കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. കമ്മ്യൂണിസ്റ്റുകാരെ മാത്രം ജയിപ്പിച്ച മണ്ഡലമാണ് തലശേരി. വി.ആർ കൃഷ്ണയ്യർ, പാട്യം ഗോപാലൻ, എൻഇ ബലറാം, എംവി രാജഗോപാലൻ, ഇ.കെ നായനാർ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ നിയമസഭയിലെത്തിയത് തലശ്ശേരിയെ പ്രതിനിധീകരിച്ചാണ്. വടകര ലോക്‌സഭാ മണ്ഡലത്തിൽപ്പെടുന്ന കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലമാണ് തലശ്ശേരി.
മണ്ഡലത്തിന്‍റെ ചരിത്രം
കേരളത്തിന്‍റെ ആദ്യ ആഭ്യന്തര മന്ത്രി വിആർ കൃഷ്ണയ്യരായിരുന്നു തലശ്ശേരിയുടെ ആദ്യ എംഎൽഎ. 1957ലും 1960ലും വി.ആർ. കൃഷ്ണയ്യർ, 1967ൽ കെ.പി.ആർ. ഗോപാലൻ എന്നീ പ്രമുഖർ തലശേരിയിൽ നിന്നും വിജയിച്ചിട്ടുണ്ട്. പാട്യം ഗോപാലൻ മുതൽ ഇ.കെ. നായനാർ വരെയുളള പ്രമുഖരായ ഇടതുപക്ഷ നേതാക്കൾ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ അഞ്ചു തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1982, 1987, 2001, 2006, 2011 വർഷങ്ങളിലാണ് കോടിയേരി തലശേരിയെ പ്രതിനിധീകരിച്ചത്. വിജയം പലപ്പോഴും ഏകപക്ഷീയമായിരുന്നു. നിലവിൽ എ.എൻ ഷംസീറാണ് തലശ്ശേരി എംഎൽഎ.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ് തലശ്ശേരി നഗരസഭയും ധർമ്മടം, എരഞ്ഞോളി, കതിരൂർ ഗ്രാമപഞ്ചായത്തുകളും, ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 1-5, 11, 12 എന്നീ വാർഡുകളും ഉൾപ്പെട്ടതായിരുന്നു തലശ്ശേരി നിയമസഭാമണ്ഡലം.
പുനർ നിർണയത്തിന് ശേഷം തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് തലശ്ശേരി നിയമസഭാമണ്ഡലം. 2019 ലെ വോട്ടർ പട്ടിക പ്രകാരം 168406 വോട്ടർമാരാണുള്ളത്. 77692 പുരുഷൻമാരും 90714 സ്‌ത്രീ വോട്ടർമാരുമാണ് ഈ നിയോജകമണ്ഡലത്തിലുളളത്.
നിയമസഭ തെരഞ്ഞെടുപ്പ് 2011
സിറ്റിങ് എംഎൽഎയും വിഎസ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു സ്ഥാനാർഥി. 26,509 വോട്ടുകൾക്ക് കോൺഗ്രസിന്‍റെ യുവസ്ഥാനാർഥി റിജിൽ മാക്കുറ്റിയെ തോൽപിച്ചു. 117763 പേർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ കോടിയേരി ബാലകൃഷ്ണന് 66870 (56.78%) വോട്ടും റിജിൽമാക്കുറ്റിക്ക് 40361(34.27%) വോട്ടും ബിജെപി സ്ഥാനാർഥി വി.രത്‌നാകരൻ 6973 (5.92%) വോട്ടും നേടി.
നിയമസഭ തെരഞ്ഞെടുപ്പ് 2016
തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎ കോടിയേരി പാർട്ടി സെക്രട്ടറിയായതോടെ തലശ്ശേരിയെ പ്രതിനിധികരിക്കാൻ അന്നത്തെ ഡിവൈഎഫ്ഐ നേതാവ് ഷംസീറിന് നറുക്ക് വീഴുകയായിരുന്നു. 132152 പേർ വോട്ടുകൾ രേഖപെടുത്തിയ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി എഎൻ ഷംസീർ 70741(53.53%) വോട്ടും കോൺഗ്രസ് സ്ഥാനാർഥി എ.പി അബ്‌ദുള്ളക്കുട്ടിക്ക് 36,624(27.61%)വോട്ടും, ബിജെപി സ്ഥാനാർഥി വി.കെ സജീവന് 22125(16.74%) വോട്ടും ലഭിച്ചു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
നിയോജക മണ്ഡലത്തിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലും എൽഡിഎഫാണ് ഭരിക്കുന്നത്.
തലശ്ശേരി നഗരസഭ - എൽഡിഎഫ്
ചൊക്ലി ഗ്രാമപഞ്ചായത്ത് - എൽഡിഎഫ്
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് -എൽഡിഎഫ്
കതിരൂർ ഗ്രാമപഞ്ചായത്ത് - എൽഡിഎഫ്
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് - എൽഡിഎഫ്
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് - എൽഡിഎഫ്
നിയമസഭ തെരഞ്ഞെടുപ്പ് 2021 സ്ഥാനാർഥി പ്രതീക്ഷ
സിറ്റിങ് എംഎൽഎ എ എൻ ഷംസീർ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാർഥി. എന്നാൽ ഭാര്യയുടെ നിയമന വിവാദങ്ങൾ ഷംസീറിന് എതിരെ പ്രതിപക്ഷം ആയുധമാക്കാനുളള സാധ്യത കൂടി കണക്കിലെടുത്താകും എൽഡിഎഫിന്‍റെ തീരുമാനം. കോൺഗ്രസിൽ യുവനേതാകളെയും മുതിർന്ന നേതാവ് രാധാകൃഷ്ണൻ മാഷിനെയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്‌ദുള്ളകുട്ടിയോ വികെ സജീവനോ ആയിരിക്കും ബിജെപി സ്ഥാനാർഥി. മണ്ഡലത്തിൽ തരക്കേടില്ലാത്ത സ്വാധീനം ഉണ്ടാക്കാൻ ബിജെപിക്ക് ആയിട്ടുണ്ട്.