വരുന്ന 13-ാം തിയതി ബുധനാഴ്‌ചയാണ് ഇളയ ദളപതി വിജയിയുടെ 'ബീസ്‌റ്റ്' തിയേറ്ററുകളിലെത്തുക. 10 വര്‍ഷത്തിനുനേഷം ആദ്യമായാണ് താരം, ഒരു ചിത്രത്തിന്‍റെ പ്രമോഷനായി അഭിമുഖം നല്‍കുന്നത്. 'സണ്‍' വിനോദ ചാനലില്‍ 'ബീസ്‌റ്റി'ന്‍റെ സംവിധായകൻ നെൽസൺ ദിലീപ് കുമാറിനോട് താരം മനസുതുറന്നത് വലിയ വാര്‍ത്താപ്രധാന്യം നേടുകയുണ്ടായി.
'ക്രിസ്‌ത്യാനി എന്നുവിളിച്ച് കളിയാക്കുന്നു': മകൻ സഞ്ജയ്‌യുടെ അരങ്ങേറ്റം, അച്ഛൻ ചന്ദ്രശേഖറുമായുള്ള ബന്ധം, രാഷ്ട്രീയം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അക്കൂട്ടത്തില്‍, മതത്തെക്കുറിച്ചും പറഞ്ഞുവച്ചു. പലരും തന്നെ ക്രിസ്‌ത്യാനി എന്നുവിളിച്ച് വിമർശിക്കുന്നുവെന്നും താൻ ദൈവത്തിൽ ഉറച്ചുവിശ്വസിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
''സമയം കിട്ടുമ്പോഴെല്ലാം പള്ളികളിലും ക്ഷേത്രങ്ങളിലും ദർഗകളിലും പോവാറുണ്ട്. എന്‍റെ അമ്മ ഹിന്ദുവാണ്, അച്ഛൻ ക്രിസ്‌ത്യാനിയും. മാതാപിതാക്കള്‍ എന്നോട് ഒരിക്കലും ഇവിടെ പോകണം അവിടെ പോകണം എന്ന് പറഞ്ഞിട്ടില്ല. അതുതന്നെയാണ് ഞാൻ എന്‍റെ കുട്ടികളെയും പഠിപ്പിക്കുന്നത്'' - വിജയ് പറഞ്ഞു.
ദൈവവും അച്ഛനും തമ്മിലെ വ്യത്യാസം: പിതാവ് എസ്.എ ചന്ദ്രശേഖർ വിജയ്‌യുടെ പേരിൽ ഒരു രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിയ്‌ക്കുകയും അത് പിന്നീട് കോടതിയിൽ എത്തുകയും ആ നീക്കം ഇല്ലാതാവുകയുമുണ്ടായി. ഇത് അച്ഛനും മകനും തമ്മില്‍ നല്ല രസത്തിലല്ലെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകളെ തള്ളിക്കളയുന്നതായിരുന്നു അച്ഛനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം.
''അച്ഛന്മാർ മരത്തിന്‍റെ വേരുകൾ പോലെയാണ്. ഞാൻ എന്‍റെ പിതാവിനെ സ്‌തുതിക്കാന്‍ വേണ്ടി പറയുന്നതല്ല ഇത്. പറഞ്ഞുവരുന്നത് എല്ലാ പിതാക്കന്മാരെയും കുറിച്ചാണ്. ദൈവവും അച്ഛനും തമ്മിലുള്ള ഒരേയൊരു വ്യത്യാസം, നിങ്ങൾക്ക് ദൈവത്തെ നേരിട്ട് കാണാൻ കഴിയില്ല. പക്ഷേ, നിങ്ങള്‍ക്ക് അച്ഛനെ കാണാം എന്നതാണ്''.