തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മയെ തെളിവെടുപ്പിന് എത്തിച്ചു. തമിഴ്‌നാട് രാമവർമ്മൻചിറയിലെ ഗ്രീഷ്‌മയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിന്‍റെ ദൃശ്യങ്ങൾ പൂർണ്ണമായും റെക്കോർഡ് ചെയ്യണമെന്ന് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമുണ്ട്.
ഗ്രീഷ്‌മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ ഒരുങ്ങുന്നതിനിടെ ഇന്നലെ സീല്‍ ചെയ്‌ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയിരുന്നു. തെളിവുകൾ നശിപ്പിച്ചോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസിന് സംശയമുണ്ട്. തമിഴ്‌നാട് പൊലീസിനാണ് ഈ കേസില്‍ അന്വേഷണചുമതല.
കഴിഞ്ഞ ദിവസം ഗ്രീഷ്‌മയുടെ അമ്മയും അമ്മാവനുമൊത്ത് തെളിവെടുപ്പ് നടന്നതിന് ശേഷമാണ് വീട് പൂട്ടി സീൽ വെച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം ഗ്രീഷ്‌മയെ ചോദ്യം ചെയ്‌തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്‌തതെന്ന് ഗ്രീഷ്‌മ ചോദ്യം ചെയ്യലിൽ പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്‌മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു.