Jennifer Lopez and Ben Affleck tied knot: ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെകും വിവാഹിതരായി. രണ്ട് പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവില്‍ ശനിയാഴ്‌ച(16.07.2022) ലാസ് വെഗാസില്‍ വച്ചായിരുന്നു വിവാഹം. സ്വകാര്യ ചടങ്ങിലായിരുന്നു ഈ താര വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. താര ദമ്പതികളുമായി ബന്ധമുളള അടുത്ത വൃത്തങ്ങളാണ് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്.
വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തെ ജെന്നിഫര്‍ അറിയിച്ചിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 'സ്‌നേഹം മനോഹരമാണ്, സ്‌നേഹം ദയയുള്ളതാണ്. സ്‌നേഹം ക്ഷമയാണ്. ഇരുപത് വര്‍ഷത്തെ ക്ഷമ. ഞങ്ങള്‍ ആഗ്രഹിച്ചത് നടന്നു', എന്ന കുറിപ്പിനൊപ്പം ഗായിക കൂടിയായ ജെന്നിഫര്‍ വിവാഹ വാര്‍ത്ത പങ്കുവയ്‌ക്കുകയായിരുന്നു. സ്‌നേഹം എല്ലാറ്റിലും വലുതാണെന്നും അതിനായി കാത്തിരിക്കുന്നത് മൂല്യമേറിയ പ്രവര്‍ത്തിയാണെന്നും ജെന്നിഫര്‍ കുറിച്ചു.
Jennifer Lopez Ben Affleck affair: പ്രണയവും, വിവാഹവും, പുനര്‍ വിവാഹവുമൊക്കെയായി ജെന്നിഫറും ബെന്നും സ്ഥിരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2001ല്‍ ഒരു സിനിമ സെറ്റില്‍ വച്ചായിരുന്നു ഈ പ്രണയത്തിന് തുടക്കം. 'ഗിഗ്ലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജെന്നിഫറും ബെന്നും പരിചയപ്പെടുന്നത്. 2002 നവംബറില്‍ ഇരുവരും വിവാഹ നിശ്ചയവും നടത്തി. പ്രണയം വിവാഹത്തിന്‍റെ വക്കോളമെത്തിയെങ്കിലും 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2004ന്‍റെ തുടക്കത്തില്‍ ലോപ്പസ് വിവാഹം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.
പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചു. ആ ബന്ധങ്ങളില്‍ കുട്ടികളും ഉണ്ടായി. 2004ല്‍ ഗായകന്‍ മാര്‍ക്ക് ആന്‍റണിയെയാണ് ജെന്നിഫര്‍ വിവാഹം കഴിച്ചത്. 2008ല്‍ ഇരുവര്‍ക്കും മാക്‌സ്, എമ്മ എന്നീ ഇരട്ട കുട്ടികള്‍ പിറന്നു. അതേസമയം 2005ലാണ് ബെന്‍ അഫ്ലെക് നടി ജെന്നിഫര്‍ ഗാര്‍ണറെ വിവാഹം കഴിച്ചത്. പിന്നീട് 2017ല്‍ ഇരുവരും വിവാഹമോചിതരായി.
ശേഷം 2021 മെയ് മാസത്തിലാണ് ജെന്നിഫറും ബെന്നും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ഈ വര്‍ഷം ആദ്യം മുതല്‍ ജെന്നിഫര്‍ വിവാഹ നിശ്ചയ മോതിരം ധരിച്ചിരിക്കുന്നതും, മകളുമൊത്ത് വീട്ടു സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ബെവര്‍ലി ഹില്‍സില്‍ ഇരുവരും ചേര്‍ന്ന് പുതിയ വീട് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ജെലോ എന്ന് ഓമനപ്പേരുള്ള ജെന്നിഫര്‍ ലോപ്പസ് തന്‍റെ പേര് ജെന്നിഫര്‍ അഫ്ലെക്ക് എന്നാക്കി മാറ്റിയിരുന്നു. എന്നാല്‍ ബെന്നിഫര്‍ എന്ന ഓമനപ്പേരിലാണ് ആരാധകര്‍ ഇരുവരെയും വിശേഷിപ്പിക്കുന്നത്.
Also Read: 'മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്‌തു' ; ഐക് ടേര്‍ണര്‍ക്കെതിരെ ഗായിക അര്‍ണോള്‍ഡ്