ബോളിവുഡ് സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് മാധുരി ദീക്ഷിത്. എണ്‍പതുകളില്‍ ഹിന്ദി സിനിമാലോകത്ത് അരങ്ങേറിയ നടി ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ മുന്‍നിര നായികയായി മാറി. സൂപ്പര്‍താരങ്ങളുടെ എല്ലാം സിനിമകളില്‍ സ്ഥിരം നായികയായി മാധുരി ദീക്ഷിത് അഭിനയിച്ചു.
1984ല്‍ പുറത്തിറങ്ങിയ അബോധ് എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തുടക്കം. പിന്നാലെ ഹിന്ദി സിനിമാ ലോകത്തെ തിരക്കേറിയ താരമായി മാധുരി ദീക്ഷിത് മാറി. അഭിനയത്തിന് പുറമെ തന്‍റെ ഡാന്‍സിലൂടെയും ആരാധകരുടെ മനംകവര്‍ന്ന താരമാണ് മാധുരി.
നടിയുടെ നൃത്തരംഗങ്ങള്‍ കാണാന്‍ ഒരു പ്രത്യേക ഭംഗി തന്നെയാണെന്ന് അഭിപ്രായപ്പെട്ട നിരവധി പ്രേക്ഷകരുണ്ട്. മാധുരിയുടെ സൗന്ദര്യം തന്നെയാണ് അവരുടെ ആരാധകരെ ആകര്‍ഷിച്ച പ്രധാന സവിശേഷത. നടിയുടെ സൗന്ദര്യത്തില്‍ മയങ്ങി മാധുരിയുടെ ആരാധകരായി മാറിയ ആളുകള്‍ ഏറെയാണ്. ഈ കൂട്ടത്തില്‍ ലോകപ്രശസ്‌ത ചിത്രകാരന്‍ എംഎഫ് ഹുസൈനും ഉണ്ട്.
മാധുരി ദീക്ഷിതിന്‍റെ വലിയ ആരാധകനായി മാറിയ ആളാണ് അദ്ദേഹം. നടിയുടെ 'ഹം ആപ്കേ ഹേം കോന്‍' എന്ന സിനിമ 67 തവണയാണ് എംഎഫ് ഹുസൈന്‍ കണ്ടത്. കൂടാതെ നടിയുടെ ആജാ നച്‌ലെ എന്ന ചിത്രം കാണാന്‍ ദുബായിലെ ഒരു തിയേറ്റര്‍ മൊത്തമായി ബുക്ക് ചെയ്‌തിരുന്നു അദ്ദേഹം.
മാധുരി ദീക്ഷിതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം ധാരാളമായി കാന്‍വാസില്‍ വരച്ചിട്ടുണ്ട്. കൂടാതെ മാധുരിയെ നായികയാക്കി ഗജകാമിനി എന്ന ചിത്രവും എംഎഫ് ഹുസൈന്‍ സംവിധാനം ചെയ്‌തു. സ്‌ത്രീത്വത്തോടും തന്‍റെ കാവ്യദേവതയായ മാധുരിയോടുമുളള ആദരസൂചകമായാണ് അദ്ദേഹം തന്‍റെ ആദ്യ സിനിമ ഒരുക്കിയത്.
ആര്‍ട്ട് മാസ്ട്രോയെ മുന്‍പ് പല സുന്ദരികളും ആകര്‍ഷിച്ചെങ്കിലും അനിഷേധ്യമായി മാധുരി തന്നെ അദ്ദേഹത്തിന്‍റെ ഹൃദയത്തിന്‍റെ രാജ്ഞിയായി തുടര്‍ന്നു. മാധുരിയെ കുറിച്ച് ഫിദ എന്ന പേരില്‍ ഒരു ചിത്രശൃംഖല തന്നെ എംഎഫ് ഹുസൈന്‍ ഒരുക്കിയിട്ടുണ്ട്. എംഎഫ് ഹുസൈന് കാവ്യദേവതയെ പോലെയായിരുന്നു മാധുരി ദീക്ഷിത്.
മാധുരിയെ വച്ച് എംഎഫ് ഹുസൈന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഗജഗാമിനിയില്‍ അഞ്ച് കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചത്. വിവാഹ ശേഷം സിനിമ വിട്ട നടി ബോളിവുഡില്‍ നിന്ന് കുറച്ച് വര്‍ഷങ്ങള്‍ മാറിനിന്നിരുന്നു. പിന്നീട് 2007ല്‍ ആജാ നച്‌ലെ എന്ന ചിത്രത്തിലൂടെ മാധുരി ഹിന്ദിയില്‍ തിരിച്ചെത്തിയപ്പോള്‍ അതില്‍ എറ്റവും കൂടുതല്‍ സന്തോഷിച്ച ഒരാള്‍ എംഎഫ് ഹുസൈനാണ്.
അന്നാണ് ദുബായിലെ ഒരു തിയേറ്ററിലെ ഉച്ചയ്ക്ക് ശേഷമുളള പ്രദര്‍ശനം മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്‌തുകൊണ്ട് എംഎഫ് ഹുസൈന്‍ കണ്ടത്. മാധുരി ദീക്ഷിതിനോട് എംഎഫ് ഹുസൈനുളള ആരാധന ബോളിവുഡില്‍ പരസ്യമായിട്ടുളള കാര്യമാണ്. നടിയെ കാണുമ്പോഴെല്ലാം ഒപ്പം നിന്ന് ഫോട്ടോയും എടുക്കാറുണ്ടായിരുന്നു ചിത്രകാരന്‍.
ഇന്ത്യയുടെ പിക്കോസോ എന്നറിയപ്പെടുന്ന എംഎഫ് ഹുസൈന്‍ ഇരുപതാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും അന്താരാഷ്ട്ര തലത്തില്‍ വരെ അംഗീകരിക്കപ്പെടുകയും ചെയ്‌ത ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്. 2011 ജൂണ്‍ 9ന് ലണ്ടനില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.