പാലക്കാട്: കൊല്ലങ്കോട് ചോറക്കോടിനു സമീപം സ്ത്രീയെ കഴുത്തറുത്ത് കൊന്നു. മുതലമട വടക്കേ കോളനിയില്‍ ജാന്‍ബീവി(40) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച രാവിലെ 6.30നാണ് നാട്ടുകാര്‍ ജാൻബീവിയുടെ മൃതദേഹം റോഡരികില്‍ കണ്ടത്. വെട്ടുകത്തി കൊണ്ട് പലതവണ കഴുത്തില്‍ വെട്ടിയ പാടുകളുണ്ട്. കഴുത്തിന്‍റെ ഭൂരിഭാഗവും അറ്റുപോയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് സമീപത്തുനിന്ന് കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തിയും മദ്യക്കുപ്പിയും കണ്ടെത്തി. ഇവരുടെ ഭര്‍ത്താവ് പല്ലശന അണ്ണാക്കോട് സ്വദേശി അയ്യപ്പന്‍ എന്ന ബഷീറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ജാന്‍ബീവിയും ഭര്‍ത്താവും തോട്ടം വൃത്തിയാക്കുന്ന ജോലി ചെയ്യുന്നവരാണ്. നാടോടികളെ പോലെ അലഞ്ഞ് നടക്കുന്ന ഇവര്‍ക്ക് സ്ഥിരമായ താമസ സ്ഥലമില്ല. ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് റോഡരികില്‍ താമസിക്കുന്നതാണ് ഇവരുടെ രീതി. വെള്ളിയാഴ്‌ച വൈകിട്ട് മുതല്‍ ഇരുവരും റോഡില്‍ പലയിടത്തായി വഴക്കിട്ട് നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം.
കൊലപാതക സ്ഥലത്ത് പാലക്കാട് സൗത്ത് പൊലീസ് വിശദ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി. പരേതരായ ബാബു, സാറാമ്മ ദമ്പതികളുടെ മകളാണ് ജാൻബീവി. മകൾ: നിധിഷ. മരുമകൻ: റിയാസ്.