ദിസ്പുര്‍: അസം രണ്ടാം ഘട്ട തെരഞ്ഞടുപ്പ് പുരോഗമിക്കുന്നു. രാവിലെ 11.30 ആയപ്പോഴേക്കും 13 ജില്ലകളിലെ 39 മണ്ഡലങ്ങളില്‍ നിന്നായി 22.85 ശതമാനം പോളിങ് രേഖപ്പെടുത്തി. റാൻജിയ മണ്ഡലത്തിലാണ് നിലവില്‍ ഏറ്റനും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 35.58 ശതമാനമാണ് രാവിലെ 11.18 മണി വരെ രേഖപ്പെടുത്തിയ പോളിങ്. ഏറ്റവും കുറവ് വോട്ടിങ് രേഖപ്പെടുത്തിയത് ലുംഡിങ് മണ്ഡലത്തിലാണ്. 8.67 ശതമാനം. വോട്ടിങ് യന്ത്രത്തിലെ തകരാറുകള്‍ കാരണം സിൽചാറിലെയും നാഗോണിലെയും പോളിങ് സ്റ്റേഷനുകളില്‍ നേരിയ തടസങ്ങള്‍ നേരിട്ടിരുന്നു.
പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 73.44 ലക്ഷത്തിലധികം വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുന്നത്. ഇവരിൽ 37,34,537 പേർ പുരുഷ വോട്ടർമാരും 36,09,959 പേർ സ്ത്രീ വോട്ടർമാരുമാണ്. 135 മൂന്നാം ലിംഗ വോട്ടർമാരും ഇതില്‍ ഉള്‍പ്പെടുന്നു. 8,998 പോളിഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. അതിൽ 556 എണ്ണം എല്ലാ വനിതാ പോളിങ് സ്റ്റേഷനുകളാണ്. 13 ജില്ലകളിലെ 39 നിയോജകമണ്ഡലങ്ങളിലായി ആകെ 345 സ്ഥാനാർഥികളാണ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്നത്. മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് ഏപ്രിൽ 6 ന് നടക്കും. വോട്ടെണ്ണൽ മെയ് 2ന്.
ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് പ്രസിഡന്‍റ് ബദ്രുദ്ദീൻ അജ്മൽ ഹോജായിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്തു. വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം ബിജെപിയോട് രാജ്യത്ത് താമസിക്കുന്ന അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരുടെ രേഖ കാണിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം നാഗാവോണ്‍ മണ്ഡലത്തില്‍ വോട്ട് ചെയ്ത മുൻ റെയിൽവേ സഹമന്ത്രി രാജെൻ ഗോഹെയ്ൻ, അസമില്‍ 75ലധികം സീറ്റുകൾ നേടി ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് അലകാശപ്പെട്ടു.