തിരുവനന്തപുരം: തലസ്ഥാന നഗരി ഇന്ന് മുതൽ സിനിമ ലഹരിയിൽ. 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും.
തുടർന്ന്, ഉദ്ഘാടന ചിത്രമായ ടോറി ആന്‍റ് ലോകിത പ്രദര്‍ശിപ്പിക്കും. ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രത്തിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. മേളയുടെ ആദ്യ ദിനമായ ഇന്ന് 11 ചിത്രങ്ങളുടെ പ്രദർശനമാണ് ഉണ്ടാകുക.
ഉദ്ഘാടന ചടങ്ങിന് ശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. മേളയിൽ ഇത്തവണ തത്സമയ സംഗീതത്തിന്‍റെ അകമ്പടിയോടെ അഞ്ച് നിശബ്‌ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യ പ്രദര്‍ശനത്തിന് മേള വേദിയാകും.
14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. 12,000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. 200ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കുന്ന മേളയില്‍ 40ഓളം പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെ എട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 സിനിമകൾ, മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങൾ, ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകൾ എന്നിങ്ങനെയാണ് പ്രദര്‍ശിപ്പിക്കുക. ലോക സിനിമ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യ പ്രദര്‍ശനത്തിന് മേള വേദിയാവും.
ഇന്നത്തെ സിനിമ (ഡിസംബർ 9 വെള്ളി)
കൈരളി | 10:00 - ഓട്ടോബയോഗ്രഫി 12:30 - സൺസ് ഓഫ് റാംസെസ് |
കലാഭവന്‍ | 10:00 - വിക്‌ടിം 12:00 - റോഡിയോ |
ടാഗോര്‍ | 10:15 - റെഡ് ഷൂസ് 12:15 - റിമെയ്ൻസ് ഓഫ് ദി വിൻഡ് |
നിശാഗന്ധി | 5:30 - ടോറി ആൻഡ് ലോകിത |
നിള | 10:30 - ദി നോയ്‌സ് ഓഫ് എൻജിൻസ് 12:15 - ബോംബർ നമ്പർ ടു |
ശ്രീ | 10:15 - സെമ്റെറ്റ് 12:15 - സനോക്‌സ് റിസ്‌ക്‌സ് ആൻഡ് സൈഡ് എഫക്‌ട്‌സ് |