മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 'നേരി'ന് ശേഷം പുതിയ ചിത്രവുമായി ജീത്തു ജോസഫ് (Jeethu Joseph). ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്‍റ് പോസ്‌റ്റര്‍ ജനുവരി 2ന് പുറത്തുവിടും. ഇക്കാര്യം ജീത്തു ജോസഫ് തന്നെയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
അർഫാസ് അയ്യൂബാണ് സിനിമയുടെ സംവിധാനം. ജീത്തു ജോസഫിന്‍റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് അർഫാസ് അയ്യൂബ്. അതേസമയം മോഹന്‍ലാലിനൊപ്പമുള്ള പുതിയ ബിഗ് ബജറ്റ് ചിത്രം 'റാമി'ന്‍റെ റിലീസിന് മുമ്പാണ് പുതിയ സിനിമയുടെ പ്രഖ്യാപനം എന്നതും ശ്രദ്ദേയം.
'റാമി'ന്‍റെ നിർമാതാവും അഭിഷേക് ഫിലിംസിന്‍റെ ഉടമയുമായ രമേഷ് പി പിള്ളയാണ് പുതിയ സിനിമയുടെ നിര്‍മാണം. രമേഷ് പി പിള്ളയുടെ നിര്‍മാണത്തില്‍ റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
- " class="align-text-top noRightClick twitterSection" data="">
മികച്ച താരനിര അണിനിരക്കുന്ന ചിത്രത്തില്‍ സാങ്കേതിക മേഖലയിലും ഗംഭീര ടീം ഉണ്ടാകുമെന്നാണ് സൂചന. ദുൽഖര്‍ സല്‍മാന്‍റെ തെലുഗു സൂപ്പർ ഹിറ്റ് ചിത്രം 'സീതാരാമം' ത്തിന്‍റെ സംഗീത സംവിധായകന്‍ വിശാല്‍ ചന്ദ്രശേഖര്‍ ആകും ഈ ചിത്രത്തിന് വേണ്ടിയും സംഗീതം ഒരുക്കുക. പിആര്‍ഒ - മഞ്ജു ഗോപിനാഥ്.
Also Read: 'മോഹൻലാലിനെ ശരിയായി തന്നെ ജീത്തു ജോസഫ് ഉപയോഗിച്ചു': നേരിന് അഭിനന്ദനങ്ങളുമായി പ്രിയദര്‍ശന്‍
അതേസമയം ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന റാമിന്‍റെ ചിത്രീകരണം പലകാരണങ്ങളാല്‍ വൈകിയിരുന്നു. കൊവിഡ് മഹാമാരിയുടെ സമയത്തായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് ലോക്‌ഡൗണ്‍ സാഹചര്യത്തില്‍ ചിത്രീകരണം പലകുറി വൈകി.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാമി'ല്‍ ടൈറ്റില്‍ റോളിലാണ് മോഹന്‍ലാല്‍ എത്തുക. രണ്ട് ഭാഗങ്ങളിലായാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. 'റാം' എന്തുകൊണ്ട് രണ്ട് ഭാഗങ്ങളില്‍ എത്തുന്നു എന്നതിന് ജീത്തു ജോസഫ് മുമ്പൊരിക്കല്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.
'റാം' സിനിമയ്‌ക്ക് പറ്റിയത് എന്താണെന്ന് ചോദിച്ചാല്‍, ഒരു ഭാഗത്തില്‍ ഒതുക്കാന്‍ പറ്റുന്നതല്ല ഈ ചിത്രം എന്നാണ് സംവിധായകന്‍റെ മറുപടി. 'അതിന്‍റെ കണ്ടന്‍റ് അത്തരത്തിലാണ്. ലാലേട്ടന്‍ ഈ അടുത്ത കാലത്ത് ചെയ്യാത്ത അല്ലെങ്കില്‍ ചെയ്‌തിട്ടില്ലാത്ത കുറച്ച് സാഹചര്യങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്.
അത് സിനിമ കാണുമ്പോള്‍ മനസിലാകും. അതായത് ലാലേട്ടനെ പോലുള്ള താരത്തെ കൊണ്ട് ഈ അടുത്ത കാലത്ത് ആരും ചെയ്യിക്കാത്ത ചില കാര്യങ്ങള്‍ 'റാമി'ലുണ്ട്. അത് പരമാവധി യാഥാര്‍ഥ്യമാണെന്ന ഫീല്‍ കൊണ്ടുവരാന്‍ വേണ്ടിയിട്ടാണ്. ഒരു സാധാരണ മനുഷ്യനാണ് അയാള്‍, കൂടാതെ റാം ഒരു ആക്ഷന്‍ ചിത്രമാണ്. എല്ലാം കൂടി ഒരു സിനിമ ആക്കണം എന്ന് കരുതിയിരുന്നു. എന്നാല്‍ ഒന്നില്‍ ഒതുങ്ങുന്നില്ലായിരുന്നു.
ഒതുക്കി ചെയ്യാന്‍ നോക്കിയപ്പോള്‍ അതിന് ചെറിയ സുഖക്കുറവ് തോന്നി. അങ്ങനെ റാം രണ്ട് ഭാഗം ആക്കുന്നതിനെ കുറിച്ച് ഒരു നിര്‍ദേശം പറഞ്ഞു. അത് എല്ലാവര്‍ക്കും ഓക്കെ ആയി. അങ്ങനെയാണ് റാം രണ്ട് ഭാഗം ആക്കുന്നതിനെ കുറിച്ച് തീരുമാനിച്ചത്.' -ജീത്തു ജോസഫ് മുമ്പൊരിക്കല്‍ പറഞ്ഞു.
തൃഷ ആണ് സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയായെത്തുക. ഇന്ദ്രജിത്ത്, സംയുക്ത മേനോന്‍, പ്രിയങ്ക നായര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും.
Also Read: 'ഈ നേരിനും ഈ നേരത്തിനും നന്ദി, നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ'; കുറിപ്പുമായി അനശ്വര രാജന്‍