അഭിനയപാടവം കൊണ്ടും വെള്ളിത്തിരയിലെ അവിസ്‌മരണീയമായ പകർന്നാട്ടം കൊണ്ടും പ്രേക്ഷകമനം കീഴടക്കിയ നിരവധി താരങ്ങളെ നമുക്കറിയാം. എന്നാൽ നിലപാടുകളിലൂടെ, ജീവിതത്തിലൂടെ അത് സാധ്യമാക്കിയവർ വിരളമായിരിക്കും. അവിടെയാണ് വിജയ് എന്ന തമിഴകത്തിന്‍റെ ദളപതിയുടെ മുഖം നമുക്ക് മുന്നില്‍ തെളിഞ്ഞുവരുന്നത്.
ആരാധകർ ജയ് വിളിച്ച, നിരൂപകർ മുഖസ്‌തുതി പാടിയ തുടക്കമായിരുന്നില്ല വിജയ്‌ക്ക് സിനിമാലോകത്ത് ഉണ്ടായത്. നിർമാതാവും സംവിധായകനുമായ അച്ഛൻ കൂടെയുണ്ടായിരുന്നു എങ്കിലും ഒരുപാട് താരങ്ങൾ വാഴുകയും വീഴുകയും ചെയ്‌ത ഒരു വലിയ സിനിമ മേഖലയിൽ ചുവടുറപ്പിക്കാൻ അദ്ദേഹത്തിന് ആ മേല്‍വിലാസം മാത്രം പോരായിരുന്നു.
'യാർ വന്ന് കാസ് കൊടുത്ത് ഇന്ത മുഞ്ചി തിയേറ്ററിലെ പാക്കു'മെന്നാണ് 27 വർഷങ്ങൾക്ക് മുമ്പ് തമിഴ് സിനിമയിൽ നായകനായ വിജയ് എന്ന പുതുമുഖ നടന്‍റെ ആദ്യ സിനിമ റിലീസായ ശേഷം ഒരു സിനിമ വാരികയില്‍ അച്ചടിച്ച് വന്നത്. ഒരു തുടക്കക്കാരനെ മൊത്തമായി തകർത്തുകളയാനുള്ള, തളർത്തിക്കളയാനുള്ള ശക്തിയുണ്ടായിരുന്നു ആ വാക്കുകൾക്ക്. എന്നാല്‍ വിജയ്‌ക്ക് അതിന് സാധിക്കില്ലല്ലോ, വീണ്ടും വീണ്ടും സിനിമകൾ ചെയ്‌ത് അയാൾ പതിയെ നടന്നുകയറുകയായിരുന്നു- സിനിമയിലേക്ക്, പ്രേക്ഷക ഹൃദയങ്ങളിലേക്ക്. അധിക്ഷേപിച്ചവരെക്കൊണ്ട് ഇളയ ദളപതിയെന്നും പിന്നീട് ദളപതിയെന്നും വിളിപ്പിച്ചത് ചരിത്രം.
തമിഴിലെ കലക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച, ഏറ്റവുമധികം പണം വാരിയ, തകർപ്പൻ ബോക്‌സ് ഓഫിസ് ഹിറ്റുകൾ ഒരുക്കിയ നായകനിലേക്കുള്ള വളർച്ചയ്‌ക്ക് കഠിനാധ്വാനത്തിന്‍റെയും അർപ്പണ മനോഭാവത്തിന്‍റെയും കഥകൾ മാത്രമാകും പറയാനുണ്ടാവുക.
ഇന്ന് (ജൂൺ 22) വിജയ്‌യുടെ പിറന്നാളാണ്. താരത്തെ സ്‌നേഹം കൊണ്ട് പൊതിയുകയാണ് ആരാധകർ. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഫാൻബേസില്‍ വിജയ്‌യുടെ തട്ട് താഴ്‌ന്നുതന്നെ ഇരിക്കുമെന്ന് പറയാം. താരത്തിന് തന്‍റെ ആരാധകരോടുള്ള കരുതലും എടുത്തുപറയേണ്ടതാണ്. ആരാധകരെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു താരമുണ്ടോ എന്നുപോലും ഒരുവേള സംശയിച്ചേക്കാം.
