മുംബൈ: ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രിയായ ശ്രീദേവി വിടവാങ്ങിയിട്ട് ഇന്നേയ്‌ക്ക് അഞ്ച് വര്‍ഷം തികയുകയാണ്. നിരവധി ആരാധകരും താരനിരകളുമാണ് ശ്രീദേവിയെ അനുസ്‌മരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വികാരനിര്‍ഭരമായ പോസ്‌റ്റുമായെത്തിയത്. ജീവിതത്തില്‍ തനിച്ചാക്കി മടങ്ങിയ പ്രിയതമയുടെ ഓര്‍മയെ അനുസ്‌മരിച്ചുകൊണ്ട് ബോളിവുഡ് നിര്‍മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ശ്രീദേവിയെ ആദ്യമായി കണ്ടത് മുതല്‍ മരണത്തിന് തൊട്ടുമുമ്പ് വരെയുള്ള ചിത്രങ്ങളായിരുന്നു ബോണി കപൂര്‍ പങ്കുവച്ചത്. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ശേഖരമായിരുന്നു ബോളിവുഡ് നിര്‍മാതാവിന്‍റെ ഇന്‍സ്‌റ്റഗ്രാം പേജുകളില്‍ നിറഞ്ഞുനിന്നത്. ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌ത് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം നിരവധി ആരാധകരാണ് കമന്‍റുമായി എത്തിയത്.
ഹൃദഭേദകം, നിങ്ങളെ ഒരുമിച്ചുകാണുന്നതില്‍ വളരെയധികം സന്തോഷം തുടങ്ങിയ കമന്‍റുകള്‍ക്ക് പുറമെ ചുവന്ന നിറമുള്ള ഹാര്‍ട്ട് ഇമോജിയുമായി ആരാധകര്‍ കമന്‍റ് ബോക്‌സില്‍ നിറഞ്ഞു. 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബത്തിലെ ആഘോഷവേളയില്‍ പങ്കെടുത്ത് മടങ്ങവെ ദുബായില്‍ വച്ചാണ് ശ്രീദേവി മരണപ്പെടുന്നത്.
തമിഴ്‌നാട് സ്വദേശിയായ ശ്രീദേവിയുടെ യഥാര്‍ഥ പേര് ശ്രീ അമ്മ യങ്കര്‍ അയ്യപ്പന്‍ എന്നായിരുന്നു. തമിഴ് സിനിമയായ 'കാന്തന്‍ കരുണൈയാ' എന്ന ചിത്രത്തിലൂടെ 1967ലാണ് ചലച്ചിത്ര രംഗത്ത് ശ്രീദേവി അരങ്ങേറ്റം കുറിച്ചത്. ബാലതാരമായി സിനിമയില്‍ എത്തിയ ശ്രീദേവി ലോകം അറിയപ്പെടുന്ന ഒരു പ്രമുഖ അഭിനേത്രിയായി മാറുകയായിരുന്നു.
തെലുഗു, തമിഴ്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി 271ല്‍ പരം ചിത്രങ്ങളില്‍ ശ്രീദേവി പ്രധാന വേഷത്തിലെത്തിയിരുന്നു. ദേശീയ ഫിലിം അവാര്‍ഡ് മുതല്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അവര്‍ നേടിയിട്ടുണ്ട്. 2013ല്‍ രാജ്യം പത്‌മശ്രീ പുരസ്‌കാരം നല്‍കി ശ്രീദേവിയെ ആദരിച്ചു.