തിരുവനന്തപുരം: മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ കെ പി ഹരിഹരപുത്രന്‍ (K P Harihara Puthran) വിടവാങ്ങി. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (ഓഗസ്റ്റ് 26) രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വച്ച് നടക്കും (Film Editor KP Harihara Puthran Passed Away).
മലയാള സിനിമ ലോകത്ത് അരനൂറ്റാണ്ടായി സജീവ സാന്നിധ്യമായിരുന്നു കെ പി ഹരിഹരപുത്രന്‍. അസിസ്റ്റന്റ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റര്‍ എന്നീ നിലകളിലും കെ പി ഹരിഹരപുത്രന്‍ മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
50 വർഷത്തെ സിനിമ ജീവിതത്തിനിടെ 'കള്ളിയങ്കാട്ട് നീലി (Kalliyankattu Neeli), ശേഷക്രിയ (Seshakreeya), ഏപ്രില്‍ 18 (April 18), സുഖമോ ദേവി (Sukhamo Devi), വിവാഹിതരേ ഇതിലേ (Vivahithare Ithile), സര്‍വകലാശാല (Sarvakalashala), നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം (Nagarangalil Chennu Raparkam), തലമുറ (Thalamura), ചകോരം (Chakoram), അനിയന് ബാവ ചേട്ടന് ബാവ (Aniyan Bava Chetan Bava), ദി കാര്‍ (The Car), സൂപ്പര്മാന് (Super Man), പഞ്ചാബി ഹൗസ് (Punjabi House), ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം (Sreekrishnapurathe Nakshathrathilakkam), പാണ്ടിപ്പട (Pandippada), തൊമ്മനും മക്കളും (Thommanum Makkalum), മായാവി (Mayavi), വടക്കുംനാഥന് (Vadakkumnadhan), ചതിക്കാത്ത ചന്തു (Chathikkatha Chanthu), ചോക്ലേറ്റ് (Chocolate)' തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട് കെ പി ഹരിഹരപുത്രന്‍.
1971ല്‍ പുറത്തിറങ്ങിയ 'വിലക്കു വാങ്ങിയ വീണ' (Vilakku Vangatha Veena) എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് എഡിറ്ററായാണ് അദ്ദേഹത്തിന്റെ തുടക്കം. തുടർന്ന് അതേവര്‍ഷം തന്നെ 'വിത്തുകള്‍ (Vithukal) എന്ന ചിത്രത്തിലൂടെ കെ ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്റര്‍ ആയി. എം കൃഷ്ണൻ നായർ (M Krishnan Nair) സംവിധാനം ചെയ്ത 'കള്ളിയങ്കാട്ട് നീലി' എന്ന ചിത്രമാണ് അദ്ദേഹം സ്വതന്ത്ര എഡിറ്ററായി ചെയ്ത ആദ്യ സിനിമ. 1979 ല്‍ ആയിരുന്നു ഈ ചിത്രത്തിന്റെ റിലീസ്. സോഹന്‍ ലാലിന്റെ (Sohan Lal) സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി' (The Great Indian Road Movie) ആണ് അവസാന ചിത്രം.
അതേസമയം മലയാളത്തിലെ പ്രമുഖ ചലച്ചിത്ര എഡിറ്ററുടെ വിയോഗത്തില്‍ മധുപാല്‍ (Madhupal) അടക്കമുള്ള സഹപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. 'പ്രിയപ്പെട്ട ഹരിഹരപുത്രന്‍ സാറിന് ആദരാഞ്ജലികള്‍. മലയാളത്തില്‍ പ്രശസ്തമായ ഒരുപാട് ചിതങ്ങളുടെ ഫിലിം എഡിറ്റര്‍ ആയിരുന്ന പുത്രന് സാറിന്റെ ദേഹ വിയോഗത്തില്‍ പ്രാർഥനയോടെ' -എന്നാണ് മധുപാല്‍ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്.
READ ALSO: K Ravindranathan Nair | ജനറല്‍ പിക്ചേഴ്സിന്റെ അമരക്കാരൻ അച്ചാണി രവി വിടവാങ്ങി