റീൽ ലൈഫിലും റിയൽ ലൈഫിലും സൂപ്പർ സ്റ്റാർ ആണ് വിജയ്. തന്‍റെ നിലപാടുകൾ കൃത്യമായി അടയാളപ്പെടുത്താൻ അയാൾ ഒരിക്കലും മറന്നിരുന്നില്ല. വരുംവരായ്‌കകളെ ഭയക്കാതെ, തനിക്ക് പറയാനുള്ളതെല്ലാം പറയാറുണ്ട് വിജയ്. സമീപകാലത്തെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടല്ലോ.
സംസാരിക്കുന്നത് വിജയ്‌യുടെ സിനിമകളെ കുറിച്ചാണ്, വിമർശകരുടെ വായടപ്പിച്ച് അയാൾ കടന്നുവന്നിട്ടുള്ള യാത്രയെ കുറിച്ചാണ്. സംവിധായകനും നിർമാതാവുമായ എസ്എ ചന്ദ്രശേഖറിന്‍റെ മകനായി 1974 ജൂൺ 22 ന് ജനിച്ച ജോസഫ് ചന്ദ്രശേഖർ വിജയി 'വെടി' എന്ന ചിത്രത്തിൽ ബാലതാരമായാണ് തമിഴ് ചലച്ചിത്ര ലോകത്ത് തന്‍റെ സാന്നിധ്യം അറിയിക്കുന്നത്. പിന്നീട് 1992 ൽ 'നാളയെ തീർപ്പ്' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
എന്നാല്‍ ആദ്യ ചിത്രത്തിൽ തന്നെ നിരൂപകരുടെ വിമർശനത്തിന് വിജയ് പാത്രമായി. ഒരു ദയയുമില്ലാതെ വിജയ്‌യുടെ അഭിനയത്തേയും സിനിമയെയും അവർ നിശിതമായി വിമർശിച്ചു. പക്ഷെ വിജയ് തളർന്നില്ല, തുടർന്നും സിനിമകൾ ചെയ്‌ത് അയാൾ മുന്നോട്ട് തന്നെ ചുവടുകൾ വച്ചു.
റൊമാന്‍റിക് സിനിമകളാണ് തുടക്കക്കാലത്ത് വിജയ് തുടർച്ചയായി ചെയ്‌തിരുന്നത്. മെല്ലെമെല്ലെ ആളുകൾ വിജയ്‌യെ ശ്രദ്ധിക്കാനും ഇഷ്‌ടപ്പെടാനും തുടങ്ങി. ഒരു നടനായി ആളുകൾ അംഗീകരിച്ചു തുടങ്ങാൻ 1996ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാകെ' എന്ന ചിത്രം വരെ അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നു.
പിന്നീട് 'നേർക്കു നേർ', 'കാതുലുക്ക് മര്യാദ', 'വൺസ്മോർ' തുടങ്ങി ഒരുപിടി സിനിമകൾ വിജയ്‌യുടേതായി എത്തി. 'കാതലുക്ക് മര്യാദെ' എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സർക്കാരിന്‍റെ മികച്ച നടനുള്ള പുരസ്‌കാരവും വിജയ്‌യെ തേടിയെത്തി. 1999ൽ പുറത്തിറങ്ങിയ 'തുള്ളാത മനവും തുള്ളും' എന്ന ചിത്രം തെന്നിന്ത്യയ്‌ക്കാകെ വിജയ് എന്ന നടനെ പരിചയപ്പെടുത്തിക്കൊടുത്തു.
വിജയിയുടെ താര പദവി ഉറപ്പിച്ച ചിത്രം പിന്നാലെയെത്തി, 'ഖുഷി'. കോമഡി, പ്രണയം, ആക്ഷൻ, ഡാൻസ് എന്നിങ്ങനെ ഒരു ഫോർമുല തന്നെ വിജയ് ചിത്രങ്ങൾക്ക് രൂപപ്പെട്ടു. 'ഷാജഹാൻ' എന്ന സിനിമയും അദ്ദേഹത്തിന്‍റെ കരിയറിലെ പൊൻതൂവലായി. ചിത്രത്തിലെ 'സരക്ക് വെച്ചിരുക്ക' എന്ന ഗാനം തെന്നിന്ത്യ മുഴുവൻ ഏറ്റുപാടി. അതേ വർഷം തന്നെ 'ഫ്രണ്ട്‌സ്', 'ബദ്രി' സിനിമകളും വിജയം നേടി.
