ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു നിർമിച്ച് ദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം 'വാലാട്ടി' തിയേറ്ററുകളിൽ മികച്ച പ്രേക്ഷകഭിപ്രായം നേടി മുന്നേറുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ കൂടുതൽ തിയേറ്ററുകൾ നേടിയെടുക്കാൻ ശ്വാന നായകന്മാർക്ക് സാധിച്ചു. മാത്രമല്ല ജിസിസിയിലും ഈ ആഴ്‌ച ചിത്രം പ്രദർശനത്തിന് എത്തും. ഇപ്പോഴിതാ വാലാട്ടിയെക്കുറിച്ചും അതിലെ നായകന്മാരെക്കുറിച്ചും ഇടിവി ഭാരതിനോട് മനസ് തുറക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകൻ ദേവൻ.
കൃത്യമായി പറഞ്ഞാൽ 2018ലാണ് നായ്‌ക്കൾ കേന്ദ്ര കഥാപാത്രമായി ഒരു കഥ സംവിധായകൻ ദേവന്‍റെ മനസിൽ ഉരുത്തിരിയുന്നത്. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട പരീക്ഷണ കാലം കൂടിയായിരുന്നു അത്. ആശയം നടനും നിർമാതാവുമായ വിജയ് ബാബുവിനോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന് സബ്‌ജക്‌ടിൽ തോന്നിയ ആത്മവിശ്വാസമാണ് ഇപ്പോൾ പ്രേക്ഷകരെ ചിരിപ്പിച്ച് ചിന്തിപ്പിച്ച് തിയേറ്ററുകളിൽ ബോക്‌സോഫിസ് കുലുക്കുന്ന വാലാട്ടിയുടെ വിജയ മന്ത്രമെന്ന് സംവിധായകൻ പറയുന്നു.
നിർമാതാവ് ഊർജം പകർന്നതോടെ എങ്ങനെ രസകരമായി തിരക്കഥ എഴുതി പൂർത്തിയാക്കാം എന്നതായി ചിന്ത. എഴുതി പൂർത്തിയാക്കിയ തിരക്കഥ നിർമാതാവിനെ വായിച്ചു കേൾപ്പിക്കുമ്പോൾ കടലാസിലെ നായ ലോകം എങ്ങനെ തിരശീലയിൽ ഒരുക്കും എന്നതിനെക്കുറിച്ചുള്ള വ്യാകുലകതകളായി. ആത്മവിശ്വാസം ഉച്ചസ്ഥായിയിൽ ആയിരുന്ന സംവിധായകൻ ചുറ്റുപാടു നിന്നും കേട്ട നെഗറ്റീവുകൾക്ക് കാതോർത്തില്ല.
ചിത്രത്തിലെ കഥാപാത്രങ്ങളായ ഓരോ നായ്‌ക്കളും ഏതൊക്കെ ബ്രീഡിൽ ഉള്ളതായിരിക്കണം എന്ന് സംവിധായകന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഏതു നിറം, പ്രായം, എന്നിങ്ങനെയെല്ലാം സംവിധായകന്‍റെ മനസില്‍ ഉണ്ടായിരുന്നു. ആദ്യപടിയായി താൻ മനസിൽ കണ്ട ശ്വാന നായകന്മാരെ തേടി കേരളത്തിലും തമിഴ്‌നാട്ടിലും ബെംഗളൂരുവിലുമായി യാത്ര ആരംഭിച്ചു.
