തിരുവനന്തപുരം : മലയാളത്തിന്‍റെ പ്രിയ നടൻ ഇന്ദ്രജിത്ത് സുകുമാരൻ, അദ്ദേഹത്തിന്‍റെ പാട്ട് എന്ന് പറയുമ്പോൾ ആദ്യം ഓർമ വരിക 'അമർ അക്‌ബർ അന്തോണി' എന്ന ചിത്രത്തിലെ 'അന്തോണി' എന്ന കഥാപാത്രത്തെയാണ്. ചിത്രത്തിൽ അദ്ദേഹം പാടിയ രണ്ട് പാട്ടുകളും മലയാളികളെ കുടുകുടാ ചിരിപ്പിച്ചിരുന്നു.
പെൺപിള്ളേരെ വീഴ്ത്താനുള്ള 'അന്തോണി'യുടെ ആ രണ്ട് വരി കവിത ഓർക്കാത്ത മലയാളികളുണ്ടോ? പുതിയ മുഖോ... എന്ന് തൊണ്ട കീറി പാടിയ അന്തോണിയെ കണ്ട് തിയേറ്ററിൽ പൊട്ടിച്ചിരി ഉയർന്നിരുന്നു. അതുപോലെ തന്നെ കാമുകിയുടെ വീട്ടിലെത്തിയ അന്തോണി പാടിയ പാട്ടും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയിരുന്നു.
പാടൂന്നെ...പാടരുത്... പാടൂന്നെ പ്ലീസ്.. പാടരുത്... പാടി.. കടുവായെ കിടുവ പിടിക്കുന്നെ ഹമ്പമ്പോ മരയോന്തിന് ചായമടിക്കുന്നേ..
എന്നാൽ ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമൻസ് കോളജിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇന്ദ്രജിത്തിനോട് വിദ്യാർഥികൾ ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു. എന്നാൽപ്പിന്നെ സാധിച്ച് കൊടുക്കാമെന്ന് ഇന്ദ്രജിത്തും. പുതിയ മുഖവും കടുവായെ കിടുവ പിടിക്കുന്ന ഗാനവുമൊക്കെ പ്രതീക്ഷിച്ച കാണികളെ ഞെട്ടിച്ചുകൊണ്ട് താരം പാടി.. അരവിന്ദ് സ്വാമി നായകനായ ബോംബെ എന്ന ചിത്രത്തിലെ ഉയിരേ.. ഉയിരേ.. എന്ന പാട്ടാണ് താരം പാടിയത്.
പാട്ട് പാടി നിർത്തിയതും ഓഡിറ്റോറിയത്തിൽ നിർത്താതെയുള്ള കൈയടി മുഴങ്ങി. നിറഞ്ഞ ഹർഷാരവത്തോടെ ഏവരും ഇന്ദ്രജിത്തിന്‍റെ പാട്ട് ഏറ്റെടുത്തു. സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഇപ്പോൾ താരത്തിന്‍റെ പാട്ട്.
അമ്മ മല്ലിക സുകുമാരൻ പഠിച്ച തിരുവനന്തപുരത്തെ വനിത കോളജായ വിമൻസ് കോളജിൽ തന്നെയാണ് മകൻ അതിഥിയായി എത്തി പാട്ടുപാടി ഹിറ്റായത്. താരത്തിന്‍റെ പുതിയ ചിത്രം കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റലിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായാണ് കോളജിൽ താരം എത്തിയത്. വമ്പൻ സ്വീകരണമാണ് കോളജിൽ ഇന്ദ്രജിത്തിന് ലഭിച്ചത്. കോളജിൽ എത്തിയതിന്‍റെ ചിത്രങ്ങൾ താരം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു.
ഇന്ദ്രജിത്തിനെ കൂടാതെ പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയു മോഹൻ, ഹരിശ്രീ അശോകന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ സനല്‍ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാന്‍റസി കോമഡി ചിത്രമായ 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍' ഓഗസ്റ്റ് 11നാണ് പ്രദർശനത്തിന് എത്തുന്നത്.
'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൗ സിനിമാസിന്‍റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ ആണ് ചിത്രം നിർമിക്കുന്നത്. ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. എഡിറ്റര്‍ - മന്‍സൂര്‍ മുത്തുട്ടി. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്‍, സന്തോഷ് വർമ, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. സംഗീതം സംവിധാനം രഞ്ജിന്‍ രാജ് ആണ്.