന്നീ സൈറ്റില്‍ ഏതില്‍ നിന്നോ എടുത്ത ക്രിയേറ്റീവിന്‍റെ ഉള്ളില്‍ മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി കാണിക്കുക മാത്രമാണ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത് എന്നും മലയാളത്തില്‍ തന്നെ അതേ ഡിസൈന്‍ ഇതിന് മുമ്പ് ഉപയോഗിച്ചതായി കാണാമെന്നും ജോസ്‌മോന്‍ ചൂണ്ടിക്കാട്ടി.
മമ്മൂട്ടി കമ്പനി പോലൊരു പ്രമുഖ നിര്‍മാണ കമ്പനിയ്‌ക്ക് തനതായ ഐഡന്‍റിറ്റി ഇല്ലാതെ പോയതില്‍ വിഷമം ഉണ്ടെന്നും ഇതെങ്ങനെ സംഭവിച്ചുവെന്ന സംശയവും പങ്കുവയ്‌ക്കുന്നതായും ജോസ്‌മോന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
അതേസമയം മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'കണ്ണൂര്‍ സ്ക്വാഡി'ന്‍റെ പുതിയ അപ്‌ഡേറ്റ് ഇന്ന് പുറത്തിറങ്ങും. ഇന്ന് വൈകിട്ട് ആറ് മണിക്ക് 'കണ്ണൂര്‍ സ്ക്വാഡി'ന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങും. മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം സിനിമയുടെ പുതിയ പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്. ഒരു കൈ വിലങ്ങിന്‍റെ ചിത്രമാണ് പ്രഖ്യാപന പോസ്‌റ്ററില്‍ കാണാനാവുക.
അടുത്തിടെ 'കണ്ണൂര്‍ സ്ക്വാഡി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. വയനാട്ടിലായിരുന്നു സിനിമയുടെ അവസാന ഷെഡ്യൂളിന്‍റെ ചിത്രീകരണം. പത്ത് ദിവസത്തെ ഷെഡ്യൂളായിരുന്നു വയനാട്ടില്‍. പൂനെയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു വയനാട്ടിലെ ചിത്രീകരണം. സിനിമയുടെ ഏതാനും രംഗങ്ങള്‍ എറണാകുളത്തും ചിത്രീകരിച്ചിരുന്നു. കണ്ണൂര്‍, കൊച്ചി, വയനാട്, പാലാ, അതിരപ്പിള്ളി പൂനെ, മുംബൈ, എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ഛായാഗ്രാഹകനായ റോബി വര്‍ഗീസ് ആണ് സിനിമയുടെ സംവിധാനം. നടന്‍ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കും.
മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. ജിയോ ബേബി സംവിധാനം ചെയ്‌ത 'കാതല്‍', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം', നിസാം ബഷീറിന്‍റെ 'റോഷാക്ക്' എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച മറ്റ് ചിത്രങ്ങള്‍.
Also Read: മലൈകോട്ടെ വാലിബന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി മമ്മൂട്ടി; കൈ വിലങ്ങുമായി താരം