ഹൈദരാബാദ്: ബോളിവുഡിന് പ്രതീക്ഷ നല്‍കി വിക്രം വേദയുടെ ഹിന്ദി പതിപ്പിന്‍റെ ടീസര്‍. നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സെയ്‌ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം സെയ്‌ഫ് അലി ഖാനും വിജയ് സേതുപതി ചെയ്‌ത വേദ ഹൃത്വിക് റോഷനും ഹിന്ദിയില്‍ അവതരിപ്പിക്കും.
Vikram Vedha Hindi Teaser Released: തമിഴില്‍ ഏറെ പ്രശസ്‌തമായ 'ഒരു കഥ സൊല്ലട്ടുമാ സര്‍' എന്ന ഡയലോഗിന് സമാനമായി 'ഏക് കഹാനി സുനായെ സര്‍' എന്ന ഡയലോഗിലാണ് ഹിന്ദി ടീസര്‍ ആരംഭിക്കുന്നത്. ഒരു മിനിട്ടും 54 സെക്കന്‍റും ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനോടകം ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു.
സെയ്‌ഫിന്‍റെയും ഹൃത്വിക്കിന്‍റെയും മേക്കോവറിന് ഒപ്പം, ആക്ഷന്‍ രംഗങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഹൃത്വിക് ഇതുവരെ ചെയ്‌തതില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ് വിക്രം വേദയിലെ കഥാപാത്രം. സ്ഥിരം കണ്ട് പഴകിയ നായക കഥാപാത്രങ്ങളില്‍ നിന്ന് ഒരു നടന്‍ എന്ന നിലയില്‍ ഹൃത്വിക്കിന്‍റെ അഭിനയ മികവ് പൂര്‍ണമായും ചിത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
വേദയായുള്ള ഹൃത്വിക്കിന്‍റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒപ്പം തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് ബോളിവുഡിനെ രക്ഷിക്കാന്‍ വിക്രം വേദക്ക് കഴിയുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. സെയ്‌ഫിനും ഹൃത്വിക്കിനും പുറമെ രാധിക ആപ്‌തെ, രോഹിത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്‌മി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.
തമിഴ് ചിത്രം വിക്രം വേദ ഒരുക്കിയ സംവിധായകരായ പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്‌തിരിക്കുന്നത്. ഫ്രൈഡേ ഫിലിം വര്‍ക്ക്‌സിന്‍റെ ബാനറില്‍ നീരജ് പാണ്ഡെയും റിലയന്‍സ് എന്‍റര്‍ടെയ്‌ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെപ്‌റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Vikram Vedha Tamil Movie: 2017ലാണ് മാധവന്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ വിക്രം വേദ റിലീസായത്. ബൈതല്‍ പചിസി എന്ന നാടോടി കഥയെ ആസ്‌പദമാക്കി പുറത്തിറങ്ങിയ ചിത്രം കോളിവുഡില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. വേദ എന്ന ഗുണ്ട നേതാവിനെ പിന്തുടരുന്ന വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ യാത്ര ആണ് ചിത്രത്തിന്‍റെ ഉള്ളടക്കം.
വേദ പറയുന്ന മൂന്ന് കഥകളിലൂടെ ശരിയെയും തെറ്റിനെയും കുറിച്ചുള്ള വിക്രത്തിന്‍റെ കാഴ്‌ചപ്പാടുകള്‍ മാറുന്നതാണ് കഥ. വിക്രമായി മാധവനും വേദയായി വിജയ് സേതുപതിയും ചിത്രത്തില്‍ വേഷമിട്ടു. മാധവനെയും വിജയ് സേതുപതിയേയും കൂടാതെ ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്‌മി ശരത്‌കുമാര്‍, ഹരീഷ് പേരടി തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്‌തു.
വൈനോട്ട് സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് ശശികാന്ത് ആണ് ചിത്രം നിര്‍മിച്ചത്. നാല് ഫിലിം ഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.