'അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞെ..പ്രധാനമന്ത്രി.. അപ്പൊ ദേ ഈ കഴുത പറയുവാ എന്‍റെ അമ്മാവന്‍റെ വകയല്ല ഈ ഹോട്ടലെന്ന്.. അപ്പൊ ഞാൻ ചോദിച്ചു നിന്‍റെ അമ്മാവന്‍റെ വകയാണോ ഹോട്ടലെന്ന്..'
പിന്നങ്ങോട്ട് ഹോട്ടലിൽ ചെയ്‌തുകൂട്ടിയതിനെ കുറിച്ചും അവിടത്തെ ജീവനക്കാരെ തല്ലിയതുമൊക്കെ വല്യ നെടുനീളത്തിൽ ജോജിക്ക് പറഞ്ഞുകൊടുക്കുകയാണ് നന്ദിനി തമ്പുരാട്ടി.. എല്ലാം കേട്ട് നിന്ന് ഒടുവിൽ ജോജി നന്ദിനിയോട് ചോദിച്ചു.. 'വട്ടാണല്ലേ...' ഒരു തരത്തിലുള്ള ഗോഷ്‌ടികളോ ഏച്ചുകെട്ടലുകളോ ഇല്ലാതെ ജീവിതത്തെ കുറിച്ച് ആ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ കണ്ടുതീർത്ത സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊക്കെ അസ്‌തമിച്ച് ജോജി നന്ദിനിയോട് ചോദിക്കുന്നു. തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ ചോദ്യമായിരുന്നു ഇതെങ്കിലും ആ ചെറുപ്പക്കാരന്‍റെ മുഴുവൻ ജീവിതവ്യഥയും ആ ഒറ്റ ഡയലോഗിൽ ഉണ്ടായിരുന്നു.
ജോജി (മോഹൻലാൽ), നന്ദിനി (രേവതി), നിശ്ചൽ (ജഗതി ശ്രീകുമാർ), കിട്ടുണ്ണി (ഇന്നസെന്‍റ്), ജസ്റ്റിസ് പിള്ള (തിലകൻ) എന്നിങ്ങനെ ചിരിയുടെ പെരുമഴ തീർത്ത നിരവധി കഥാപാത്രങ്ങൾ. ഓരോ സീനിലും.. ഓരോ ഡയലോഗിലും.. ഓരോ ഭാവത്തിലും ചിരി.. ആദ്യം തൊട്ടവസാനം വരെ ചിരി 'കിലുക്കം'. സിനിമയിലെ ഓരോ സീനുകളോടും ഡയലോഗുകളോടും കൗണ്ടറുകളോടും മലയാളിക്ക് ഇഴയടുപ്പമാണ്.
'രേവതി എന്ന നടി'... രേവതി എന്ന അഭിനേത്രിയെ കുറിച്ച് പറയുമ്പോൾ കിലുക്കത്തിലെ നന്ദിനിയെ കുറിച്ച് ഓർക്കാത്തവർ ചുരുക്കമായിരിക്കും. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ പാളിയാൽ കോമാളിത്തരമായിപ്പോയേക്കാവുന്ന ഒരു കഥാപാത്രത്തെ അത്ര മനോഹരമാക്കി രേവതി അവതരിപ്പിച്ചു. ഒരോ സീനിലും മുഖത്ത് മിന്നിമറയുന്ന നൂറ് ഭാവങ്ങൾ. 'ഞാൻ ഇത്രേ ചെയ്‌തുള്ളൂ.. അയിനാണ് ഇവന്മാർ ഇങ്ങനെ ബഹളം വയ്ക്കുന്നത്..' ഹോട്ടലിലെ സംഭവവികാസങ്ങളുടെ കഥ വിവരിച്ച ശേഷം ഈ ഡയലോഗ് പറഞ്ഞവസാനിപ്പിക്കുമ്പോൾ നന്ദിനിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ തന്നെ രേവതി എന്ന നടിയുടെ ആക്‌ടിങ് ബ്രില്യൻസിന് ഉദാഹരണമാണ്.
'എടാ കൊരങ്ങാ.. നല്ല കോയീന്‍റെ മണം'
'കിട്ടുണ്ണിയേട്ടാ.. കാമദേനൂന്‍റെ ഫലം'
'മിണ്ടാണ്ട് നിന്നാൽ വായിൽ കൊഴുക്കട്ടയാണോ എന്ന് ചോദിക്കും.. മിണ്ടിപ്പോയാൽ തർക്കുത്തരവായിപ്പോകും.. ഇതെന്തോന്നാണപ്പനെ..'
നന്ദിനി-ജോജി കോമ്പിനേഷൻ സീൻ മാത്രമല്ല തിലകനും ജഗതിക്കും ഇന്നസെന്‍റിനുമൊപ്പം രേവതി സ്‌ക്രീനിലെത്തിയപ്പോഴും ചിരിയുടെ കൊടുമുടി കയറുകയായിരുന്നു പ്രേക്ഷകർ. പകരം വക്കാനില്ലാത്ത പ്രകടനം. രേവതിക്ക് പകരം മറ്റാർക്കെങ്കിലും ആ കഥാപാത്രത്തെ ഇത്ര മികച്ചതാക്കാൻ കഴിയുമോ എന്ന ചോദ്യം പോലും ഉദിക്കാത്തവണ്ണം അഭിനയിച്ച് ഫലിപ്പിച്ച ആക്‌ടിങ് റേഞ്ച്.