തന്‍റെ സ്ഥിരം ശൈലി ചിത്രങ്ങളിൽ നിന്ന് വിജയ് മാറി സഞ്ചരിച്ചു തുടങ്ങുന്നത് 2003ലെ 'തിരുമലൈ' എന്ന ചിത്രത്തിലൂടെ ആണെന്ന് പറയാം. അങ്ങനെ പതിയെ ആക്ഷൻ ചിത്രങ്ങളിലേക്കും വിജയ് ചുവട് മാറ്റി. പിന്നീട് വന്ന 'ഗില്ലി' വിജയ് എന്ന മാസ് ഹിറോയുടെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു. തമിഴ് സിനിമ ബോക്‌സ് ഓഫിസ് ചരിത്രം തന്നെ തിരുത്തി, 50 കോടി നേടിയ ആദ്യ തമിഴ് ചിത്രമായി 'ഗില്ലി'.
പ്രഭുദേവയുടെ സംവിധാനത്തില്‍ 2007 ൽ പുറത്തിറങ്ങിയ 'പോക്കിരി'യും വിജയ് ആരാധകർ നെഞ്ചേറ്റി. എന്നാൽ അവിടുന്നങ്ങോട്ട് പരാജയത്തിന്‍റെ നാളുകളാണ് വിജയ്‌യെ കാത്തിരുന്നത്. 'അഴകിയ തമിഴ് മകൻ', 'വില്ല്', 'സുറ' ചിത്രങ്ങളെല്ലാം സിനിമാസ്വാദകരെ നിരാശരാക്കി. വിജയിയുടെ സ്ഥിരം പാറ്റേൺ സിനിമകൾ രൂക്ഷ വിമർശനങ്ങൾ നേരിട്ടു. രക്ഷകനായി എത്തുന്ന ശരാശരി നായകനില്‍ വിജയ് കുടുങ്ങിക്കിടന്നു. വിജയ് യുഗം അവസാനിച്ചെന്നും വിജയിക്ക് ഇനി തിരിച്ചുവരവ് ഉണ്ടാകില്ലെന്നും വരെ പലരും വിധിയെഴുതി.
പിന്നീട് വളരെയധികം ശ്രദ്ധിച്ചായിരുന്നു അടുത്ത ചുവടുവെപ്പ് താരം നടത്തിയത്. 2011ൽ സിദ്ദിഖ് സംവിധാനം ചെയ്‌ത 'കാവലൻ' ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് തമിഴിൽ എക്കാലവും കൊണ്ടാടിയ ചേട്ടൻ - അനിയത്തി സ്‌നേഹവും കോമഡിയും ആക്ഷനും എല്ലാം നിറച്ച് ഒരു സൂപ്പർ ഹീറോയായി 'വേലായുധ'ത്തിൽ താരമെത്തി.
തൊട്ടടുത്ത വർഷം 'ത്രീ ഇഡിയറ്റ്സി'ന്‍റെ തമിഴ് റീമേക്ക് 'നൻപനി'ൽ വേറിട്ട പ്രകടനം കാഴ്‌ച്ചവെച്ചു വിജയ്. അതുവരെയുള്ള വിജയ് ചിത്രങ്ങളുടെ സ്വാധീനമേതുമില്ലാതെ മാസ്-മസാല-ആക്ഷന്‍റെ പരിവേഷമില്ലാതെ വിജയ് 'നൻപനി'ൽ വേഷമിട്ടു. അതേവർഷം ദീപാവലിക്ക് 'തുപ്പാക്കി' എന്ന ചിത്രത്തിലൂടെ വിജയ് വമ്പൻ തിരിച്ചുവരവ് നടത്തി.
