സിദ്ദിഖ്, മലയാളി സിനിമാസ്വാദകർക്ക് അത്രമേൽ പരിചിതമായ പേര്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിദ്ദിഖ് സമ്മാനിച്ചത് പ്രേക്ഷകർക്ക് ഒരുകാലത്തും മറക്കാൻ കഴിയാത്ത സിനിമാനുഭവങ്ങളാണ്. തിരശീലയ്‌ക്ക് മുന്നില്‍ സിദ്ദിഖ് ഒരുക്കിയ മായിക ലോകത്തില്‍ അലിഞ്ഞുചേരാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു നമുക്ക്. ആർത്തലച്ചുപെയ്യുന്ന പേമാരി കണക്കിന് തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ പെയ്‌ത്തായിരുന്നു സിദ്ദിഖിന്‍റെ ഓരോ ചിത്രങ്ങളും.
സംവിധായകനെന്ന ചട്ടക്കൂടില്‍ മാത്രം തളച്ചിടാൻ കഴിയില്ല നമുക്ക് സിദ്ദിഖിനെ. തിരക്കഥാകൃത്ത്, നിർമാതാവ്, അഭിനേതാവ്, മിമിക്രി കലാകാരൻ എന്നിങ്ങനെ വിശേഷണങ്ങൾ അനേകം. മിമിക്രിയിലൂടെ ആയിരുന്നു സിദ്ദിഖിന്‍റെ തുടക്കമെന്ന് പറയാം. കൊച്ചിൻ കലാഭവനില്‍ പയറ്റിത്തെളിഞ്ഞ കലാകാരൻ. ചിരിയുടെ ലോകചരിത്രത്തിൽ കൊച്ചിൻ കലാഭവനെ അടയാളപ്പെടുത്തിയതില്‍ അദ്ദേഹത്തിന്‍റെ പങ്ക് എടുത്തുപറയേണ്ടതാണ്.
അസിസ്‌റ്റന്‍റ് ഡയറക്‌ടറായി അരങ്ങേറ്റം: പ്രശസ്‌ത സംവിധായകൻ ഫാസിലിന്‍റെ അസിസ്‌റ്റന്‍റായാണ് സിദ്ദിഖ് സിനിമ ലോകത്തേക്കുള്ള വരവറിയിക്കുന്നത്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ച് കൊണ്ടിരുന്ന കാലത്താണ് സിദ്ദിഖ് ഫാസിന്‍റെ കണ്ണിലുടക്കുന്നത്. പിന്നീട് ഫാസില്‍ ചിത്രങ്ങളുടെ പിന്നാമ്പുറങ്ങളില്‍ സിദ്ദിഖ് സ്ഥിരം സാന്നിധ്യമായി. അവിടെ നിന്നും കഠിന പ്രയത്നത്തിലൂടെ അനേകം സിനിമകളുടെ അമരക്കാരനായി അദ്ദേഹം വളർന്നു. പതിയെ രാജ്യമറിയുന്ന സംവിധായകനിലേക്ക് അദ്ദേഹം നടന്നുകയറി.
1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെയാണ് ഒരു തിരക്കഥാകൃത്ത് ആയി അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. 1989ൽ റാംജി റാവു സ്‌പീക്കിങ് എന്ന ചിത്രത്തിലൂടെ സിദ്ദിഖ് ആദ്യമായി സംവിധായക കുപ്പായത്തിന്‍റെയും പാകം നോക്കി. മടുപ്പിക്കാത്ത നർമവും ഹൃദയംതൊടുന്ന കഥയും പലവിധ വികാരങ്ങളുടെ കൂടിച്ചേരലുമെല്ലാം സിദ്ദിഖ് സിനിമകളുടെ ചേരുവകളാണ്.
പ്രശസ്‌ത നടനും സംവിധായകനുമായ ലാലിനൊപ്പം സിദ്ദിഖ് - ലാൽ എന്ന പേരിൽ അദ്ദേഹം ഒരുക്കിയ സിനിമകളെല്ലാംതന്നെ ബോക്‌സോഫിസ് കീഴടക്കിയവയായിരുന്നു. ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മിക്ക സിനിമകളും എന്നതിനാൽ പ്രേക്ഷകർ ആ കൂട്ടുകെട്ടിനെ നെഞ്ചോടുചേർത്തു. ഒരു കാലത്ത് തിരശീലയിൽ തെളിഞ്ഞുവരുന്ന സിദ്ദിഖ് - ലാൽ എന്ന പേര് മാത്രം മതിയായിരുന്നു തിയേറ്ററുകളിലേക്ക് കാണികളുടെ കുത്തൊഴുക്ക് അണപൊട്ടിയൊഴുകാൻ. പിന്നീട് കൂട്ടുകെട്ടൊഴിവാക്കി സ്വതന്ത്ര സംവിധായകൻ ആയപ്പോഴും പ്രേക്ഷകരെ നിരാശരാക്കിയില്ല സിദ്ദിഖ്.
കഥ, തിരക്കഥ- സിദ്ദിഖ്: ഒരുപക്ഷെ സിദ്ദിഖിന്‍റെ എഴുത്തിനെയാകണം മലയാളികൾ ഒരിത്തിരി കൂടുതൽ ഇഷ്‌ടപ്പെടുക. നർമത്തിന്‍റെ മണിമുത്തുകൾ അടർന്നുവീണ ആ തൂലികയുടെ നഷ്‌ടം മലയാള സിനിമയ്‌ക്ക് നികത്താനാവാത്തതാണ്.
