കൊച്ചി : മരക്കാർ സിനിമ മാർക്കറ്റ് ചെയ്ത രീതി മാറിപ്പോയതുകൊണ്ടാണോ പരാജയപ്പെട്ടത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു പ്രിയദർശൻ. ‘അത് ഒരു നിർഭാഗ്യം പിടിച്ച സിനിമയായി പോയി, നാലുപ്രാവശ്യം റിലീസ് മാറ്റിവച്ചു, പോസ്റ്റർ ഒട്ടിച്ചു. പിന്നെയും സിനിമ വരുന്നില്ല. പിന്നീട് സിനിമ ഒടിടി റിലീസ് ചെയ്യണോ തിയേറ്റർ റിലീസ് ചെയ്യണോ എന്ന സംശയത്തിലായി’ - എന്നായിരുന്നു പ്രിയദർശൻ്റെ വാക്കുകൾ. തൻ്റെ മോശമായ ഒരുപാട് സിനിമകളിൽ ഒന്നാണ് മരക്കാർ എന്നുപറഞ്ഞ പ്രിയദർശൻ ചിത്രം കാണാൻ പൊതുജനത്തിന് ഉണ്ടായിരുന്ന ആകാംക്ഷ നഷ്‌ടമായിരുന്നെന്നും അഭിപ്രായപ്പെട്ടു.
രണ്ടാമൂഴം ഇനി ഉണ്ടാകുമോ : തുടർന്ന് എം ടി വാസുദേവൻ നായരുടെ നോവലായ രണ്ടാമൂഴത്തെ ആസ്‌പദമാക്കി ഒരുക്കുമെന്ന് പണ്ട് പ്രഖ്യാപിച്ച സിനിമയെക്കുറിച്ച് മാധ്യമ പ്രവർത്തകര്‍ ആരാഞ്ഞു. രണ്ടാമൂഴം ഇനി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇനി ഒരു ഊഴവുമില്ലെന്നും മരക്കാറോടെ തനിക്ക് മതിയായെന്നുമായിരുന്നു പ്രിയദർശൻ്റെ മറുപടി. സിനിമകളുടെ പരാജയത്തിൻ്റെ മുഖ്യ കാരണം മോശം തിരക്കഥകളാണെന്നും പ്രിയദർശൻ അഭിപ്രായപ്പെട്ടു.
സിനിമ കാണാൻ വരുന്ന പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയാത്തതാണ് ഓരോ സിനിമയുടെയും പരാജയത്തിന് കാരണം, ഒരു മോശം തിരക്കഥ എത്ര നന്നാക്കി എടുത്തിട്ടും കാര്യമില്ലെന്നും പ്രിയദർശൻ അഭിപ്രായപ്പെട്ടു. പ്രേക്ഷകന്‍ എന്താണ് കാണാൻ ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കുന്ന സംവിധായകനേ വിജയമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രയദർശൻ്റെ സംവിധാനത്തിൽ 2021 ഡിസംബർ 2 നാണ് മരക്കാർ ലോകമെമ്പാടും റിലീസ് ചെയ്‌തത്. മോഹൻ ലാൽ മുഖ്യ കഥാപാത്രമായി എത്തിയ സിനിമ വൻ പരാജയമായിരുന്നു.
also read: മമ്മൂട്ടി - ജ്യോതിക കാതല്‍ മെയില്‍ എത്തില്ല; റിലീസ് മാറ്റിവച്ചു
കൊറോണ പേപ്പേഴ്‌സിൻ്റെ പ്രമോഷൻ്റെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു പ്രിയദർശൻ : ഷൈൻ ടോം ചാക്കോ, ഷെയ്‌ൻ നിഗം, സിദ്ദിഖ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ‘കൊറോണ പേപ്പേഴ്‌സ്’. മാർച്ച് 26 ന് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഷെയ്‌ൻ നിഗം ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പ്രിയദർശൻ നിർമ്മിക്കുന്ന സിനിമയുടെ ട്രെയിലർ മോഹൻലാൽ, മഞ്ജുവാര്യര്‍, തമിഴ് താരദമ്പതികളായ സൂര്യ ജോതിക എന്നിവരും ചേർന്നാണ് റിലീസ് ചെയ്‌തത്. ഇവരെ കൂടാതെ മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമുള്ള നിരവധി നിർമ്മാതാക്കളും അഭിനേതാക്കളും സിനിമയുടെ ട്രെയിലർ ലോഞ്ചിൻ്റെ ഭാഗമായിരുന്നു.
also read: ഗ്ലാമറസ് വേഷത്തില്‍ ലക്ഷ്‌മി ദേവിയുടെ മാല ധരിച്ച് തപ്‌സി പന്നു; നടിക്കെതിരെ പരാതി
ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽ തിയേറ്ററിലെത്തുന്ന സിനിമയുടെ ട്രെയിലർ ഏറെ ശ്രദ്ധേയമായിരുന്നു. ശ്രീ ഗണേശാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. പി പി കുഞ്ഞികൃഷ്ണൻ, ഹന്ന റെജി കോശി, വിജിലേഷ്, ബിജു പാപ്പൻ, മേനക സുരേഷ് കുമാർ, നന്ദു പൊതുവാൾ, ശ്രീകാന്ത് മുരളി, സന്ധ്യ ഷെട്ടി, ശ്രീ ധന്യ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.