ഹൈദരാബാദ്: ബിജെപി നേതാവും ചലച്ചിത്ര നടിയുമായ സോണാലി ഫോഗട്ടിന്‍റെ കൊലപാതകത്തിലുള്‍പ്പെട്ട മയക്കുമരുന്ന് വില്‍പനക്കാരെല്ലാം ഗോവയില്‍ നിന്നുള്ളവരാണെന്ന് ഹൈദരാബാദ് പൊലീസ്. പ്രദേശത്തെ മയക്കുമരുന്ന് വില്‍പനക്കാരോട് നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ ഗോവയില്‍ നിന്നുള്ളവരാണെന്ന് മനസിലായെന്നും, എന്നാല്‍ മുഖ്യ പ്രതിയെ പിടികൂടാനായിട്ടില്ലെന്നും ഹൈദരാബാദ് പൊലീസ് കമ്മിഷണർ സിവി ആനന്ദ് അറിയിച്ചു.
പ്രദേശത്തെ എല്ലാ മയക്കുമരുന്ന് ഉപഭോക്താക്കളുമായി നടത്തിയ അന്വേഷണത്തിൽ വില്‍പനക്കാര്‍ പ്രിതീഷ് നാരായണും, അഡ്വിനുമാണെന്നും ഇരുവരും ഗോവയിൽ നിന്നുള്ളവരാണെന്നും മനസിലായി" എന്ന് കമ്മിഷണർ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തങ്ങളുടെ സംഘം ഗോവയിൽ പോയി പ്രിതീഷിനെ പിടികൂടി. എന്നാല്‍ അഡ്വിനെ അറസ്‌റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സോണാലി ഫോഗട്ട് കേസിന്‍റെ സമയത്തുതന്നെ പ്രതികളിൽ ഒരാള്‍ അഡ്വിനാണെന്ന് ഗോവ പൊലീസ് കണ്ടെത്തിയിരുന്നെന്നും ഇതില്‍ ഉൾപ്പെട്ട ലഹരിമരുന്ന് വില്‍പനക്കാരെല്ലാം ഗോവയിൽ നിന്നുള്ളവരാണെന്ന് വിവരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസില്‍ ഗോവ പൊലീസുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അവര്‍ സഹകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കൊലപാതകക്കേസില്‍ അറസ്‌റ്റിലായ ഫോഗട്ടിന്‍റെ സഹായി സുഖ്‌വീന്ദർ സിങ്, പിഎ സുധീർ സാഗ്‌വാന്‍ എന്നിവരെ കഴിഞ്ഞ ശനിയാഴ്‌ച (27.08.2022) ഗോവയിലെ മപുസ ടൗണിലെ കോടതി പത്ത് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ വിട്ടിരുന്നു. പ്രതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയെന്നാരോപിച്ച് നോർത്ത് ഗോവ റെസ്‌റ്റോറന്‍റ് ഉടമയെയും, ഇടപാടുകാരനെയും അന്നേ ദിവസം തന്നെ കസ്‌റ്റഡിയിലെടുത്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. അഞ്‌ജുനയിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയതിനെ തുടർന്നാണ് ഇവരെ കസ്‌റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 23 ന് രാവിലെ നോർത്ത് ഗോവയിലെ അഞ്‌ജുനയിലുള്ള സെന്‍റ് ആന്‍റണി ഹോസ്‌പിറ്റലില്‍ വച്ചാണ് ബിജെപി നേതാവും, ജനപ്രിയ ടിക് ടോക്ക് താരം കൂടിയായ സോണാലി ഫോഗട്ട് (42) മരിക്കുന്നത്. മരിക്കുന്നതിന്‍റെ മുന്‍ദിവസം ഹരിയാനയിൽ നിന്ന് ഗോവയിലേക്ക് തിരിച്ച സോണാലിക്കൊപ്പം സുഖ്‌വീന്ദറും, സുധീറുമുണ്ടായിരുന്നുവെന്നും കുർലീസ് റെസ്‌റ്റോറന്‍റിലെ നിശാപാര്‍ട്ടി നടത്തുന്നതിനിടെ ഇവര്‍ സോണാലിയുടെ പാനീയത്തില്‍ വിഷാംശം കലർത്തി കുടിക്കാൻ നിർബന്ധിച്ചതായും പൊലീസ് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് കസ്‌റ്റഡിയിലെടുക്കുന്നതും തുടര്‍ന്ന് അറസ്‌റ്റ് രേഖപ്പെടുത്തുന്നതും.