ഇതിനിടെ രാഷ്‌ട്രീയമായ ചില കാര്യങ്ങൾ പുറത്ത് എരിയുന്നുണ്ടായിരുന്നു. വിജയ്‌യുടെ വളർച്ചയും സിനിമകൾ നേടുന്ന സ്വീകാര്യതയുമെല്ലാം പലരെയും അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. തമിഴ് സിനിമ ലോകത്തെ പതിവ് രീതി പിൻപറ്റി വിജയിയും രാഷ്‌ട്രീയത്തിലേക്കിറങ്ങുമോ എന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നേതൃത്വത്തിലുള്ള സർക്കാർ അടക്കം ഭയന്നു.
തൊട്ടടുത്തതായി വന്ന ചിത്രമായ 'തലൈവ'യുടെ ടാഗ് ലൈനും പേരും ഈ ഭയത്തെ ഏറ്റുന്നതായി. ചിത്രം തമിഴ്നാട്ടിൽ അപ്രഖ്യാപിത വിലക്കുകൾ നേരിട്ടിരുന്നു. കേരളത്തിൽ റിലീസായി നാല് ദിവസത്തിലധികം കഴിഞ്ഞ ശേഷമാണ് ചിത്രം തമിഴ്‌നാട്ടിൽ പ്രദർശനത്തിനെത്തിയത്.
ഇതിന് ശേഷം മോഹൻലാലിനൊപ്പം എത്തിയ 'ജില്ല' എന്ന ചിത്രവും വിജയമായി. അതേവർഷം തന്നെ 'തുപ്പാക്കി'ക്ക് ശേഷം എ.ആർ മുരുഗദോസ്- വിജയ് ടീം 'കത്തി'യുമായി എത്തി. ആ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചിത്രമായിരുന്നു വിജയ് ഇരട്ട വേഷത്തിലെത്തിയ 'കത്തി'. രാഷ്‌ട്രീയമായി ചില കോളിളക്കങ്ങൾ സൃഷ്‌ടിച്ച ചിത്രം കൂടിയായിരുന്നു ഇത്.
2015 ൽ ഏറെ ഹൈപ്പില്‍ പുറത്തിറങ്ങിയ 'പുലി' ബോക്സോഫിസിൽ തകർന്നടിഞ്ഞതും നാം കണ്ടു. എന്നാല്‍ പിന്നീട് വന്ന 'തെറി'യും 'മെർസലും' 'സർക്കാ'രും ബോക്‌സ് ഓഫിസിൽ തിളങ്ങി. ഇടയ്‌ക്ക് വന്ന 'ഭൈരവ' നിരാശപ്പെടുത്തിയെങ്കിലും പിന്നാലെ വന്ന 'ബിഗില്‍' ആരാധകരെ തൃപ്‌തിപ്പെടുത്തി. തമിഴ്‌നാട്ടിലെ എറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി വിജയ് അപ്പോഴേക്കും മാറിക്കഴിഞ്ഞിരുന്നു.
'മാസ്‌റ്റർ', 'ബീസ്‌റ്റ്', 'വാരിസ്' എന്നിങ്ങനെ അടുത്തിടെ ഇറങ്ങിയ സിനിമകളെല്ലാം വാണിജ്യ വിജയങ്ങളായിരുന്നു. ഇപ്പോഴിതാ ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യാണ് ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകും 'ലിയോ' എന്നാണ് ആരാധകരുടെ പ്രതീക്ഷ.
സിനിമയ്‌ക്ക് പുറത്തും വിജയ് എന്ന പേര് എപ്പോഴും നിറഞ്ഞുനിന്നിരുന്നു. തിരശീലയില്‍ അനീതിക്ക് എതിരെ ആഞ്ഞടിക്കുന്ന സൂപ്പർ ഹീറോ ജീവിതത്തിലും താരമായതിന് കാലം സാക്ഷിയാണ്. അധികം സംസാരിക്കാത്ത പ്രകൃതം, എന്നാല്‍ സിനിമയ്‌ക്ക് പുറത്ത് മനുഷ്യപക്ഷത്തിന്‍റെ രാഷ്ട്രീയം വിളിച്ചുപറയാൻ അദ്ദേഹം മടിച്ചില്ല.
