ഹൈദരാബാദ്: ബോളിവുഡില്‍ ഏറ്റവും അധികം താരമൂല്യമുള്ള അഭിനേതാക്കളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. താരത്തിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫൈറ്റർ'. ആരാധക വൃന്ദം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സൂപ്പർതാരം.
ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോൺ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ദീപികയും ഹൃത്വിക്കും ആദ്യമായാണ് ഓൺ-സ്‌ക്രീനില്‍ ഒന്നിക്കുന്നത് എന്നതും 'ഫൈറ്ററി'ന്‍റെ പ്രത്യേകതയാണ്. എയര്‍ഫോഴ്‌സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക്കും ദീപികയും എത്തുക എന്നാണ് വിവരം.
അതേസമയം ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ഏരിയൽ ആക്ഷൻ ഡ്രാമയായിരിക്കും 'ഫൈറ്റർ'. ഒരു യുദ്ധവിമാനത്തില്‍ പുറം തിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഹൃത്വിക് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. 'ഫൈറ്ററി'ന് ഇനി ഏഴ് മാസം കൂടി എന്നും താരം കുറിച്ചു.
ഇതിനിടെ ടോം ക്രൂസ് ചിത്രത്തോടാണ് 'ഫൈറ്ററി'നെ ഒരു വിഭാഗം ഉപമിച്ചത്. ടോം ക്രൂസിന്‍റെ 'ടോപ്പ് ഗൺ: മാവെറിക്കി'നെ ചിത്രം ഓർമിപ്പിച്ചെന്ന് ചിലർ കമന്‍റ് ബോക്‌സിൽ കുറിച്ചു. 'ടോപ്പ് ഗണ്ണിന്‍റെ ഇന്ത്യൻ പതിപ്പ്: മാവെറിക്ക് ലോഡിങ്"- ഹൃത്വിക്കിന്‍റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതി. 'ദയവായി ടോപ്പ് ഗൺ റീമേക്ക് ചെയ്യരുത്' എന്നായിരുന്നു മറ്റൊരാളുടെ അഭ്യർഥന.
ഏതായാലും ഹൃത്വിക്കിനെ അഭിനന്ദിച്ചും പുതിയ ചിത്രത്തിന്‍റെ പ്രതീക്ഷകൾ പങ്കുവച്ചും ആരാധകർ ആവേശം കൂട്ടുന്നുണ്ട്. 'ഫൈറ്റർ' ടീസറും ട്രെയിലറും എപ്പോൾ പുറത്തിറങ്ങുമെന്ന് അറിയാനുള്ള ആകാംക്ഷയിലുമാണ് അവർ.
'ഫൈറ്റർ' സിനിമക്കായി കഠിനമായ ശാരീരിക പരിശീലനം ഹൃത്വിക് നടത്തിയിരുന്നു. ഫിറ്റ്നസ് പരിശീലകനായ ക്രിസ് ഗെതിന്‍റെ മാർഗനിർദേശ പ്രകാരമായിരുന്നു വർക്കൗട്ടുകൾ. 'ഫൈറ്റര്‍' വയാകോം 18 സ്റ്റുഡിയോസ്, മംമ്‌ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് നിര്‍മിക്കുന്നത്.
ചിത്രത്തില്‍ അനിൽ കപൂർ, അക്ഷയ് ഒബ്‌റോയ്, കരൺ സിങ് ഗ്രോവർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം അടുത്ത വർഷം ജനുവരി 25 ന് തിയേറ്ററുകളിൽ എത്തും.
അതേസമയം 'വിക്രം വേദ'യാണ് ഹൃത്വിക് റോഷൻ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. സിനിമാസ്വാദകർ വൻ വിജയമാക്കിയ, മാധവൻ - വിജയ് സേതുപതി ടീം കൈകോർത്ത തമിഴ് ചിത്രം 'വിക്രം വേദ'യുടെ റീമേക്കായിരുന്നു ഇത്. പുഷ്‍കര്‍ - ഗായത്രി എന്നിവർ തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്‌തത്.
ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവർ നിർമിച്ച ചിത്രത്തിൽ ഹൃത്വിക് റോഷനു പുറമേ സെയ്‌ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പി എസ് വിനോദ് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ ചിത്രസംയോജനം നിര്‍വഹിച്ചത് റിച്ചാര്‍ഡ് കെവിൻ ആണ്. സാം സി എസ് പശ്ചാത്തല സംഗീതവും വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവർ പാട്ടുകളും ഒരുക്കി.
READ MORE: 'ഏക് കഹാനി സുനായെ സര്‍', ത്രില്ലടിപ്പിക്കാന്‍ ഹൃത്വിക്കും സെയ്‌ഫും, വിക്രം വേദ ഹിന്ദി ടീസര്‍