മലയാളത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. മാസ് എന്‍റര്‍ടെയ്‌നറുകള്‍ക്കൊപ്പം തന്നെ ശക്തമായ പ്രമേയം പറഞ്ഞ സിനിമകളും റിലീസിനെത്തി. കൊവിഡ് പ്രതിസന്ധികളെല്ലാം അതിജീവിച്ച് തിയേറ്ററുകള്‍ ഒന്നുകൂടി ഉണര്‍ന്ന സമയമായിരുന്നു ഇത്. ബോക്‌സോഫീസിലേക്ക് പ്രേക്ഷകരെ തിരിച്ചുകൊണ്ടുവരാന്‍ ചില ബ്ലോക്‌ബസ്റ്റര്‍ സിനിമകള്‍ക്ക് സാധിച്ചു. അമ്പത് ശതമാനം സീറ്റുകള്‍ അനുവദിച്ച സമയത്തും പിന്നീടത് നൂറ് ശതമാനമാക്കിയ സമയത്തും മികച്ച കലക്ഷനാണ് ഈ ഹിറ്റ് ചിത്രങ്ങള്‍ സ്വന്തമാക്കിയത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെല്ലാം ഈ വര്‍ഷം സിനിമകളുമായി എത്തി. മുന്‍നിര താരങ്ങളില്‍ ചിലര്‍ നിരാശപ്പെടുത്തിയപ്പോള്‍ മറ്റുചിലര്‍ ബോക്‌സോഫീസില്‍ വലിയ നേട്ടമുണ്ടാക്കി. വലിയ ഹൈപ്പുകളില്ലാതെ വന്ന് തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ സിനിമകളും ഉണ്ടായി. 2022 ആദ്യ പകുതിയില്‍ തരംഗമായ മലയാള സിനിമകള്‍ നോക്കാം, തുടര്‍ന്ന് വായിക്കൂ...
സൂപ്പര്‍ ശരണ്യ; തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വമ്പന്‍ വിജയത്തിന് പിന്നാലെ സംവിധായകന്‍ ഗിരീഷ് എഡി ഒരുക്കിയ ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'. അനശ്വര രാജന്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമ ബോക്‌സോഫീസില്‍ വിജയം നേടി. കോളജ് പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ കോമഡിയും, പ്രണയവും, സൗഹൃദവും എല്ലാം ഇടകലര്‍ത്തിയുളള കളര്‍ഫുള്‍ ചിത്രമാണ്. അനശ്വരയ്‌ക്ക് പുറമെ അര്‍ജുന്‍ അശോകന്‍, മമിത ബൈജു, നസ്‌ലെന്‍, വിനീത് വിശ്വം, ആന്‍റണി വര്‍ഗീസ് ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ചു. ചെറിയ ബജറ്റില്‍ നിര്‍മിച്ച സൂപ്പര്‍ ശരണ്യ ബോക്‌സോഫീസ് കലക്ഷനിലും നേട്ടമുണ്ടാക്കി.
ഹൃദയം; പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ 'ഹൃദയം' ഈ വര്‍ഷം ആദ്യ പകുതിയില്‍ വലിയ തരംഗമുണ്ടാക്കിയ ചിത്രമാണ്. അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് തന്നെ എഴുതിതളളിയവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് ഹൃദയത്തിലൂടെ പ്രണവ് നല്‍കിയത്. നടന്‍റെ കരിയറിലെ രണ്ടാമത്തെ അമ്പത് കോടി ചിത്രമായും സിനിമ മാറി. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍, അശ്വത് ലാല്‍, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ജോണി ആന്‍റണി ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഭീഷ്‌മപര്‍വം; കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളില്‍ നൂറ് ശതമാനം കാണികളെ അനുവദിച്ചുളള സര്‍ക്കാര്‍ തീരുമാനം വന്നത് മമ്മൂട്ടിയുടെ ഭീഷ്‌മപര്‍വം സമയത്താണ്. മൈക്കിളപ്പന്‍ എന്ന കഥാപാത്രമായി മെഗാസ്റ്റാര്‍ പൂണ്ടുവിളയാടിയ ചിത്രം ടോട്ടല്‍ ബിസിനസില്‍ നൂറ് കോടിയിലധികമാണ് നേടിയത്. 50 കോടി ക്ലബ് ചിത്രങ്ങള്‍ കുറവാണെന്ന വിമര്‍ശകരുടെ പരാതി മമ്മൂക്ക ഭീഷ്‌മപര്‍വത്തിലൂടെ തീര്‍ത്തുകൊടുത്തു. സിനിമയിലെ പഞ്ച് ഡയലോഗുകളും, ആക്ഷന്‍ രംഗങ്ങളും, പശ്ചാത്തല സംഗീതവുമെല്ലാം വലിയ രീതിയില്‍ തരംഗമായിരുന്നു. മമ്മൂട്ടിക്ക് പുറമെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ലെന, അനഘ, മാലാ പാര്‍വതി, വീണ നന്ദകുമാര്‍ തുടങ്ങിയവരും ഭീഷ്‌മയില്‍ പ്രധാന വേഷങ്ങളിലെത്തി.