ജോജി എന്ന ചെറുപ്പക്കാരൻ.. ചിരിപ്പിക്കുന്നതിനിടയിലും ജീവിതം എന്ന യാഥാർഥ്യത്തിന്‍റെ കയ്‌പ്പ് രുചിക്കുന്നവനാണ് അയാൾ എന്ന് ഇടയ്‌ക്കിടെ ചിത്രത്തിൽ കാണാം. പ്രാരാബ്‌ദങ്ങൾക്കിടയിലേക്ക് മറ്റൊരാൾ കടന്നുവരുമ്പോൾ ഒഴിവാക്കാൻ നോക്കുന്നതും.. കാണാതായെന്ന് കരുതി നന്ദിനിയെ നാട് നീളെ അന്വേഷിക്കുന്നതും ഒടുവിൽ തട്ടിൻപുറത്ത് കയറിയിരിക്കുന്നവളെ കണ്ട് ദേഷ്യം അടക്കിപ്പിടിക്കുന്നതും പിന്നീട് അവരെ സഹായിക്കാൻ ശ്രമിക്കുന്നതും ആ ചെറുപ്പക്കാരന്‍റെയുള്ളിലെ നന്മയെയാണ് കാണിക്കുന്നത്.. എന്നാൽ നന്ദിനിയോടുള്ള ഇഷ്‌ടത്തെ കുറിച്ച് 'പിള്ള സാർ' ചോദിക്കുമ്പോൾ 'കൊടുക്കാൻ ജീവിതമൊന്നും എന്‍റെ കൈയിലില്ല സാർ.. സ്നേഹിക്കാനറിയാവുന്ന ഒരു മനസുണ്ട്.. താലോലിക്കാൻ വേണമെങ്കിൽ രണ്ട് കൈകളുമുണ്ട്.. പക്ഷെ അത് പോരല്ലോ ജീവിക്കാൻ' എന്നാണ് അയാൾ പറയുന്നത്. ജീവിതത്തിൽ എങ്ങും എത്തിപ്പെടാൻ കഴിയാത്തതിന്‍റെ നിരാശയും തന്‍റെ സാഹചര്യങ്ങൾക്കൊണ്ട് അയാൾ വേണ്ടെന്ന് വയ്‌ക്കുന്ന നന്ദിനിയോടുള്ള ഇഷ്‌ടവുമൊക്ക തികച്ചും ഹൃദ്യമായി തന്നെ അവതരിപ്പിക്കാൻ മോഹൻലാൽ എന്ന നടന് കഴിഞ്ഞു.
ചിത്രത്തിൽ ആദ്യം തൊട്ടവസാനം വരെ അടികൊള്ളുന്ന ആശുപത്രിയിൽ നിന്നിറങ്ങാൻ സമയമില്ലാത്ത ജഗതിയുടെ നിശ്ചൽ കഥാപാത്രവും ഏറെ മികച്ചത് തന്നെ. 'എനിക്ക് ഒന്നും അറിഞ്ഞൂടാന്ന് ഈ മറുതായോട് ഒന്ന് പറഞ്ഞുകൊടുക്കെടാ..' ഹിന്ദി അറിയാത്തതുകൊണ്ട് വില്ലന്‍റെ കൈയിൽ നിന്ന് ഇടയ്‌ക്കിടയ്‌ക്ക് അടി മേടിക്കുന്ന, ചെയ്യുന്നതെല്ലാം ഒടുവിൽ അബദ്ധമായി മാറുന്ന നിശ്ചലിന്‍റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് അങ്ങനെ മറക്കാൻ കഴിയില്ല. എന്നാൽ ജീവിതത്തിൽ ഇനിയെങ്കിലും ഒരു നല്ല കാലം വരണമെന്നും നല്ല നിലയിൽ ജീവിക്കണമെന്നുമുള്ള അയാളുടെ ആഗ്രഹമാണ് അബദ്ധങ്ങളിലേക്ക് എടുത്തുചാടാൻ പ്രേരിപ്പിക്കുന്നത്.
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങളെ എടുത്താൽ അതിൽ നിശ്ചൽ എന്ന രസികനും മുൻനിരയിലുണ്ടാകും. സ്‌പോട്ടിലടിക്കുന്ന കൗണ്ടറുകളും മുഖത്തെ ഭാവങ്ങളും അടികൊണ്ട് പഞ്ചറാകുമ്പോഴുള്ള നിസ്സഹായാവസ്ഥയുമൊക്ക നിശ്ചലിനെ പ്രേക്ഷകരുമായി അടുപ്പിച്ചു.