റാംജിറാവ് സ്‌പീക്കിങ്, ഇൻ ഹരിഹർ നഗർ, ടു ഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിവയാണ് സിദ്ദിഖ് ലാലിനോടൊപ്പം ചെയ്‌ത ചിത്രങ്ങൾ. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം തിയേറ്ററിൽ കളിച്ച സിനിമ എന്ന റെക്കോഡ് ഇന്നും ഗോഡ്‌ഫാദർ സിനിമയുടെ പേരിലാണ്. അഞ്ഞൂറാന്‍റെയും മക്കളുടെയും കഥ പറഞ്ഞ ചിത്രം 404 ദിവസം ആണ് തുടർച്ചയായി ഓടിയത്.
റാംജിറാവ് സ്‌പീക്കിങ്ങും ഇൻ ഹരിഹർ നഗറുമെല്ലാം തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ചിത്രങ്ങളാണ്. എന്തിനേറെ പറയുന്നു, വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇന്നും ഈ ചിത്രങ്ങൾ ഒട്ടും മടുപ്പിക്കാതെ മലയാളികൾക്ക് പൊട്ടിച്ചിരി സമ്മാനിച്ചു കൊണ്ടേയിരിക്കുന്നു.
ഹിറ്റ്ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലർ, ബോഡി ഗാർഡ്, ലേഡീസ് & ജെന്‍റിൽമാൻ, ഭാസ്ക്കർ ദി റാസ്ക്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിവയാണ് ലാലിന്‍റെ കൂട്ട് അവസാനിപ്പിച്ച് സിദ്ദിഖ് ഒറ്റയ്‌ക്ക് ചെയ്‌ത മലയാള ചിത്രങ്ങൾ. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലും തെലുഗുവിലും അദ്ദേഹം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളത്തില്‍ വൻ വിജയമായിരുന്ന ഫ്രണ്ട്‌സ് (തമിഴ്) എന്ന ചിത്രം അതേപേരില്‍ അദ്ദേഹം തമിഴിലും ഒരുക്കി. എങ്കൾ അണ്ണ, സാധു മിറാൻഡ, ബോഡിഗാർഡിന്‍റെ തമിഴ് റീമേക്ക് കാവലൻ എന്നിവയാണ് അദ്ദേഹം തമിഴിൽ സംവിധാനം ചെയ്‌ത മറ്റ് ചിത്രങ്ങൾ. തെലുഗുവിൽ മാറോ എന്ന ചിത്രവും ഹിന്ദിയില്‍ ബോഡിഗാർഡിന്‍റെ റീമേക്കും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഈ ചിത്രങ്ങളുടെയെല്ലാം കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചത് സിദ്ദിഖ് ആണ്.
പപ്പൻ പ്രിയപ്പെട്ട പപ്പൻ (കഥ, തിരക്കഥ), നാടോടിക്കാറ്റ് (കഥ), മക്കൾ മഹാത്മ്യം (കഥ, തിരക്കഥ), മാന്നാർമത്തായി സ്‌പീക്കിങ് (കഥ, തിരക്കഥ), അയാൾ കഥ എഴുതുകയാണ് (കഥ), ഹുൽചുൽ (കഥ- ഹിന്ദി), ഫിങ്ഗർ പ്രിന്‍റ് (തിരക്കഥ), കിങ് ലയർ (കഥ, തിരക്കഥ) എന്നിവയാണ് അദ്ദേഹം തൂലിക ചലിപ്പിച്ച മറ്റ് ചിത്രങ്ങൾ.
ഹാസ്യത്തിന്‍റെ ദി കിങ്: ഹാസ്യവും നർമരംഗങ്ങളും തന്നെയായിരുന്നു സിദ്ദിഖ് ചിത്രങ്ങളെ പ്രേക്ഷകർക്ക് അത്രയേറെ പ്രിയങ്കരമാക്കിയത്. ഗോഡ്‌ഫാദറും നാടോടിക്കാറ്റും ഹരിഹർ നഗറും ഫ്രണ്ട്സും റാംജിറാവു സ്പീക്കിങ്ങും, അയാൾ കഥയെഴുതുകയാണും മാന്നാർ മത്തായി സ്പീക്കിങ്ങുമെല്ലാം മലയാളികളെ കുടുകുടെ ചിരിപ്പിച്ച സിനിമകളാണ്, അല്ല ഇന്നും ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ഒരിടവേളയ്‌ക്ക് ശേഷം പഴയ ഹാസ്യരാജാവിന്‍റെ പ്രതാപത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു 'കിങ് ലയർ'. പുതിയ കാലത്തെ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുന്ന നർമരംഗങ്ങൾ അദ്ദേഹം വാർത്തെടുത്തു. പിന്നീടദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഇനിയുമെത്രെയോ ചിത്രങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചാണ് ഇപ്പോഴുള്ള ഈ മടക്കം.
മലയാളികൾക്ക് മരിക്കാത്ത ചിരി സമ്മാനിച്ചുകൊണ്ടുള്ള പിൻവാങ്ങൽ...എന്നെന്നും ഓർക്കാൻ ഒട്ടേറെ സിനിമാനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് പൊടുന്നനെ അപ്രത്യക്ഷമായ സിനിമാക്കാരൻ... ദൃശ്യകലയുടെ പരിപൂർണതയിലേക്ക് നടന്നുകയറിയിട്ടും ജീവിത യാത്രയിൽ പൊടുന്നനെ മടങ്ങേണ്ടി വന്ന അതുല്യ കലാകാരനെ എക്കാലവും മലയാളികൾ ഓർമിച്ചുകൊണ്ടേയിരിക്കും.