എറണാകുളം : ഭീഷ്‌മപര്‍വ്വത്തിന്‍റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മമ്മൂട്ടി. അമല്‍ നീരദ് സംവിധാനം ചെയ്‌ത മാസ് ആക്ഷന്‍ ചിത്രം നൂറ് കോടിയിലധികം കളക്ഷനാണ് നേടിയത്. ഭീഷ്‌മപര്‍വ്വത്തിന് പിന്നാലെ സിബിഐ ഫൈവും തിയേറ്ററുകളില്‍ തരംഗമായി മാറി. മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് മമ്മൂക്ക.
ബിഗ് ബജറ്റ് സിനിമകള്‍ക്കൊപ്പം തന്നെ കലാമൂല്യമുളള സിനിമകളിലും നടന്‍ ഭാഗമാവുന്നു. അഭിനയത്തോടുളള അടങ്ങാത്ത അഭിനിവേശമാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാജീവിതത്തില്‍ പഴയ അതേ ഊര്‍ജസ്വലതയോടെ നടന്‍ ഇപ്പോഴും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു.
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുളള നന്‍പകല്‍ നേരത്ത് മയക്കം ആരാധകരും സിനിമാപ്രേമികളും ഒരേപോലെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്. ആദ്യമായാണ് മലയാളത്തില്‍ ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്‌ത വേഷപ്പകര്‍ച്ചയും അഭിനയപ്രകടനവും ഉളള ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
കൂടാതെ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന സിനിമയുടെ ഫസ്റ്റ്ലുക്കും ആരാധകരെ ത്രില്ലടിപ്പിച്ചു. മുഖംമൂടി അണിഞ്ഞുകൊണ്ട് നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണിച്ചത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ സിനിമകളെ കുറിച്ചുളള ചോദ്യത്തിന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് മമ്മൂട്ടി.
രണ്ട് സിനിമകളെ കുറിച്ചും ഇപ്പോള്‍ ഒന്നും പുറത്തുവിടാന്‍ പറ്റുന്ന അവസ്ഥയല്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിന്‍റെ പേരിനെ കുറിച്ചോ കഥയെപ്പറ്റിയോ ഒന്നും പറയാന്‍ പറ്റില്ലെന്നും മമ്മൂക്ക പറയുന്നു. എവിടെ തൊട്ടാലും പൊളിയും. അതുകൊണ്ട് സിനിമ പുറത്തുവരുന്നത് വരെ കാത്തിരിക്കൂ എന്ന് മാത്രമേ പറയാന്‍ പറ്റൂ. ഈ രണ്ട് സിനിമകളും മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് - നടന്‍ കൂട്ടിച്ചേര്‍ത്തു.