ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): റോഡില്‍ വാഹനം തടഞ്ഞ് പണം ചോദിക്കും, നല്‍കിയില്ലെങ്കില്‍ വാഹനത്തിന്‍റെ താക്കോല്‍ കൈക്കലാക്കും, പിന്നീട് ഭീഷണിപ്പെടുത്തും. ഒടുവില്‍ തട്ടിപ്പു സംഘത്തെ കൈയോടെ പൊക്കി പൊലീസ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. ജില്ലയുടെ പല ഭാഗത്തുനിന്നായി 18 സ്ത്രീകളെയാണ് അറസ്റ്റ് ചെയ്‌തത്. പണം തട്ടാനായി ഗുജറാത്തില്‍ നിന്നെത്തിയ സംഘമാണ് ഇവരെന്നും 32 പേരാണ് സംഘത്തിലുള്ളതെന്നും പൊലീസ് പറഞ്ഞു. ഗുണ്ടൂരിലെ ലോഡ്‌ജില്‍ താമസിച്ചാണ് സംഘം തട്ടിപ്പു നടത്തുന്നത്. ഇരുചക്ര വാഹനങ്ങളിലെത്തുന്ന യാത്രക്കാരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
വാഹനത്തിന് കൈകാണിച്ച് നിര്‍ത്തി, പ്രകൃതി ക്ഷോഭത്തില്‍ തങ്ങളുടെ ഗ്രാമം തകര്‍ന്നെന്നും കുട്ടികളെ സംരക്ഷിക്കാനായാണ് തങ്ങള്‍ പണം പിരിക്കുന്നതെന്നും കാണിച്ച് ലഖുലേഖ വിതരണം ചെയ്‌താണ് സംഘം പണം തട്ടുന്നത്. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ താക്കോല്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്യും. തട്ടിപ്പിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിലടക്കം വൈറലായിട്ടുണ്ട്. സൈതേജ റെഡി എന്ന ബൈക്ക് യാത്രക്കാരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.