ജന ഗണ മന; പൃഥ്വിരാജ്-ഡിജോ ജോസ് ആന്‍റണി കൂട്ടുകെട്ടില്‍ സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് 'ജന ഗണ മന'. പ്രതീക്ഷകള്‍ തെറ്റിക്കാതെ മിക്കവര്‍ക്കും സംതൃപ്‌തി നല്‍കിയൊരു സിനിമയായി ജന ഗണ മന മാറി. രാജ്യത്ത് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന യഥാര്‍ഥ സംഭവങ്ങളും മറ്റ് സമകാലിക പ്രശ്‌നങ്ങളുമെല്ലാം സിനിമയില്‍ പ്രതിപാദിച്ചു. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും മല്‍സരിച്ചഭിനയിച്ച ചിത്രമാണ് ജന ഗണ മന. പൃഥ്വിയുടെ മറ്റൊരു 50 കോടി ക്ലബ് ചിത്രമായും സിനിമ മാറി.
മേപ്പടിയാന്‍; ശക്തമായ പ്രമേയം കൊണ്ടും ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ഇന്ദ്രന്‍സ് ഉള്‍പ്പെടെയുളള താരങ്ങളുടെ പ്രകടനം കൊണ്ടും ഈ വര്‍ഷം ആദ്യ പകുതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'മേപ്പടിയാന്‍'. സാധാരണക്കാരനായ ജയകൃഷ്‌ണന്‍ എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവവികാസങ്ങള്‍ കാണിച്ച ചിത്രം പ്രേക്ഷകര്‍ക്ക് വേറിട്ട സിനിമാനുഭവം നല്‍കി. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ചിത്രമായും മേപ്പടിയാന്‍ മാറി. ബോക്‌സോഫീസില്‍ മികച്ച പ്രതികരണം ലഭിച്ച സിനിമ ഒടിടിയില്‍ എത്തിയപ്പോഴും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
സിബിഐ ഫൈവ്; സിബിഐ സീരീസിലെ അഞ്ചാം പതിപ്പായ 'സിബിഐ ഫൈവ്; ദി ബ്രെയിന്‍' തിയേറ്ററുകളില്‍ വിജയം നേടി. ആദ്യ ദിനം സമ്മിശ്ര പ്രതികരണം നേടിയ സിനിമ പിന്നീടുളള ദിവസങ്ങളിലും തിയേറ്ററുകളില്‍ മുന്നേറി. മമ്മൂട്ടി സേതുരാമയ്യരായി വീണ്ടും വേഷമിട്ട സിനിമയിലൂടെ ജഗതി ശ്രീകുമാറിന്‍റെ ശക്തമായ തിരിച്ചുവരവും പ്രേക്ഷകര്‍ കണ്ടു. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് സിബിഐ അഞ്ചാം ഭാഗവും ഒരുക്കിയത്.
ജോ ആന്‍ഡ് ജോ; മാത്യൂ തോമസ്- നസ്‌ലെന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ജോ ആന്‍ഡ് ജോയ്‌ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചത്. നിഖില വിമല്‍, ജോണി ആന്‍റണി, മെല്‍വിന്‍, സ്‌മിനു സിജോ തുടങ്ങിയവരും പ്രധാന റോളുകളിലെത്തുന്ന ചിത്രം നവാഗതനായ അരുണ്‍ ഡി ജോസാണ് സംവിധാനം ചെയ്‌തത്. ഒരു സിംപിള്‍ ഫണ്‍ റൈഡ് സിനിമയായിട്ടാണ് ജോ ആന്‍ഡ് ജോയെ കുറിച്ച് പ്രേക്ഷകാഭിപ്രായങ്ങള്‍ വന്നത്.
ഉടല്‍; ധ്യാന്‍ ശ്രീനിവാസന്‍റെ അഭിമുഖങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ഉടല്‍. ഇന്ദ്രന്‍സ്, ധ്യാന്‍, ദുര്‍ഗ കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. പ്രകടനം കൊണ്ട് മിക്ക താരങ്ങളും ഞെട്ടിച്ച ചിത്രമാണ് ഉടല്‍. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ഉടല്‍ ത്രില്ലടിപ്പിക്കുന്ന സിനിമാനുഭവമാണ് സമ്മാനിച്ചതെന്നാണ് പ്രേക്ഷകാഭിപ്രായങ്ങള്‍ വന്നത്.
ജോണ്‍ ലൂഥര്‍; ജയസൂര്യ വീണ്ടും പോലീസ് റോളില്‍ എത്തി മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രമാണ് 'ജോണ്‍ ലൂഥര്‍'. നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്‌ത സിനിമ ഇപ്പോഴും തിയേറ്ററുകളില്‍ മുന്നേറുന്നു. കേള്‍വി ശക്തി ഭാഗികമായി നഷ്‌ടപ്പെടുന്ന ജയസൂര്യയുടെ കഥാപാത്രം ഒരു കേസന്വേഷണത്തിന്‍റെ ഭാഗമാവുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സിനിമ പ്രവര്‍ത്തകരും ആരാധകരും എല്ലാം മികച്ച അഭിപ്രായങ്ങളാണ് സിനിമ കണ്ട ശേഷം പങ്കുവച്ചത്.