കൊച്ചി: പ്രശസ്‌ത സിനിമ താരം ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നത്.
ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരൾ സംബന്ധമായ അസുഖമാണെന്ന് തിരിച്ചറിയുകയായിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്‌ക്കലാണ് പോംവഴിയെന്ന് ഡോക്‌ടർമാർ നിർദേശിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞിരുന്നു. കരൾ ദാനം ചെയ്യാൻ ഹരീഷിന്‍റെ ഇരട്ട സഹോദരി ശ്രീജ തയാറായിരുന്നെങ്കിലും ചികിത്സയ്‌ക്ക് ഭീമമായ തുക ആവശ്യമായി വന്നത് തിരിച്ചടിയായി.
ഹരീഷിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് മലയാള സിനിമ രംഗത്ത് പ്രവർത്തിക്കുന്നവർ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ഒന്നിച്ചിരുന്നു. എന്നാല്‍ ഒന്നിനും കാത്തുനില്‍ക്കാതെയുള്ള ഹരീഷിന്‍റെ മടക്കം നൊമ്പരമാവുകയാണ്.
സമീപകാലത്ത് നിരവധി ചിത്രങ്ങളില്‍ ഹരീഷ് പേങ്ങന്‍റെ സാന്നിധ്യം കയ്യടി നേടിയിരുന്നു. തന്‍റേതായ മെയ്‌വഴക്കത്തോടെയും ഹാസ്യപ്രധാനമായ റോളുകളിലെ അസാധാരണ പ്രകടനത്തിലൂടെയും പ്രേക്ഷകരെ രസിപ്പിച്ച നടന്‍റെ വിയോഗം മലയാള സിനിമയ്‌ക്കും വലിയ നഷ്‌ടമാണ്.
2011 മുതലാണ് മലയാള ചലച്ചിത്രരംഗത്ത് ഹരീഷ് പേങ്ങന്‍ സജീവമാകുന്നത്. 2011ല്‍ പുറത്തിറങ്ങിയ 'നോട്ട് ഔട്ട്' ആണ് ഹരീഷ് പേങ്ങന്‍റെ ആദ്യ ചിത്രം. കൂടാതെ മഹേഷിന്‍റെ പ്രതികാരം, ഷഫീക്കിന്‍റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളില്‍ താരം ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു. ഗണേഷ് രാജ് സംവിധാനം ചെയ്‌ത 'പൂക്കാല'മാണ് ഹരീഷ് പേങ്ങന്‍ ഒടുവിലായി അഭിനയിച്ച ചിത്രം.
'മഹേഷിന്‍റെ പ്രതികാരമാണ് തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് അടുത്തിടെ ഹരീഷ് പേങ്ങന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'മഹേഷിന്‍റെ പ്രതികാര'ത്തിന് പിന്നാലെയാണ് തന്നെ തേടി നിരവധി അവസരങ്ങള്‍ വന്നതെന്നും ഹരീഷ് പേങ്ങന്‍ വ്യക്തമാക്കി.
എന്നെ ഞാനാക്കി മാറ്റിയത് ആ സിനിമയാണ്. ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബെന്നിയൊക്കെ സിനിമയില്‍ നമുക്ക് ഒരു പാട് അവസരങ്ങള്‍ വാങ്ങിച്ച് തന്നിട്ടുണ്ട്- ഹരീഷ് പേങ്ങന്‍റെ വാക്കുകൾ. ആടിത്തീർക്കാന്‍ ഇനിയും എത്രയോ വേഷങ്ങൾ ബാക്കിയാക്കിയാണ് ഹരീഷ് പേങ്ങന്‍റെ പൊടുന്നനെയുള്ള മടക്കം.
അടുത്തകാലത്തായി മലയാള സിനിമയ്‌ക്ക് നികത്താനാവാത്ത വിടവുകൾ ബാക്കിയാക്കി നിരവധി താരങ്ങളാണ് കടന്നുപോയത്. ഇന്നസെന്‍റ്, മാമുക്കോയ എന്നിവർ അതിലേറ്റവും ഒടുവിലെ പേരുകളാണ്. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്‍റ് മാർച്ച് 26-നാണ് വിട പറഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ആയിരുന്നു മരണ കാരണം. മലയാള സിനിമയിൽ ചിരി പടർത്തിയ നടൻ മാമുക്കോയ തന്‍റെ 77-ാം വയസിലാണ് അരങ്ങൊഴിഞ്ഞത്. അർബുദബാധയെ അതിജീവിച്ച് സിനിമയിൽ വീണ്ടും സജീവമായ അദ്ദേഹം ഏപ്രില്‍ 26നാണ് വിടവാങ്ങിയത്.
ALSO READ: അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ക്കൊപ്പം അന്ത്യ വിശ്രമം കൊള്ളുന്ന ഇന്നസെന്‍റ്