എന്നാൽ മനസിലെ കഥാപാത്രങ്ങൾക്ക് ഭാവം പകരാൻ തേടിച്ചെന്ന ഒരു നായയ്‌ക്കും സാധിക്കില്ലെന്ന തിരിച്ചറിവ് അധികം വൈകാതെ ലഭിക്കുന്നു. പിന്നീടുള്ള ഒരു പോംവഴി കഥാപാത്രങ്ങളായ നായ്‌ക്കളെ കുഞ്ഞായിരിക്കുമ്പോൾ തന്നെ സ്വന്തമാക്കി ട്രെയിനിങ് കൊടുത്ത് വളർത്തി വലുതാക്കുക എന്നുള്ളതായിരുന്നു. ശേഷം ഇത് സംബന്ധിച്ച് കേരളത്തിലെ പല പ്രമുഖ ഡോഗ് ട്രൈനേഴ്‌സും ആയി സംസാരിച്ചു. ഒരു നായയെ ട്രെയിൻ ചെയ്‌ത് എന്തൊക്കെ ആക്‌ടിവിറ്റീസ് ചെയ്‌തടുക്കാൻ സാധിക്കും എന്ന് കൃത്യമായി മനസിലാക്കി.
തിരക്കഥ രചന പൂർത്തിയായതും കുഞ്ഞു പപ്പികളെ സ്വന്തമാക്കി ട്രെയിൻ ചെയ്‌തു വളർത്താനുള്ള തീരുമാനത്തിന് നിർമാതാവ് പച്ചക്കൊടി വീശിയതോടെ നായ്‌ക്കളെ കുറിച്ച് പഠിച്ചതും അറിഞ്ഞതും എല്ലാം ശ്വാന കഥാപാത്രങ്ങളെ ട്രെയിൻ ചെയ്യാനെത്തിയ ട്രെയിനറിനു പകർന്നു നൽകി. ശേഷം തിരക്കഥയിലെ നായ കഥാപാത്രങ്ങളുടെ സ്വഭാവവും ബോധ്യപ്പെടുത്തി. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ട്രെയിനിങ്.
ചലച്ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ മുഴുവൻ നായ്‌ക്കളുടെ കുഞ്ഞു പ്രായം മുതൽ ഒപ്പം ഉണ്ടായിരുന്നതിനാൽ ആർക്കും തന്നെ സെറ്റിൽ ശ്വാന ഭയം തെല്ലും ഇല്ലായിരുന്നു. കൊല്ലം തങ്കശ്ശേരി സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായി മാറി. നായ്‌ക്കളെ കൊണ്ട് അഭിനയിപ്പിക്കുക എന്നത് ഒരു ഭഗീരഥപ്രയത്‌നം ആയിരുന്നെന്ന് സംവിധായകൻ പറയുന്നു. അനിമൽ വെൽഫെയർ ബോർഡിന്‍റെ നൂലാമാലകൾ വേറെ.
പ്രതിസന്ധികൾ തരണം ചെയ്‌ത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നായ്‌ക്കളുടെ ആ ദിവസത്തെ മാനസികാവസ്ഥ, ആരോഗ്യസ്ഥിതി എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ഏതു രംഗം ചിത്രീകരിക്കണം എന്ന സംവിധായകൻ തീരുമാനിക്കുന്നത്. മൃഗങ്ങളെ കഥാപാത്രങ്ങൾ ആകുമ്പോൾ കൃത്യമായ ഷെഡ്യൂൾ കേന്ദ്രീകരിച്ച് നിർമാണം മുന്നോട്ടു കൊണ്ടുപോവുക അസാധ്യമാണ്.
ചെറിയൊരു ക്യാൻവാസിൽ ചിത്രീകരണം ആരംഭിച്ച ശേഷം, ചിത്രീകരിച്ച ദൃശ്യങ്ങൾ കാണിച്ച് നിർമാതാവിനെ സംതൃപ്‌തിപ്പെടുത്തിയപ്പോൾ സിനിമയുടെ ബജറ്റും വലുതായി. മലയാളത്തിലെ താരമൂല്യമുള്ള ഒരു അഭിനേതാവിന്‍റെ ചിത്രത്തിന് എത്രത്തോളം നിർമാണ ചെലവ് ഉണ്ടാകുമോ അത്രയും തന്നെ ചെലവ് വാലാട്ടിക്കും ഉണ്ടായിട്ടുണ്ടെന്ന് സംവിധായകൻ പറയുന്നു.
