മലപ്പുറം : അനധികൃത മദ്യ വില്‍പനയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ പൊലീസുകാര്‍ക്ക് നേരെ അക്രമം. എടവണ്ണ പോലീസ് സ്റ്റേഷനിലെ എസ് ഐ ശുഹൈബിന് പരിക്കേറ്റു. സംഭവത്തില്‍ തിരുവാലി സ്വദേശി ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അനധികൃത മദ്യ വില്പനയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ് ഐ ശുഹൈബ് ഉൾപ്പടെയുള്ള പോലീസ് സംഘം പരിശോധനയ്ക്കായി തിരുവാലിൽ എത്തിയത്. ഇയാള്‍ വീട്ടില്‍ മദ്യവില്‍പന നടത്തുന്നുവെന്നായിരുന്നു വിവരം. മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ പരിശോധിക്കവെ മാരകായുധങ്ങളുമായെത്തിയ സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
മർദ്ദനമേറ്റ എസ്ഐ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. മദ്യ വില്‍പന നടത്തിയതിന് ബിനോയ് മുമ്പും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. കൂടാതെ എടവണ്ണ, വണ്ടൂർ, മഞ്ചേരി എന്നീ പൊലീസ് സ്റ്റേഷനുകളിലും കാളികാവ് എക്സൈസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
വധശ്രമം, തടഞ്ഞുവയ്ക്കൽ, കൈകൊണ്ട് അടിക്കൽ, വടി കൊണ്ട് അടിക്കൽ, സർക്കാർ ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തൽ, ജോലി തടസമുണ്ടാക്കി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.