എറണാകുളം: തിയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുന്ന 'ലിയോ' സിനിമയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. പാലക്കാട് അരോമ തിയേറ്ററിൽ വച്ചായിരുന്നു സംഭവം. ആരാധകരുടെ തിക്കിലും തിരക്കിലും പെട്ടാണ് ലോകേഷിന് പരിക്കേറ്റത്.
കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിൽ 'ലിയോ' പ്രൊമോഷന് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ആരാധകരുടെ ആവേശം അതിരുകടന്നപ്പോൾ പൊലീസിന് ലാത്തി വീശേണ്ടിവന്നു.
പാലക്കാട് അരോമ തിയേറ്ററിൽ പൂർണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പടെ ഗോകുലം മൂവീസ് ഒരുക്കിയിരുന്നു. രാവിലെ മുതൽ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത്. ഇതിനിടെയാണ് ലോകേഷിന് കാലിൽ പരിക്കേറ്റത്. പിന്നാലെ നിയന്ത്രണങ്ങൾ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി.
കാലിന് പരിക്കേറ്റ സംവിധായകൻ ലോകേഷ് കനകരാജ് മറ്റു പരിപാടികൾ റദ്ദാക്കി തിരികെ മടങ്ങിയതായി അധികൃതർ അറിയിച്ചു. ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റർ വിസിറ്റുകൾ ഒഴിവാക്കി. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തിൽ നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.
ബോക്‌സ് ഓഫിസ് പിടിച്ചുലച്ച് 'ലിയോ': തമിഴകത്തിന്‍റെ ദളപതി വിജയ്‌യും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ലോകേഷ് കനകരാജും കൈകോർത്ത ചിത്രം 'ലിയോ' തിയേറ്ററുകളിൽ മിന്നും പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ഒക്‌ടോബർ 19ന് റിലീസ് ചെയ്‌ത ചിത്രം കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് വിജയ യാത്ര തുടരുകയാണ്.
ഈ വർഷം പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ സ്വന്തമാക്കിയ ചിത്രം എന്ന റെക്കോഡും 'ലിയോ' സ്വന്തമാക്കി കഴിഞ്ഞു. ആഗോളവ്യാപകമായി ബോക്‌സോഫിസിൽ 400 കോടി ലിയോ നേടിക്കഴിഞ്ഞു. അതേസമയം ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് ശ്രീ ഗോകുലം മൂവീസ് ആണ്.
നാളിതുവരെ കാണാത്ത ഹൗസ് ഫുൾ ഷോകളും അഡീഷണൽ ഷോകളുമാണ് കേരളത്തിൽ 'ലിയോ'യ്‌ക്ക് ലഭിച്ചത്. ഇന്ത്യയിൽ നിന്ന് 250 കോടി നേടിയ ചിത്രമെന്ന ശ്രദ്ധേയമായ നാഴികക്കല്ലിലേക്ക് അടുക്കുകയാണ് 'ലിയോ' എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇൻഡസ്‌ട്രി ട്രാക്കർ സാക്‌നിൽക് (Industry Tracker Sacnilk) പറയുന്നതനുസരിച്ച്, ആറാം ദിവസം (ഒക്‌ടോബർ 24) സിനിമയുടെ വരുമാനത്തിൽ നേരിയ ഇടിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
സാക്‌നിൽക് റിപ്പോർട്ട് പ്രകാരം റിലീസ് ദിനത്തിൽ 64.8 കോടി രൂപയും തൊട്ടടുത്ത ദിവസം 35.25 കോടി രൂപയും 'ലിയോ' നേടി. ശനിയാഴ്‌ച (ഒക്‌ടോബർ 21) 39.8 കോടിയും ഞായറാഴ്‌ച 41.55 കോടിയും ഈ ചിത്രം നേടി. അഞ്ചാം ദിവസമായ തിങ്കളാഴ്‌ച 'ലിയോ' ഇന്ത്യയിലുടനീളം എല്ലാ ഭാഷകളിലുമായി 35.19 കോടി രൂപ നേടിയതായും സാക്‌നിൽക് റിപ്പോർട് ചെയ്യുന്നു.