വിജയ് ബാബുവിനെ പോലെ സിനിമയുടെ പൾസ് അറിയാവുന്ന ഒരു നിർമാതാവ് തനിക്കൊപ്പം ഇല്ലായിരുന്നെങ്കിൽ 'വാലാട്ടി' എന്ന ചലച്ചിത്രം അസംഭവ്യം ആയിരുന്നു എന്നാണ് സംവിധായകന്‍റെ അഭിപ്രായം. ചിത്രീകരണം പൂർത്തിയാകുമ്പോൾ സിനിമയ്‌ക്ക് 70 മണിക്കൂറാണ് ഫൂട്ടേജ് ഡ്യൂറേഷൻ. സാധാരണ ഒരു ചലച്ചിത്രത്തിന് 10 മുതൽ 15 മണിക്കൂർ വരെ മാത്രമാണ് എന്നോർക്കണം.
'വാലാട്ടി'യുടെ ഓരോ രംഗങ്ങളും ചിത്രീകരിക്കുമ്പോൾ ഒരു സംവിധായകന് ക്രിയേറ്റിവിറ്റിക്ക് അപ്പുറത്തേക്ക് ക്ഷമ എന്ന മാനുഷിക വികാരമാണ് കൂടുതലായി ആവശ്യമായി വന്നത്. ക്ഷമ ഇല്ലാത്തപക്ഷം തിരക്കഥ എഴുതുമ്പോൾ മനസിൽ കണ്ട ദൃശ്യചാരുതയുടെ പത്തുശതമാനം പോലും സ്‌ക്രീനിൽ എത്തിക്കുവാൻ സാധിക്കില്ല. അത്രയും ബുദ്ധിമുട്ടേറിയതായിരുന്നു നായ്‌ക്കളെ വച്ചുള്ള ചിത്രീകരണം.
ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് ചിത്രത്തിൽ 'ടോമി' എന്ന കഥാപാത്രത്തെ അവതരിക്കുന്നത്. ഇംഗ്ലീഷ് കോക്കർ സ്‌പാനിയേൽ എന്ന വിലകൂടിയ ഇനത്തിൽപ്പെട്ട നായയാണ് 'അമലു' എന്ന കഥാപാത്രം ഭംഗിയാക്കിയത്. 'ബ്രൂണോ' ആയി റോഡ് വീലറും, 'മാർഗരറ്റ്' ആയി അഫ്‌ഗാൻ ഹൗണ്ട് ഇനത്തിൽപ്പെട്ട നായും വേഷമിടുന്നു. ഒപ്പം നിരവധി ഇനത്തിലുള്ള നായ്‌ക്കളും കഥാപാത്രങ്ങൾ ആയി 'വാലാട്ടി'യെ ശ്രദ്ധേയമാകുന്നു.
ചിത്രത്തിലെ 'കരി'യുടെ കഥാപാത്രമായി നമ്മുടെ സ്വന്തം നാടൻ നായ ഹൈലൈറ്റ് ആകുന്നുണ്ടെന്നും സംവിധായകൻ പറയുന്നു. 'കരി'യെ വളരെ യാദൃശ്ചികമായാണ് അണിയറ പ്രവർത്തകർക്ക് ലഭിക്കുന്നത്. ഒരു അപകടത്തിൽപ്പെട്ട് ശരീരമാസകലം മുറിവുകളുമായി ലഭിച്ച നായയെ അവർ സുഖപ്പെടുത്തി തങ്ങളുടെ കഥാപാത്രങ്ങളിൽ ഒന്നാക്കി മാറ്റുകയായിരുന്നു.
ചിത്രീകരണ സമയത്ത് അണിയറ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്‌ടിച്ച കഥാപാത്രവും 'കരി'യുടേത് തന്നെയാണ്. എന്താണ് അവന്‍റെ പ്രത്യേകത എന്ന് ചോദിച്ചാൽ അനുസരണ കുറവ് തന്നെയെന്ന് ദേവൻ ഓർത്തെടുക്കുന്നു. ഒരിടത്തും നിൽക്കാതെ എങ്ങോട്ടെന്നില്ലാതെ ഓടുന്നതാണ് അവന്‍റെ പ്രധാന ദുശീലം.
