വാഷിങ്‌ടണ്‍ : 'ഹാരി പോട്ടർ' സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച സ്കോട്ടിഷ് നടൻ റോബീ കോൾട്രാൻ അന്തരിച്ചു. 72 വയസായിരുന്നു. സ്കോട്ട്ലൻഡിലെ ആശുപത്രിയിൽ വെള്ളിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 14) അന്ത്യം സംഭവിച്ചത്.
രണ്ട് വർഷമായി അദ്ദേഹത്തെ അനാരോഗ്യം അലട്ടിയിരുന്നു. എന്നാല്‍, മരണ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സ്റ്റാന്‍ഡ് അപ് കൊമേഡിയനായി അരങ്ങേറ്റം കുറിച്ച കോൾട്രാൻ, ഹാരി പോട്ടറിന്‍റെ മാർഗനിർദേശകനായ റൂബ്യൂസ് ഹാഗ്രിഡെന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശംസ പിടിച്ചുപറ്റി. 2001നും 2011നുമിടയിൽ പുറത്തിറങ്ങിയ ഹാരി പോട്ടര്‍ സീരീസുകളിലാണ് അദ്ദേഹം മുഖം കാണിച്ചത്.
മികച്ച നടനുള്ള പുരസ്‌കാരം മൂന്നുതവണ : 1990കളിലെ ത്രില്ലർ സീരിയലായ 'ക്രാക്കറി'ലൂടെയാണ് പ്രശസ്‌തി കൈവരിക്കുന്നത്. ഇതിലെ ഡിറ്റക്‌ടീവ് വേഷം മൂന്നുതവണയാണ് അദ്ദേഹത്തിന് ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ പുരസ്‌കാരം നേടിക്കൊടുത്തത്. ഇവ മൂന്നും മികച്ച നടനുള്ള അവാര്‍ഡായിരുന്നു. ജെയിംസ് ബോണ്ട് ചിത്രങ്ങളായ 'ഗോൾഡൻ ഐ', 'ദ വേൾഡ് ഈസ് നോട്ട് ഇനഫ്' എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.
ഡോക്‌ടര്‍, അധ്യാപിക ദമ്പതികളുടെ മകനായി 1950 മാർച്ച് 30ന് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലാണ് ജനനം. ഗ്ലാസ്ഗോ ആർട്ട് സ്‌കൂളിൽ നിന്ന് ബിരുദം, എഡിൻബർഗിലെ മോറെ ഹൗസ് കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്ന് കലാപഠനത്തില്‍ ബിരുദം എന്നിവ നേടിയിട്ടുണ്ട്.