ധനുഷ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന, താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ക്യാപ്‌റ്റൻ മില്ലറി'ന്‍റെ ട്രെയിലർ പുറത്തുവന്നു (Dhanush starrer Captain Miller Trailer out). കാണികളുടെ ചങ്കിടിപ്പേറ്റുന്ന തകർപ്പൻ ആക്ഷൻ സ്വീക്വൻസുകളാലും ധനുഷിന്‍റെ വൈവിധ്യമാർന്ന ഗെറ്റപ്പുകളാലും കയ്യടി നേടുകയാണ് ട്രെയിലർ.
- " class="align-text-top noRightClick twitterSection" data="">
സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലർ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 11 ലക്ഷത്തിലേറെ കാണികളെ സ്വന്തമാക്കി കഴിഞ്ഞു. ധനുഷിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാൻവാസിലൊരുങ്ങിയ ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ'. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന്‍റെ രകഥ പറയുന്ന ചിത്രത്തിന്‍റെ തീപ്പൊരി ട്രെയിലറാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലാകെ ആളിപ്പടരുന്ന ട്രെയിലർ ഗംഭീരമാണെന്ന് ആസ്വാദകരും സാക്ഷ്യപ്പെടുത്തുന്നു. അരുൺ മാതേശ്വരനാണ് 'ക്യാപ്റ്റൻ മില്ലറി'ന്‍റെ സംവിധായകൻ. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും. ധനുഷിന്‍റെ 47-ാമത് ചിത്രം കൂടിയാണ് 'ക്യാപ്റ്റൻ മില്ലർ'.
ഒരു വാർ ആക്ഷൻ ചിത്രമായ 'ക്യാപ്റ്റൻ മില്ലർ' സത്യജ്യോതി ഫിലിംസിന്‍റെ ബാനറിൽ സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്നാണ് നിർമിച്ചത്. ധനുഷിനൊപ്പം ശിവ രാജ്‌കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സത്യജ്യോതി ഫിലിംസിന്‍റെ ബാനറിൽ ടി ജി ത്യാഗരാജനാണ് ചിത്രം അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ വേറിട്ട ഗെറ്റപ്പുകളിലാണ് ധനുഷ് എത്തുന്നത്. ട്രെയിലറിലും വിവിധ ഗെറ്റപ്പുകളിൽ താരത്തെ കാണാം. കണ്ണഞ്ചിപ്പിക്കുന്ന, ഹൃദയമിടിപ്പേറ്റുന്ന, ആക്ഷൻ - ഇമോഷണൽ രംഗങ്ങൾ 'ക്യാപ്റ്റൻ മില്ലറി'ൽ ഉണ്ടാകുമെന്ന ഉറപ്പും ട്രെയിലർ നൽകുന്നുണ്ട്. അടുത്തിടെയാണ് ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. തുടിതാള മേളത്തോടെയുള്ള 'കോറനാര്...' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് നിർമാതാക്കൾ പുറത്തുവിട്ടത് (Captain Miller movie's Koranaaru Lyrical Video).
READ MORE: തുടി താള മേളത്തോടെ 'കോറനാര്...'; ശ്രദ്ധേയമായി 'ക്യാപ്റ്റൻ മില്ലർ' ലിറിക്കൽ വീഡിയോ
ജി വി പ്രകാശ് കുമാറാണ് സിനിമയ്‌ക്ക് സംഗീതം പകരുന്നത്. സിദ്ധാർഥ നൂനി ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് നാഗൂരൻ രാമചന്ദ്രൻ ആണ്. സംഭാഷണം മദൻ കർക്കിയാണ് നിർവഹിച്ചത്. സൗണ്ട് മിക്‌സിങ് - രാജാകൃഷ്‌ണൻ, ആക്ഷൻ കോറിയോഗ്രഫി -ദിലീപ് സുബ്ബരായൻ, പി ആർ ഒ - പ്രതീഷ് ശേഖർ.