ചിലപ്പോൾ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കും. തങ്കശ്ശേരിയിൽ ചിത്രീകരണം നടക്കുമ്പോൾ ഈ സ്വഭാവ പ്രകൃതം കൊണ്ട് നാട്ടുകാർക്കിടയിലും 'കരി' പ്രശസ്‌തനായി. പലപ്പോഴും സെറ്റിൽ നിന്ന് ഇറങ്ങിയോടി എവിടെയെങ്കിലും പോയി ഒളിച്ചിരിക്കുന്ന കരിയെ നാട്ടുകാരാണ് കണ്ടെത്തി അണിയറ പ്രവർത്തകരെ അറിയിക്കുന്നത്.
'കരി' സെറ്റിലേക്ക് വരുമ്പോൾ ഏറ്റവും കുഴപ്പക്കാരൻ ആയ ഒരു സൂപ്പർസ്റ്റാർ സെറ്റിലേക്ക് വരുന്ന പ്രതീതിയാണ് അവിടെ ഉണ്ടാക്കുക. 'കരി'യില്ലെങ്കിൽ എല്ലാവർക്കും സമാധാനം. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമയിൽ 'കരി'യുടെ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറും.
സിനിമയിലെ നായ കഥാപാത്രങ്ങൾക്ക് എല്ലാംതന്നെ ഡബ്ബ് ചെയ്‌തിരിക്കുന്നത് പ്രശസ്‌തരായ അഭിനേതാക്കൾ തന്നെയാണ്. സൈജു കുറുപ്പ്, പ്രശസ്‌ത ഡബ്ബിങ് താരവും അഭിനേത്രിയുമായ രവീണ രവി, നസ്‌ലിൻ, രഞ്ജിനി ഹരിദാസ്, സൗബിൻ ഷാഹിർ, സണ്ണി വെയിൻ, റോഷൻ മാത്യു തുടങ്ങിയവരാണ് നായ ശബ്‌ദത്തിന്‍റെ ഉടമകൾ.
അതേസമയം സിനിമയുടെ ആദ്യ പ്രദർശനം കഴിഞ്ഞശേഷം ലഭിച്ച ഏറ്റവും മികച്ച അഭിപ്രായം എന്തെന്ന് സംവിധായകനോട് ചോദിച്ചാൽ സംവിധായകന് ഉത്തരമില്ല. കാരണം 'വാലാട്ടി' എന്ന ചലച്ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും സിനിമയെ അത്രയും സ്‌നേഹം നൽകിയാണ് പുറത്തേക്ക് വരുന്നത്. അവർ ഓരോരുത്തരുടെയും വാക്കുകളിൽ മികച്ചത് ഏതെന്ന് കണ്ടെത്തുക ഒരൽപം പ്രയാസം തന്നെയാണ്.
എങ്കിലും സംവിധായകന്‍റെ നാട്ടിലെ ഒരു പള്ളിയിൽ വച്ച് വികാരി അച്ഛൻ വിശ്വാസികളോട് 'വാലാട്ടി' കാണണം എന്ന് നിർദേശിച്ചത് ഒരു സ്‌നേഹാദരം ആയാണ് സംവിധായകൻ കരുതുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ നായ്‌ക്കളുടെ കാഴ്‌ചപ്പാടിലൂടെ കഥ പറയുന്ന ഒരുപക്ഷേ ആദ്യത്തെ ചലച്ചിത്രം ആകും 'വാലാട്ടി'. ഇത്തരം പരീക്ഷണങ്ങളെയും കഷ്‌ടപ്പാടുകളെയും മലയാളിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ.
വിഷ്‌ണു പണിക്കർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് വരുൺ സുനിൽ ആണ്.