ഹൈദരാബാദ് : പണത്തിനായി രണ്ട് നവജാതശിശുക്കളെ മാതാപിതാക്കള്‍ വിറ്റു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലും ആന്ധ്രാപ്രദേശിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലുമാണ് സംഭവം. ഒരു കുഞ്ഞിനെ അന്വേഷണസംഘം കണ്ടെത്തി.
നിസാമാബാദില്‍ മാതാപിതാക്കള്‍ കുഞ്ഞിനെ 20,000 രൂപയ്ക്ക് ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരാണ് വിവരം ആദ്യം അറിഞ്ഞത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് കൈമാറിയതെന്ന് മാതാപിതാക്കള്‍ സമ്മതിക്കുകയായിരുന്നു.
അന്വേഷണസംഘം ഇവരുടെ ആണ്‍കുഞ്ഞിനെ തിരികെ നിസാമാബാദ് ജില്ല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡച്ച്‌പള്ളി പൊലീസിനാണ് അന്വേഷണ ചുമതല. ഭദ്രാദ്രിയില്‍ ഭാര്യയെ കബളിപ്പിച്ച് ഭര്‍ത്താവ് ഡോക്‌ടര്‍മാരുടെ സഹായത്തോടെ നവജാതശിശുവിനെ വിശാഖപട്ടണം സ്വദേശികള്‍ക്ക് വില്‍ക്കുകയായിരുന്നു.
Also read: മകളെ പീഡിപ്പിച്ചയാളെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു; പിതാവും ബന്ധുവും അറസ്റ്റില്‍
രണ്ട് ലക്ഷം രൂപയ്‌ക്കാണ് ഇയാള്‍ കുഞ്ഞിനെ കൈമാറിയത്. ഇയാളുടെ മാതാവിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അങ്കണവാടി അധ്യാപിക നല്‍കിയ പരാതിയിലാണ് കുട്ടിയെ വിറ്റ വിവരം പുറത്തറിയുന്നത്.
സംഭവത്തില്‍ അശ്വാരപ്പേട്ട പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ എത്രയും വേഗം കണ്ടെത്തി തിരികെ അമ്മയില്‍ ഏല്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.