'ടീ എന്‍റെ മീശയെവിടെ..' രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തെ കൊമ്പൻ മീശയുടെ പാതി കാണാത്തതിൽ രോഷത്തോടെ എത്തുന്ന ജസ്റ്റിസ് പിള്ള ആ നെടുനീളൻ ഡയലോഗ് പറഞ്ഞവസാനിച്ചപ്പോഴേക്കും ചിരിച്ച് ചിരിച്ച് പ്രേക്ഷകന്‍റെ കണ്ണിൽ നിന്ന് വെള്ളം വന്നിരുന്നു. കർക്കശക്കാരനായ കഥാപാത്രം തിലകന്‍റെ കൈയിൽ എന്നും ഭദ്രമാണെന്ന് മലയാളിക്ക് അറിയാം. എന്നാൽ ഇവിടെ കർക്കശക്കാരനിൽ നിന്നുകൊണ്ട് തന്നെ പ്രേക്ഷകനെ ചിരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഒരു മനുഷ്യനടുത്തേക്ക് കൂട്ടിനൊരാൾ എത്തുമ്പോൾ ചൂടനായ, കർക്കശക്കാനായ ആൾ എന്ന മുഖംമൂടി അഴിച്ചുവച്ച് അയാൾ ഒരച്ഛനാകുകയാണ്. കുടുംബം ഒന്നടങ്കം തനിക്കെതിരെ നിൽക്കുമ്പോഴും താൻ മകളായി കണ്ടവളെ അയാൾ തള്ളിപ്പറഞ്ഞില്ല.
കിട്ടുണ്ണി എന്ന 'വേലക്കാരൻ'.. ചിത്രത്തിൽ പ്രേക്ഷകനെ ഏറ്റവും കൂടുതൽ പൊട്ടിച്ചിരിപ്പിച്ച കോമ്പിനേഷനുകളിലൊന്നായിരുന്നു തിലകനും ഇന്നസെന്‍റും ഒന്നിച്ചെത്തുന്ന സീനുകൾ. 'വേലക്കാരോട് എങ്ങനെ പെരുമാറണമെന്ന് ഞാൻ തനിക്ക് കാണിച്ചുതരാമെടോ..മ.. മ.. മത്തങ്ങാത്തലയാ..' ലോട്ടറി അടിച്ച ആവേശത്തിൽ വെല്ലുവിളിച്ച് ചാടിത്തുള്ളി ഇറങ്ങിപ്പോയതും ഒടുവിൽ പട്ടിണി കിടന്ന് തിരിച്ചെത്തുമ്പോഴുമൊക്കെ കണ്ടിരുന്നവർ ചിരിച്ചുമറിഞ്ഞു. സത്യത്തിൽ എന്തേ അതിൽ ഇത്രമാത്രം ചിരിക്കാൻ? ഒറ്റ ഉത്തരമേയുള്ളൂ.. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്നസെന്‍റ് എന്ന അതുല്യ പ്രതിഭയായിരുന്നു.
യഥാർഥത്തിൽ വേലക്കാരൻ കിട്ടുണ്ണിയെ അടിമയായാണ് ജസ്റ്റിസ് പിള്ള കണ്ടത്. ഒടുവിൽ ലോട്ടറി അടിച്ചെന്നറിയുമ്പോൾ അത്രയും നാൾ അടക്കിവച്ച ദേഷ്യവും സങ്കടവുമെല്ലാം അണപൊട്ടി ഒഴുകുന്ന സീനും വിശപ്പ് സഹിക്കാൻ കഴിയാതെ തനിക്ക് പോകാൻ മറ്റൊരു സ്ഥലമില്ലെന്ന തിരിച്ചറിവിൽ കോലംകെട്ട് നിസ്സഹായതയോടെ തിരിച്ചെത്തുന്ന കിട്ടുണ്ണിയെയും കണ്ട് നമുക്ക് ചിരിയാണോ വരേണ്ടത്? ഒന്നോർത്താൻ ചിരിപ്പിക്കുന്നതിനൊപ്പം ചില ജീവിതസാഹചര്യങ്ങളുടെ സത്യാവസ്ഥ കൂടി ചിത്രത്തിലൂടെ തുറന്നുകാട്ടിയുണ്ട്.
മലയാള സിനിമയിലെ 'വിഷാദ നായകനായ' വേണു നാഗവള്ളിയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത്. അദ്ദേഹത്തിലെ തമാശക്കാരനെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ഓരോ നിമിഷവും ചിരി സൃഷ്‌ടിച്ച ഈ കഥയിലൂടെയാണ്. പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിന്‍റെ ആസ്വാദന മൂല്യത്തെ കുറിച്ച് ആർക്കും എതിരഭിപ്രായങ്ങൾ ഉണ്ടാകാനിടയില്ല. മടുപ്പില്ലാതെ ആവർത്തിച്ച് കാണുന്ന സിനിമകളിൽ മുൻപന്തിയിൽ ഈ ചിത്രം എന്നും ഉണ്ടാകും. 32 വർഷത്തെ ചിരിമഴയിൽ നനഞ്ഞ് കിലുക്കം..