ഹൈദരാബാദ്: '2018 - എവരിവൺ ഈസ് എ ഹീറോ' ഓസ്‌കർ പ്രചരണത്തിന്‍റെ ഭാഗമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നിലവിൽ അമേരിക്കയിലാണ്. വിഖ്യാതമായ അക്കാദമി അവാര്‍ഡുകള്‍ക്കായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്‌ത '2018'. യുഎസിലെ തന്‍റെ പ്രൊമോഷണൽ പര്യടനത്തിനിടെ, സംവിധായകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഓസ്‌കർ അവാർഡിനായുള്ള തന്‍റെ പ്രത്യാശയാണ് ജൂഡ് ആന്തണി ജോസഫ് പോസ്റ്റിൽ പറയുന്നത് (Jude Anthany Joseph manifests Oscar for 2018). ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്റർ സന്ദർശിച്ച ശേഷമാണ് ജൂഡ് തന്‍റെ ആഗ്രഹവും പ്രത്യാശയുമെല്ലാം പ്രേക്ഷകരുമായി പങ്കുവച്ചത്. 2024 മാർച്ച് 10ന് ഇന്ത്യയ്‌ക്കുള്ള മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം അവാർഡ് ചിത്രം നേടുമെന്നാണ് പ്രതീക്ഷയെന്ന് ജൂഡ് പറയുന്നു.
ഡോൾബി തിയേറ്റർ സന്ദർശനത്തിനിടെ പകർത്തിയ ചിത്രങ്ങളും ജൂഡ് ആന്തണി ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'ഇന്ത്യയ്‌ക്കുള്ള ഏറ്റവും മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ചിത്രത്തിനുള്ള ഓസ്‌കാറിനൊപ്പം 2024 മാർച്ച് 10-ന് ഇവിടെ നിൽക്കാൻ ദൈവവും മുഴുവൻ പ്രപഞ്ചവും എനിക്കൊപ്പം വേണം. ഞങ്ങൾ ആ ദിവസത്തിനായി കാത്തിരിക്കുന്നു' -സംവിധായകൻ കുറിച്ചു.
സന്ദർശന വേളക്കിടെ സ്റ്റേജിൽ കയറാനും വേദിയിൽ ഇരിക്കാനും ജൂഡ് മറന്നില്ല. സംവിധായകൻ സ്റ്റീവൻ സ്‌പിൽബെർഗിനായി റിസർവ് ചെയ്‌ത സീറ്റിനരികിൽ നിന്നും ജൂഡ് പോസ് ചെയ്യുന്നുണ്ട്. കൂടാതെ, ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ നിന്നുള്ള ചിത്രങ്ങളും ജൂഡ് പങ്കിട്ടു. ഹോളിവുഡ് ബൊളിവാർഡിനും വൈൻ സ്ട്രീറ്റിനും ഇടയിൽ എടുത്ത ചിത്രത്തിൽ, ജൂഡ് ആന്തണി ജോസഫ് തന്‍റെ പേരിൽ അലങ്കരിച്ച സ്റ്റാറും പങ്കുവച്ചു.
അതിവൈകാരികത ഉള്‍ക്കൊള്ളുന്ന ഒരു ത്രില്ലര്‍ സ്വഭാവത്തിലാണ് ജൂഡ് 2018 എന്ന സിനിമയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഓസ്‌കറിലെ വിദേശഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലേക്കാണ് ഇന്ത്യയുടെ പ്രതിനിധിയായി രാജ്യം 2018നെ അവതരിപ്പിച്ചത്. മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനം പകരുന്നതായിരുന്നു ഈ നേട്ടം.
റിലീസായി 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്‌സോഫിസില്‍ നിന്ന് 160 കോടി നേടി ചരിത്രം കുറിക്കാൻ ചിത്രത്തിനായിരുന്നു. പ്രളയത്തിലകപ്പെട്ട കേരളത്തിന്‍റെ അതിജീവന കഥ പറഞ്ഞ ഈ സർവൈവല്‍ ത്രില്ലറിൽ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്. 'എല്ലാവരും ഹീറോയാണ്' എന്ന ടാഗ്‌ലൈനോടെയാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.
വേണു കുന്നപ്പിള്ളി, സി കെ പദ്‍മകുമാര്‍, ആന്‍റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ 2018 നിര്‍മിച്ചത്. '2018'ന്‍റെ തിരക്കഥ ഒരുക്കിയത് സംവിധായകൻ ജൂഡും ഒപ്പം അഖില്‍ പി ധര്‍മജനുമാണ്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം പകർന്നത് നോബിള്‍ പോളാണ്.
READ ALSO: 2018 Movie Oscar Nomination: '2018' ഓസ്‌കറിന്, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി