കോഴിക്കോട്: കോണ്‍ഗ്രസ് വിടുന്ന കാര്യം ആലോചിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു. കോണ്‍ഗ്രസിന്‍റെ പ്രസക്തി നഷ്ടപ്പെട്ടെന്നും പാര്‍ട്ടിയെ ദേശീയ തലത്തില്‍ നയിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും സുരേഷ് ബാബു കുറ്റപ്പെടുത്തി.
ഇനിമുതല്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. സഹകരിപ്പിക്കാന്‍ എല്‍ഡിഎഫ് തയ്യാറായാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും സുരേഷ് ബാബു പറഞ്ഞു. നേരത്തേ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന ദേശീയ നേതാവ് പിസി ചാക്കോയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു. കെപിസിസി ഉപാധ്യക്ഷ കെസി റോസക്കുട്ടിയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടിരുന്നു.
സുരേഷ് ബാബു കൂടി പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത് മലബാറില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരേഷ് ബാബു വടകര കാര്‍ത്തികപ്പള്ളി സ്വദേശിയാണ്. നാദാപുരം അസംബ്ലി മണ്ഡലത്തിലും, വടകര പാർലെന്‍ററി മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.