വിമർശനങ്ങൾക്കും എതിർപ്പുകൾക്കും മുമ്പിൽ തലക്കുനിച്ച് കൊടുക്കാത്ത വിജയ് പലരും ഇടപെടാൻ മടിച്ച വിഷയങ്ങളില്‍ കൃത്യമായ നിലപാടുകൾ നിരത്തി. തമിഴ്‌നാട്ടില്‍ വിവാദമായ ജെല്ലിക്കെട്ട് നിരോധനത്തിനെതിരായ വിഷയങ്ങളില്‍ നടികർ സംഘം ഇടപെടുന്നതിന് മുൻപ് തന്നെ ചെന്നൈ മറീന ബീച്ചിൽ ആൾകൂട്ടത്തിനിടയിൽ മുഖം മറച്ച് അവരിൽ ഒരാളായി വിജയ് നിന്നത് നാം കണ്ടു.
'മെർസലി'ൽ ബിജെപി സർക്കാരുകളെ വിമർശിച്ചു എന്നാരോപിച്ച് സംഘപരിവാർ വൃത്തങ്ങൾ അദ്ദേഹത്തെയും സിനിമയെയും ആക്രമിച്ചതിനും നാം സാക്ഷികളാണ്. വിജയ്‌യുടെ മുഴുവൻ പേര് ജോസഫ് വിജയ് ആണെന്ന് പലരും അറിഞ്ഞതും അപ്പോൾ മാത്രമാണ്. ആദായ നികുതി വകുപ്പ് നടന്‍റെ വീട്ടില്‍ നടത്തിയ റെയ്‌ഡിന്‍റെ രാഷ്‌ട്രീയവും മനസിലാക്കാവുന്നതാണ്.
തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് ഗ്രൂപ്പിനെതിരായി നടന്ന ജനങ്ങളുടെ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട ആളുകളുടെ വീട്ടിൽ അദ്ദേഹമെത്തിയതും വാർത്തയായിരുന്നു. കാവേരി നദി സമരത്തിലും വിജയ് ഉണ്ടായിരുന്നു. നോട്ട് നിരോധനം നടപ്പിലാക്കിയ ഘട്ടത്തിൽ 80 ശതമാനം വരുന്ന ജനതയെ തെരുവിൽ നിർത്തുന്ന പരിഷ്‌കാരങ്ങളോട് യോജിക്കാൻ കഴിയില്ലെന്ന് വിജയ് തുറന്നടിച്ചു.
സിനിമ ഇഷ്‌ടമായില്ലെന്ന് പറഞ്ഞ മാധ്യമ പ്രവർത്തകയെ ഫാൻസ് അസോസിയേഷൻ അപമാനിച്ചപ്പോൾ മാപ്പ് പറഞ്ഞ വിജയ് ഇത്തരം പ്രവണതകൾ ആവർത്തിച്ചാൽ ഫാൻസ് അസോസിയേഷൻ പിരിച്ചു വിടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. ലോകത്തെയാകെ പിടിച്ചുകുലുക്കിയ കൊവിഡ് കാലത്ത് തന്‍റെ ആരാധകരിൽ വരുമാനം നിലച്ചവർക്ക് സഹായം എത്തിക്കാനും വിജയ് മറന്നില്ല.
വിജയ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വരാൻ തുടങ്ങിയിട്ട് കാലമേറെയായി. 90കളിൽ രജനികാന്തിന് തമിഴ്‌നാട്ടിൽ ഉണ്ടായിരുന്ന സ്വാധീനത്തിന് തുല്യമായ ജന പിന്തുണ വിജയിക്കുള്ളത് പലർക്കും പേടി സ്വപ്‌നമാണെന്ന് പറയുന്നതില്‍ അത്ഭുതമില്ല. അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് വരാം വരാതിരിക്കാം.
എന്നാല്‍ ഈ നിമിഷം, അദ്ദേഹം ഉയർത്തുന്ന മനുഷ്യ പക്ഷത്തിന്‍റെ രാഷ്‌ട്രീയം പറയാതിരിക്കുന്നത് എങ്ങനെയാണ്? ദളപതി വിജയ് എന്ന പേര് അന്വർഥമാകുന്നതും ജോസഫ് ചന്ദ്രശേഖർ വിജയ് എന്ന താരജാഡ ഏതുമില്ലാത്ത മനുഷ്യന്‍റെ സിനിമക്ക് പുറത്തുള്ള അത്തരം ഇടപെടലുകൾകൊണ്ടും കൂടിയല്ലേ?