പിലിഭിത് (ഉത്തര്‍പ്രദേശ്) : അത്താഴത്തിന് നല്‍കിയ ഭക്ഷണത്തില്‍ തലമുടി കണ്ടെത്തിയതിന് ഭാര്യയെ മൊട്ടയടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് പിലിഭിത് ജില്ലയിലെ മിലാക് ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീധന നിരോധന നിയമം ഉള്‍പ്പടെ ചുമത്തി ഭര്‍ത്താവ്, ഭര്‍തൃമാതാവ്. ഭര്‍തൃസഹോദരന്‍ എന്നിവര്‍ക്കെതിരെ ഗജ്‌റൗള പൊലീസ് കേസെടുത്തു.
വെള്ളിയാഴ്‌ച (ഡിസംബര്‍ 09) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. അത്താഴം പാകം ചെയ്യുന്നതിനിടെ പരാതിക്കാരിയായ യുവതി ഭര്‍ത്താവിന് കഴിക്കാന്‍ ആഹാരം നല്‍കിയിരുന്നു. ഇതില്‍ മുടി കണ്ടെത്തിയതിന് പിന്നാലെ ക്ഷുഭിതനായ ഭര്‍ത്താവ് സഹീറുദ്ദീനും,മാതാവ് സുലേഖ ഖാത്തൂനും, സഹോദരന്‍ സമീറുദ്ദീനും ചേര്‍ന്ന് മര്‍ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി.
7 വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞതെന്നും അന്ന് മുതല്‍ തന്നെ ഭര്‍ത്താവ് 15 ലക്ഷം രൂപ സ്‌ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുണ്ടെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. സഹീറുദ്ദീന്‍, സമീറുദ്ദീന്‍, സുലേഖ ഖാത്തൂൻ എന്നിവര്‍ക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.