വാഷിങ്ടണ്‍ : ഫ്രഞ്ച് വൈനറി, ചാറ്റോ മിറാവലിനെ ചൊല്ലി ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ നാളുകളായി തുടരുകയാണ്. ഇരുവരുടേയും സംയുക്‌ത സംരംഭമായ മിറാവൽ വൈനിനെച്ചൊല്ലിയുള്ള തർക്കം ഇപ്പോൾ കൂടുതൽ രൂക്ഷമാകുന്നു എന്നാണ് റിപ്പോർട്ടുകൾ. ആഞ്ജലീനയുടെ മുൻ കമ്പനിയായ നൗവൽ ഇപ്പോൾ ബ്രാഡ് പിറ്റിനെതിരെ 250 മില്യൺ ഡോളറിന്‍റെ കേസ് ഫയൽ ചെയ്തു എന്ന വാർത്തകളാണ് ഏറ്റവും പുറത്തുവരുന്നത്.
ഇരുവർക്കും തുല്യ പങ്കാളിത്തമുള്ള കമ്പനിയിൽ നിന്ന് ബ്രാഡ് പിറ്റ് തന്‍റെയും കൂട്ടുകാരുടേയും ഉടമസ്ഥതയിലുള്ള ബിസിനസുകളിലേക്ക് സ്വത്തുക്കൾ രഹസ്യമായി കൈമാറിയെന്നും കമ്പനിയുടെ വരുമാനത്തിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളറുകൾ ആഡംബര പ്രോജക്‌ടുകൾക്കായി രഹസ്യമായി ചെലവഴിച്ചുവെന്നും കേസിൽ അവകാശപ്പെടുന്നു.
സ്വിമ്മിംഗ് പൂൾ നവീകരണത്തിനായി ഒരു മില്യണിലധികം ഡോളർ ഉൾപ്പടെ വാനിറ്റി പ്രോജക്റ്റുകൾക്കായി ദശലക്ഷക്കണക്കിന് ചെലവഴിച്ച് പിറ്റ് കമ്പനിയുടെ ആസ്‌തികൾ പാഴാക്കി. പിറ്റിന്‍റെ നിർദ്ദേശപ്രകാരം ചാറ്റോവിലെ ഒരു ഗോവണി നാലുതവണ പുനർനിർമിച്ചു. 2016ൽ മോചനത്തിന് അപേക്ഷ നൽകിയത് മുതൽ ബ്രാഡ് പിറ്റ് ആഞ്ജലീനക്കെതിരെ പ്രതികാര യുദ്ധം നടത്തുന്നു എന്നും കേസിൽ പറയുന്നു.
വർഷങ്ങളായുള്ള നിയമ പോരാട്ടം : 2008-ൽ ആണ് ആഞ്ജലീന ബ്രാഡ് പിറ്റ് ദമ്പതികൾ 25 ദശലക്ഷം യൂറോയ്‌ക്ക് ചാറ്റോ മിറാവൽ വാങ്ങിയത്. 1800 ഏക്കറുള്ള ഈ എസ്റ്റേറ്റിലായിരുന്നു ഇവരുടേയും വിവാഹം നടന്നത്. എന്നാൽ 2016ൽ ഇരുവരും വിവാഹ മോചിതരായി. ശേഷം മക്കൾക്ക് വേണ്ടിയുള്ള നിയമ പോരാട്ടവും, ചാറ്റോ മിറാവൽ, കോറൻസിലെ മുന്തിരിത്തോട്ടം എന്നിവയുടെ ഉടമസ്ഥതയെച്ചൊല്ലിയുള്ള തർക്കവും തുടർന്നുകൊണ്ടിരുന്നു.
ഇതിനിടെ മിറാവൽ വൈനിൽ ആഞ്ജലീനക്കുണ്ടായിരുന്ന ഓഹരിയുടെ ഒരു ഭാഗം തന്‍റെ അനുവാദമില്ലാതെ മറ്റൊരു കമ്പനിക്ക് വിറ്റതിലൂടെ ബിസിനസിന്‍റെ പ്രശസ്‌തി നശിപ്പിച്ചുവെന്ന് ആരോപിച്ച് ബ്രാഡ് പിറ്റ് അടുത്തിടെ കേസ് ഫയൽ ചെയ്‌തിരുന്നു. മിറാവൽ ബിസിനസിന്‍റെ വിജയത്തിന് ആഞ്ജലീന ഒന്നും സംഭാവന ചെയ്‌തിട്ടില്ലെന്നും ഓഹരികൾ വിറ്റുകൊണ്ട് തന്നെ ബോധപൂർവം ദ്രോഹിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ബ്രാഡ് പിറ്റ് ആരോപിച്ചിരുന്നു.
READ MORE: ഓഹരികൾ വിറ്റ് വൈൻ കമ്പനിയുടെ പ്രശസ്‌തി നശിപ്പിച്ചു; ആഞ്ജലീന ജോളിക്കെതിരെ ആരോപണവുമായി ബ്രാഡ് പിറ്റ്
ഓഹരികൾ വാങ്ങിയ ഫ്രഞ്ച് ഗ്രൂപ്പായ ടെനുട്ട് ഡെൽ മോണ്ടോയ്ക്ക് ആഞ്ജലീന തന്‍റെ ഓഹരികൾ വിൽക്കാൻ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നുവെന്ന് ബ്രാഡ് പിറ്റിന്‍റെ അഭിഭാഷകർ വ്യക്‌തമാക്കിയിരുന്നു. കൂടാതെ ടെനുട്ട് ഡെൽ മോണ്ടോയെ നിയന്ത്രിക്കുന്ന റഷ്യൻ ശതകോടീശ്വരൻ യൂറി ഷെഫ്‌ലർ തന്‍റെ ബിസ്‌നസ് നേട്ടങ്ങൾക്കായി മിറാവലിന്‍റെ പല വിവരങ്ങളും കൈവശം വെയ്‌ക്കുന്നതായും ബ്രാഡ് പിറ്റിന്‍റെ അഭിഭാഷകർ അവകാശപ്പെട്ടു.
സംഭവത്തിൽ വിചാരണ നടത്തണമെന്നും ആഞ്ജലീനയുടെ വിൽപ്പന അസാധുവായി പ്രഖ്യാപിക്കണമെന്നും ബ്രാഡ് പിറ്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇതിനെതിരെ ഒരു കൗണ്ടർ കേസ് ആയാണ് ആഞ്ജലീന പുതിയ പരാതി നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. 300 മില്യണ്‍ ഡോളറാണ് പിറ്റിന്‍റെ മൂല്യം. 120 മില്യൻ യൂറോയാണ് ആഞ്ജലീന ജോളിയുടെ ആസ്‌തി.