'അജഗജാന്തരം', 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് സംവിധായകന്‍ ടിനു പാപ്പച്ചൻ (Tinu Pappachan). ടിനു പാപ്പച്ചന്‍റെ പുതിയ ചിത്രമായ 'ചാവേര്‍' (Chaaver Release) ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ മുൻ ചിത്രങ്ങളിലെ വിജയ ഫോർമുല 'ചാവേറി'ലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷകള്‍.
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു ആണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് (Chaaver is written by Joy Mathew). ഇതേകുറിച്ച് 'ചാവേര്‍' പ്രൊമോഷന്‍ ചടങ്ങിനിടെ സംവിധായകന്‍ സംസാരിച്ചിരുന്നു. 'ജോയ് മാത്യുവിന്‍റെ ഒരു പൊളിറ്റിക്കൽ നരേറ്റീവാണ് 'ചാവേർ'. അത് തനിക്ക് എത്രത്തോളം മനസ്സിലായിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തതയില്ല.
ഞാൻ ഉൾക്കൊണ്ട കാര്യങ്ങളാണ് ചലച്ചിത്ര ഭാഷയുമായി ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രേക്ഷകർ കണ്ടിട്ട് വേണം ജോയ് മാത്യുവിന്‍റെ തിരക്കഥ താൻ എത്രത്തോളം ഉൾക്കൊണ്ടുവെന്ന് വിലയിരുത്താൻ.' -ടിനു പാപ്പച്ചന്‍ പറഞ്ഞു (Tinu Pappachan about Joy Mathew s narration).
ചടങ്ങില്‍ നടന്‍ കുഞ്ചാക്കോ ബോബനും (Kunchacko Boban) സംസാരിച്ചു. ടിനു പാപ്പച്ചന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും 'ചാവേര്‍' എന്നാണ് കുഞ്ചാക്കോ ബോബന്‍റെ അഭിപ്രായം. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് 'ചാവേറി'ന്‍റെ കഥയുമായി ടിനു പാപച്ചൻ തന്നെ സമീപിക്കുന്നതെന്നും കുഞ്ചാക്കോ പറഞ്ഞു (Kunchacko Boban about Chaaver preparations).
'കഥ കേട്ട ഉടനെ തന്നെ കഥാപാത്രത്തിന് ഒരല്‍പ്പം മസിലും നല്ല ശരീര ഭാഷയുമായി ഒരു കഥാപാത്രമാക്കി രൂപപ്പെടുത്തി എടുക്കാം എന്നായിരുന്നു. എന്നാൽ സംവിധായകന് വേണ്ടത് ഇപ്പോഴുള്ള രൂപത്തിൽ നിന്നും ഒരു പത്ത് പതിനഞ്ചോളം കിലോ ഭാരം വർദ്ധിപ്പിക്കുക, കുടവയർ ഉണ്ടാക്കുക എന്നിങ്ങനെയായിരുന്നു. മാത്രമല്ല രതീഷ് പൊതുവാളിന്‍റെ 'ന്ന താൻ കേസ് കൊട്' എന്ന സിനിമയില്‍ ഏകദേശം അഞ്ച്, ആറ് മണിക്കൂറാണ് മേക്കപ്പിന് വേണ്ടി ദിവസവും ചെലവഴിച്ചിരുന്നത്.
വളരെയധികം മേക്കപ്പ് ഒന്നുമില്ലാതെ ചാവേറിലേയ്‌ക്ക് എത്താം എന്ന് കരുതിയെങ്കിലും തെറ്റി. ചാവേറിന് വേണ്ടിയും ദിവസവും രണ്ടു മണിക്കൂറോളം മേക്കപ്പ് റൂമിൽ ചിലവഴിക്കേണ്ടതായി വന്നു. ഒരു സിനിമ ധാരാളം അണിയറ പ്രവർത്തകരുടെ അധ്വാനത്തിന്‍റെ ഫലമാണ്. സിനിമയെ കുറിച്ച് കുറ്റം പറയുന്നവർ അധ്വാനത്തെ കണ്ടില്ല എന്ന് നടിക്കുന്നു.
ഇത്തരം വാഗ്‌ദാനങ്ങള്‍ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. പക്ഷേ ഒരു സിനിമ തിയേറ്ററില്‍ എത്തി പ്രേക്ഷകൻ അത് ഉൾക്കൊണ്ട് സന്തോഷത്തോടു കൂടി പുറത്തിറങ്ങുമ്പോൾ മാത്രമാണ് ചിത്രം അംഗീകരിക്കപ്പെടുന്നത്. സിനിമയുടെ പിന്നണിയിലെ അധ്വാനവും മറ്റും പ്രേക്ഷകർക്ക് അറിയേണ്ട കാര്യമില്ല.' -കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.