കുഞ്ചാക്കോ ബോബന്‍റെ 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലെ വീഡിയോ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. 1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം സിനിമയിലെ 'ദേവദൂതര്‍ പാടി' എന്ന പാട്ടിന്‍റെ പുനരാവിഷ്‌കരണമാണ് വീഡിയോ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ഉത്സവത്തിനിടെയുളള ഗാനമേളയുടെ സമയത്ത് പാട്ടിനൊപ്പം ആടിതിമിര്‍ക്കുന്ന ചാക്കോച്ചനെ വീഡിയോയില്‍ കാണിക്കുന്നു.
കരിയറില്‍ ഇതുവരെ ചെയ്യാത്ത തരം വ്യത്യസ്‌ത കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ എത്തുന്നത്. ദേവദൂതര്‍ പാട്ടിനൊപ്പം ചാക്കോച്ചന്‍റെ അഴിഞ്ഞാട്ടം തന്നെയാണ് വീഡിയോയില്‍ ഉളളതെന്നാണ് ആരാധകരുടെ കമന്‍റുകള്‍. ഇവര്‍ക്ക് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, വിനീത് ശ്രീനിവാസന്‍, സംവൃത അഖില്‍, ശിവദ, സംവിധായകന്‍ അജയ് വാസുദേവ് ഉള്‍പ്പെടെയുളളവരും നടന്‍റെ പ്രകടനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീഡിയോ ഗാനം പങ്കുവച്ചിട്ടുണ്ട്. 37 വര്‍ഷത്തിന് ശേഷം ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് ഇഷ്‌ടപ്പെട്ട ഗാനത്തിന് പുനരാവിഷ്‌കാരം വരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി ഗാനം പുറത്തുവിട്ട് ഫേസ്‌ബുക്കില്‍ കുറിച്ചത്. കാതോട് കാതോരത്തില്‍ ഒഎന്‍വി കുറുപ്പിന്‍റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചത് യേശുദാസ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗാനം പുനരാവിഷ്‌കരിച്ചപ്പോള്‍ അത് ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്.
- " class="align-text-top noRightClick twitterSection" data="">
അതേസമയം കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ രതീഷ് ബാലകൃഷ്‌ണ പൊതുവാളാണ് 'ന്നാ താന്‍ കേസ് കൊട്' ഒരുക്കുന്നത്. കൊഴുമ്മല്‍ രാജീവന്‍ എന്നാണ് ചിത്രത്തില്‍ ചാക്കോച്ചന്‍റെ കഥാപാത്രത്തിന്‍റെ പേര്. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തിരുന്നു.
സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ശ്രദ്ധേയ സിനിമയ്‌ക്ക് ശേഷം സംവിധായകനും നിര്‍മാതാവും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ചെറിയ പ്രശ്‌നവുമായി കോടതിയെ സമീപിക്കുന്നതും തന്‍റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് സിനിമയുടെ പ്രമേയം എന്നാണ് റിപ്പോര്‍ട്ടുകള്‍.
നടി ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ പ്രസാദ് ഉള്‍പ്പെടെയുളള താരങ്ങള്‍ക്ക് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഓഗസ്‌റ്റ് പതിനൊന്നിനാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.