ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'മാരിവില്ലിൻ ഗോപുരങ്ങൾ' സിനിമയുടെ ടീസർ ശ്രദ്ധ നേടുന്നു (Indrajiths Marivillin Gopurangal Teaser). കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസർ മികച്ച പ്രതികരണമാണ് നേടുന്നത്. മ്യൂസിക് 247ന്‍റെ യൂട്യൂബ് ചാനലിലൂടെ റിലീസായ ടീസർ രണ്ട് ലക്ഷത്തിലേറെ കാഴ്‌ചക്കാരെയാണ് ഇതുവരെ യൂട്യൂബിൽ നേടിയത്.
അരുൺ ബോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൂർണമായും ഒരു ഫാമിലി എന്‍റർടെയിനർ തന്നെയായിരിക്കും 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന് ഉറപ്പുതരുന്നതാണ് ടീസർ. വിവാഹവും ദാമ്പത്യവും പ്രണയവുമെല്ലാം ഈ സിനിമയുടെ ചേരുവകളാകുമെന്ന സൂചനയും ടീസർ നൽകുന്നു.
- " class="align-text-top noRightClick twitterSection" data="">
ബിന്ദു പണിക്കർ, വസിഷ്‌ഠ് ഉമേഷ്, ജോണി ആന്‍റണി, സലിം കുമാർ, വിഷ്‌ണു ഗോവിന്ദ് തുടങ്ങിയവരാണ് ഈ സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ലൂക്ക', 'മിണ്ടിയും പറഞ്ഞും' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ'. കോക്കേഴ്‌സ് മീഡിയ എന്‍റർടെയിൻമെൻസ് ആണ് ചിത്രം നിർമിക്കുന്നത്.
കോക്കേഴ്‌സ് മീഡിയയുടെ തന്നെ നിർമാണത്തിൽ 1998ൽ പുറത്തുവന്ന ഹിറ്റ് ചിത്രം 'സമ്മർ ഇൻ ബത്ലഹേമി'ലെ ഏറെ ജനശ്രദ്ധ നേടിയ 'മാരിവില്ലിൻ ഗോപുരങ്ങൾ...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിന്‍റെ പേരായി തെരഞ്ഞെടുത്തത് എന്നതും കൗതുകമുണർത്തുന്നു. 'മാരിവില്ലിൻ ഗോപുരങ്ങൾ'ക്കായി തിരക്കഥ ഒരുക്കിയത് പ്രമോദ് മോഹൻ ആണ്. ഈ ചിത്രത്തിന്‍റെ സഹ സംവിധായകൻ കൂടിയാണ് ഇദ്ദേഹം.
മലയാള സിനിമയ്‌ക്കും സംഗീതാസ്വാദകർക്കും മറക്കാനാവാത്ത ഒട്ടനേകം മനോഹര ഗാനങ്ങൾ സമ്മാനിച്ച വിദ്യാസാഗറാണ് ഈ ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് 247 ആണ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ശ്യാമപ്രകാശ് എംഎസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചിത്ര സംയോജനം കൈകാര്യം ചെയ്യുന്നത് ഷൈജൽ പിവിയും സംവിധായകൻ അരുൺ ബോസും ചേർന്നാണ്. നവംബർ മാസം ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിലെത്തും.
ഗാനരചന - വിനായക് ശശികുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ - കെ ആർ പ്രവീൺ, കോ - ഡയറക്‌ടർ - പ്രമോദ് മോഹൻ, പ്രൊജക്‌ട് ഡിസൈനർ - നോബിൾ ജേക്കബ്, കലാസംവിധാനം - അനീസ് നാടോടി, വസ്‌ത്രാലങ്കാരം - ഗായത്രി കിഷോർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - ജോബി സോണി തോമസ് & പ്രശാന്ത് പി മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് അടൂർ, കാസ്റ്റിങ് ഡയറക്‌ടർ - ശരൺ എസ് എസ്, സ്റ്റിൽസ് - സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ് - റിഗെയിൽ കോൺസപ്റ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.