ലോകത്തിലെ മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായ കാൻസ് ഫിലിം ഫെസ്‌റ്റിവലിൽ ഇത്തവണ പ്രധാന ജൂറിയുടെ ഭാഗമാകുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. വർഷങ്ങളായി കാൻസ് ഫിലിം ഫെസ്‌റ്റിവലിൽ പങ്കെടുക്കാറുള്ള ദീപിക ആദ്യമായാണ് ജൂറിയുടെ ഭാഗമാകാൻ ഒരുങ്ങുന്നത്. സിനിമ മേഖലയിൽ തങ്ങളുടെ കഴിവ് തെളിയിച്ചവർക്ക് മാത്രമാണ് ഇത്തരം ലോകോത്തര മേളകളിൽ ജൂറിയാകാൻ അനുമതി ലഭിക്കുക.
ഇന്ത്യൻ സിനിമകൾക്കും പ്രതിഭകൾക്കും മേളയിൽ മികച്ച അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള പല പ്രമുഖരും ഈ ബഹുമതി നേടിയിട്ടുണ്ട്. കാൻസ് ചലച്ചിത്ര മേളയിൽ ജൂറി അംഗത്വം നേടിയ മറ്റു താരങ്ങളെ നോക്കാം
ഐശ്വര്യ റായി ബച്ചൻ; 2002-ൽ 'ദേവദാസ്' എന്ന ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനത്തിനായി ശേഖർ കപൂറിനൊപ്പം കാനിൽ അരങ്ങേറ്റം കുറിച്ചു, 2003-ൽ ജൂറിയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ അഭിനേത്രിയായിരുന്നു ഐശ്വര്യ. കാൻസ് ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് താരം
ശർമിള ടാഗോർ; 2009-ൽ കാൻസ് ഫിലിം ഫെസ്റ്റിവലിന്‍റെ ജൂറി അംഗങ്ങളിൽ ഒരാളായിരുന്നു ശർമിള. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായ സത്യജിത് റേ സംവിധാനം ചെയ്‌ത 'ദേവി' എന്ന ചിത്രത്തിലൂടെ 1962-ൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
വിദ്യ ബാലൻ; ബോളിവുഡിൽ സ്ത്രീകൾക്ക് മുൻനിര വേഷങ്ങൾ ലഭിക്കാതിരുന്ന കാലത്ത് സ്ത്രീ കേന്ദ്രീകൃത വേഷങ്ങൾ ചെയ്‌തുകൊണ്ട് തന്‍റേതായ ഇടം സൃഷ്‌ടിച്ച നടി. 2013ൽ 66-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി പ്രവർത്തിച്ചിരുന്നു.
ശേഖർ കപൂർ; 1994-ൽ നിർമ്മിച്ച ‘ബാൻഡിറ്റ് ക്വീൻ’ എന്ന ചിത്രത്തിലൂടെ അന്താരാഷ്‌ട്ര പ്രശസ്‌തി നേടിയ ശേഖർ കപൂർ 2010ലെ കാൻസ് ഫിലിം ഫെസ്റ്റിവലിന്‍റെ ജൂറി അംഗമായിരുന്നു.
മീര നായർ; ചലച്ചിത്ര സംവിധായകയും നിർമ്മാതാവുമാണ് മീര നായർ. 1988-ലെ ഫിലിം ഫെസ്റ്റിവലിൽ മീരയുടെ 'സലാം ബോംബെ' എന്ന ചിത്രം പ്രേക്ഷക അവാർഡ് നേടി. 1990-ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി സേവനമനുഷ്‌ഠിച്ചു.
Also read: കാന്‍സ് ഫിലിം ഫെസ്‌റ്റ് 2022: ജൂറിയുടെ ഭാഗമാകാന്‍ ദീപിക പദുകോണ്‍