കോഴിക്കോട് : കുന്ദമംഗലത്ത് 30 ലക്ഷത്തിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. കുന്ദമംഗലം എസ്ഐ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം പിടിച്ചെടുത്തത്. കള്ളപ്പണം കടത്തുകയായിരുന്ന വട്ടോളി സ്വദേശി ഫിജിൽ സലീം (24) സഞ്ചരിച്ച സ്‌കൂട്ടർ കുന്ദമംഗലം എംഎൽഎ റോഡില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.
പരിക്കേറ്റ ഫിജിൽ സലീം ആശുപത്രിയിലേയ്ക്ക് പോകാൻ വിസമ്മതിച്ചത് നാട്ടുകാരില്‍ സംശയം ഉളവാക്കി. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപയുടെ കള്ളപ്പണം പിടിച്ചെടുക്കുകയായിരുന്നു.
പണം പലർക്കായി വിതരണം ചെയ്യാൻ ഏൽപ്പിച്ചതാണെന്ന് ഫിജിൽ സലീം പൊലീസിനോട് വെളിപ്പെടുത്തി. ഇയാളെ പൊലീസ് മെഡിക്കൽ കോളജിൽ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.