Sajeed Pattalam passes away: നടന്‍ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു.
ഫോര്‍ട്ട് കൊച്ചി പട്ടാളം സ്വദേശിയാണ് സജീദ്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്. ഭാര്യ: റംല, മക്കള്‍: ആബിദ, ഷാഫി, മരുമകന്‍: ഫാരിഷ്.
വെബ് സീരീസുകളിലൂടെയാണ് സജീദ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് 'ജാനെമന്‍', 'കനകം കാമിനി കലഹം', 'കള' തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 'ഓപ്പറേഷന്‍ ജാവ' സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രം 'സൗദി വെള്ളക്ക'യില്‍ സജീദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
നടന്‍റെ നിര്യാണത്തില്‍ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ചു. 'പ്രിയപ്പെട്ട സജീദ് ഇക്ക.. നിങ്ങൾ മുത്താണ്.. ബാക്കി നമ്മുടെ സിനിമ സംസാരിക്കും. അത്ര മാത്രം പറഞ്ഞു നിർത്തട്ടെ.. നെഞ്ചിലെ ഭാരം കൂടുകയാണ്', തരുണ്‍ മൂര്‍ത്തി കുറിച്ചു.
സജീദ് പട്ടാളത്തിന്‍റെ ഒരു ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ പോസ്‌റ്റ്. ചിത്രത്തില്‍ സജീദിന്‍റെ ഒരു വാചകവുമുണ്ട്; 'വേഷം ഇട്ടു വന്നപ്പോള്‍ ഡയറക്‌ടര്‍ സാര്‍ അങ്ങോട്ട് അഴിഞ്ഞ് ആടികൊള്ളാന്‍ പറഞ്ഞു, കണ്ണും പൂട്ടി അങ്ങ് ചെയ്‌തു. കൂടെ ഉണ്ടാകണം'.