പത്തനംതിട്ട: പ്രാർഥനയുടെ പേരിൽ പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ വൈദികനെ റിമാൻഡ് ചെയ്തു. കൂടൽ ഓർത്തഡോക്‌സ് വലിയപള്ളി വികാരി കൊടുമൺ ഐക്കാട് വടക്ക് കൃപാലയം വീട്ടിൽ പോൺസൺ ജോൺ (35) ആണ് റിമാൻഡിലായത്.
പെൺകുട്ടിക്ക് പ്രാർഥനയും കൗൺസിലിങ്ങിനും മറ്റുമായി കുട്ടിയുടെ അമ്മ പുരോഹിതനെ സമീപിച്ചിരുന്നു. തുടർന്ന് മാർച്ച് 12ന് വൈദികന്‍റെ കൂടലിലെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിച്ച പെൺകുട്ടിയെ ഇയാൾ കയറിപ്പിടിക്കുകയും, പിന്നാലെ മാർച്ച് 13 ന് കുട്ടിയുടെ വീട്ടിൽ വച്ച് ലൈംഗികാതിക്രമം കാട്ടുകയുമായിരുന്നു എന്നാണ് കേസ്.
ALSO READ: പ്രാര്‍ഥനക്കെത്തി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റില്‍
വനിത പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയനുസരിച്ച് ബുധനാഴ്‌ച പൊലീസ് ഇൻസ്‌പെക്‌ടർ എ.ആർ ലീലാമ്മ കുട്ടിയുടെ മൊഴിയെടുത്തു കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍റെ നിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പൊലീസ് ഇയാളെ കൊടുമണിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തനംതിട്ട ഡിവൈ.എസ്.പി കെ സജീവിന്‍റെ മേൽനോട്ടത്തിലായിരുന്നു തുടർ നടപടികൾ കൈക്കൊണ്ടത്.