മുംബൈ: ആത്മഹത്യപ്രേരണക്കുറ്റം ആരോപിച്ച് മുംബൈയില്‍ നാല്‍പ്പത്തി മൂന്നുകാരനില്‍ നിന്നും 7.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുംബൈയിലെ ചിഞ്ച്‌പോക്‌ലി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. ഡൽഹി സൈബർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരിലാണ് തട്ടിപ്പ് സംഘം ഇയാളെ ബന്ധപ്പെട്ടത്.
തട്ടിപ്പിനിരയായ യുവാവ് അടുത്തിടെ ഒരു സ്‌ത്രീയുമായി വീഡിയോ ചാറ്റിൽ ഏർപ്പെട്ടിരുന്നു. വീഡിയോ സംഭാഷണത്തിനിടെ കോളിലെത്തിയ സ്‌ത്രീ ധരിച്ചിരുന്ന വസ്‌ത്രം അഴിച്ചുമാറ്റി. ഇതിന് പിന്നാലെയാണ് യുവാവിന് ഡല്‍ഹി സൈബര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അരുൺ സക്‌സേന എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
യുവാവിനെ ഫോണ്‍ വഴി ബന്ധപ്പെട്ട തട്ടിപ്പ് സംഘം താൻ ചാറ്റ് ചെയ്‌ത സ്‌ത്രീയുടെ അശ്ലീല വീഡിയോകൾ പ്രചരിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്‌തുവെന്ന് അറിയിച്ചു. പിന്നാലെ ഇവര്‍ യുവാവിനെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. ജൂലൈ 15, 18 തിയതികളിലാണ് സംഭവമെന്നും അന്വേഷണസംഘം അറിയിച്ചു.
വിവിധ വെബ്‌സൈറ്റുകളില്‍ നിന്നും യുവതിയുടെ വീഡിയോ നീക്കം ചെയ്യുന്നതിന് 2.53 ലക്ഷം രൂപയും കുടുംബത്തിന് നഷ്‌ടപരിഹാരമായി 5 ലക്ഷം രൂപയുമാണ് യുവാവ് കൈമാറിയത്. തട്ടിപ്പ് സംഘം കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയതില്‍ സംശയിച്ചാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.